ADVERTISEMENT

കൽപറ്റ ∙ ഇഞ്ചിയുടെയും നേന്ത്രക്കായുടെയും വില ഉയരുമ്പോഴും കര്‍ഷകര്‍ക്ക് ഉപകാരമില്ല. ആവശ്യത്തിന് ഉൽപന്നമില്ലാത്ത സമയത്തെ വില വർധന ഉപഭോക്താവിന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. നീണ്ട ഇടവേളയ്ക്കു  ശേഷം ഇഞ്ചിയുടെയും  രണ്ടാഴ്ചയ്ക്കിടെ നേന്ത്രക്കായുടെയും വില മൂന്നിരട്ടിയോളമായിട്ടും ജില്ലയിലെ കർഷകരിൽ ആവശ്യത്തിന് ഉൽപന്നമില്ലാത്ത അവസ്ഥയാണ്.

 

ഇഞ്ചി വിളവെടുപ്പും അടുത്ത സീസണിലേക്കുള്ള വിത്ത് നടലും കഴിഞ്ഞ സമയത്താണ് വില വർധിക്കുന്നത്. 60 കിലോയുടെ ഒരു ചാക്ക് ഇഞ്ചിക്ക് ഇപ്പോൾ 6000 രൂപയുണ്ട്. വിളവെടുപ്പ് സമയത്ത് ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് വിലായിരുന്നത്. ഈ സമയത്ത് വില വർധിച്ചതിന്റെ ഗുണം ഇഞ്ചി പറിക്കാതെ നിൽക്കുന്നവർക്ക് മാത്രമാണ്. അതാകട്ടെ കർണാടക പോലുള്ളിടത്തെ വൻകിട കൃഷിക്കാർക്കാണ്.

 

ഉൽപാദനം കുറഞ്ഞതും ആവശ്യകത വർധിച്ചതുമാണ് ഇഞ്ചിയുടെ വിലവർധനയ്ക്ക് കാരണം. കഴിഞ്ഞ വർഷം ഈ സമയത്ത് ചാക്കിന് 1500 രൂപയിൽ താഴെയായിരുന്നു. ഇതുകാരണം പലരും കൃഷി കുറയ്ക്കുകയും നടത്താതിരിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഇഞ്ചി വിളവെടുക്കും. വിത്തിനുള്ളതും ഇതേ സമയത്ത് തന്നെ പറിച്ചുവെക്കും. ജില്ലയിലെ ചെറുകിട കർഷകർക്കൊന്നും ഇപ്പോഴത്തെ വിലവർധനയുടെ പ്രയോജനം ഉണ്ടാകില്ല.

 

ഇതേ അവസ്ഥയാണ് കർഷകർക്ക് നേന്ത്രക്കായയുടെ കാര്യത്തിലും രണ്ടാഴ്ച മുൻപ് വരെ കിലോയ്ക്ക് 17 രൂപയുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ 48–50 രൂപ വരെ ലഭിക്കുന്നുണ്ട്.തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നേന്ത്രക്കായ് ആയിരുന്നു ജില്ലയിലെത്തിച്ച് വിൽപന നടത്തിയിരുന്നത്.

 

തമിഴ്നാട്ടില്‍ ഉൽപന്നം തീർന്നതാണ് നേന്ത്രക്കായയ്ക്ക് ആവശ്യകതയും വിലയും വർധിക്കാൻ കാരണം. പ്രകൃതിക്ഷോഭത്തിൽ ജില്ലയിൽ വ്യാപകമായി വാഴക്കൃഷി നശിച്ചതിനെ തുടർന്ന് ഉൽപാദനം വളരെ കുറഞ്ഞിരിക്കുകയാണ്.ഈ സമയത്ത് വിളവെടുക്കാനുള്ളവർക്ക് മാത്രമാണ് വില വർധനയുടെ ആശ്വാസം ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com