ADVERTISEMENT

കാസർകോട് ∙ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വിളകൾ കരിഞ്ഞുണങ്ങി ജില്ലയിൽ ലക്ഷങ്ങളുടെ കൃഷിനാശം. ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കൊപ്പം ഇടിവെട്ടേറ്റതു പോലെ കൊടും വേനലെത്തിയതോടെ നടുവൊടിഞ്ഞു നിൽക്കുകയാണ് കർഷകർ. മഴക്കെടുതിയിൽ നിന്നു കരകയറാനാകാതെ വിഷമിക്കുമ്പോഴാണ് വരൾച്ച കൂടി വില്ലനായത്. പതിവുപോലെ കമുക് കർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം.

 

തെങ്ങ്,വാഴ,കുരുമുളക്, പച്ചക്കറി തുടങ്ങിയവയും ഉണങ്ങിക്കൊണ്ടിരിക്കുകയാണ്. ഭീമമായ നഷ്ടമുണ്ടായിട്ടും കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല. ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചാൽ മാത്രമേ സഹായം നൽകാൻ കഴിയൂ എന്നാണ് കൃഷിവകുപ്പ് പറയുന്നത്. എന്നാൽ അതിനുള്ള നീക്കമൊന്നും സർക്കാർ തുടങ്ങിയിട്ടില്ല.

 

മടിയിൽ ഒതുങ്ങില്ല

 

ഭേദപ്പെട്ട വില ലഭിക്കുമ്പോഴും ഉൽപാദനക്കുറവിൽ വലയുന്ന അടയ്ക്ക കർഷകരെ വരൾച്ചയും പരീക്ഷിക്കുകയാണ്.1.2 ഹെക്ടർ കമുക് ഉണങ്ങിയാതായാണ് കണക്ക്. കുലയ്ക്കാത്ത 200 കമുകുകളും ഉണങ്ങി നശിച്ചു.മഹാളിയുടെ നഷ്ടത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ആ തിരിച്ചടി. കഴിഞ്ഞ മഴക്കാലത്ത് പിടിമുറുക്കിയ മഹാളിയിൽ നാലിലൊന്ന് സ്ഥലത്തെ കമുക് കൃഷി നശിച്ചിരുന്നു. 

 

ഇതു കാരണം ഇപ്രാവശ്യം ഉത്പാദനം പകുതിയിൽ താഴെയായി ചുരുങ്ങി. ചൂട് ശക്തമായതിനാൽ 3 ദിവസത്തിലൊരിക്കലെങ്കിലും കമുകിൻ തോട്ടങ്ങൾ നനയ്ക്കണം.എന്നാൽ വെള്ളമില്ലാതെ 2 മാസത്തിലേറെയായി ഇതു മുടങ്ങിക്കിടക്കുകയാണ്. മഴ വൈകുന്തോറും നഷ്ടവും കൂടും.മഹാളിയെ തുടർന്നു പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഇതുവരെ ലഭിച്ചിട്ടുമില്ല.

 

തെങ്ങും ചതിച്ചു

 

വിലത്തകർച്ചയിൽ വിഷമിക്കുന്ന തേങ്ങ കർഷകർക്കുള്ള ഇരുട്ടടിയാണ് വരൾച്ച. 72 തെങ്ങുകൾ ഇതുവരെ ഉണങ്ങിയതായിട്ടാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ നഷ്ടം ഇതിനേക്കാൾ എത്രയോ ഇരട്ടിയാണ്. ഒരു തെങ്ങ് നട്ട് ഏഴുവർഷം പരിപാലിച്ചാലാണ് അതു കുലയ്ക്കുന്നത്. അപ്പോൾ ഇതിന്റെ നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ.

 

കൂമ്പൊടിഞ്ഞ് വാഴ കർഷകർ

 

വൻതുക ചെലവഴിച്ച് വാഴ കൃഷി തുടങ്ങിയവരാണ് ഏറെ പ്രതിസന്ധിയിലായത്. കുലയ്ക്കാറായ വാഴകൾ പലതും വെള്ളമില്ലാതെ ഉണങ്ങാൻ തുടങ്ങി. 2.6 ഹെക്ടർ വാഴ കൃഷിയാണ് നശിച്ചത്. കുലയ്ക്കാത്ത 520 വാഴകളും കരിഞ്ഞുണങ്ങി. 

 

കരിഞ്ഞ പൊന്ന്

 

കറുത്ത പൊന്ന് ഇപ്പോൾ പലയിടത്തും കരിഞ്ഞുകിടക്കുകയാണ്. വിലത്തകർച്ചയ്ക്കൊപ്പം ഉണങ്ങുകയും ചെയ്തതോടെ കുരുമുളക് കർഷകർക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. 320 കുരുമുളക് വള്ളികൾ നശിച്ചതായി കൃഷിവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.

 

ജാതിക്കൃഷിയും തകർച്ചയിൽ

 

ഇതിനു പുറമെ 7.6 ഹെക്ടർ പച്ചക്കറിയും 80 ജാതിമരവും വരൾച്ചമൂലം നശിച്ചു. പുഴകളും തോടുകളും കുളങ്ങളുമെല്ലാം വറ്റിയതിനാൽ തോട്ടങ്ങളൊന്നും നനയ്ക്കാൻ കഴിയാതെ കർഷകർ വിഷമിക്കുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് നനയ്ക്കാൻ കൂടി കഴിഞ്ഞില്ലെങ്കിൽ തോട്ടങ്ങളെല്ലാം നാമാവശേഷമാകും. മഴയ്ക്ക് മുൻപേ കാസർകോട് കർഷകരുടെ കണ്ണീർ മഴകൊണ്ട് നിറയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com