ADVERTISEMENT

ആലപ്പുഴ ∙ മഴക്കാലം ചതിച്ചതോടെ ആലപ്പുഴ വരണ്ടുണങ്ങുകയാണ്, ഇതോടൊപ്പം കർഷകരുടെ ഒരുപിടി പ്രതീക്ഷകളും കരിഞ്ഞുണങ്ങുന്നു. ജലസേചനം ബുദ്ധിമുട്ടിലായത് എല്ലാ വിളകളെയും ബാധിച്ചിട്ടുണ്ട്. സമയം തെറ്റി ഇടയ്ക്കൊന്നു ചാറിയ മഴയുടെ ബലത്തിലാണ് കൃഷി മുന്നോട്ടു പോകുന്നത്. ഇതിനി എത്ര നാളെന്ന് കർഷകർക്ക് അറിയില്ല. മഴ പെയ്യുമെന്നുള്ള പ്രവചനങ്ങൾ പാളിയതോടെ നെൽക്കൃഷിയും പച്ചക്കറി കൃഷികളും ആശങ്കയിലാണ്. പലയിടത്തും രണ്ടാം വട്ടവും വിത്തു വിതച്ച് ആകാശത്തേക്ക് നോക്കി നിൽക്കുകയാണ് കർഷകർ.

 

മഴ ഇല്ലാഞ്ഞതായതോടെ മണ്ണഞ്ചേരി പെരുന്തുരുത്ത്കരി പാടശേഖരത്തിൽരണ്ടാംതവണയും വിത്ത് വിതച്ചു. ഏക്കറിന് 32 കിലോ നെൽവിത്ത് കർഷകർക്ക് ഉടൻ നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് കിളിർത്ത ഞാറുമായി നോക്കുമ്പോൾ ഒന്നര മാസത്തെ വ്യത്യാസം വരും. കുട്ടനാട്ടിൽ നിലവാരമില്ലാത്ത വിത്തുകളും കർഷകർ‌ക്കു തിരിച്ചടിയായിരുന്നു. ഇനി വേമ്പനാട്ടു കായലാണ് കർഷകരുടെ ഏക പ്രതീക്ഷ. കായലിൽ ഉപ്പിന്റെ അംശം കുറഞ്ഞതിനാൽ പാടശേഖരത്തിലേക്കു കായൽ വെള്ളം കയറ്റിവിട്ടാൽ നിലവിലെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാമെന്ന് കർഷകർ പറയുന്നു. ഹരിപ്പാട് മേഖലയിൽ രണ്ടാഴ്ച കൂടി മഴ ലഭിക്കാതിരുന്നാൽ നെൽകൃഷി പ്രതിസന്ധിയിലാകും. 

 

വിളറി വരണ്ട് വിരിപ്പ് കൃഷി

 

മഴ കുറഞ്ഞത് മുതുകുളം പ്രദേശത്ത് വിരിപ്പ് കൃഷിയെ ബാധിച്ചു. പുളിരസമിറങ്ങി നെല്ലോലകൾ മഞ്ഞളിക്കാൻ ഈ സാഹചര്യം ഇടയാക്കി. ഇവിടെ 45 ഏക്കറിലാണ് വിരിപ്പ് കൃഷി നടത്തിയിട്ടുള്ളത്. ഒരാഴ്ചയ്ക്കകം നല്ല മഴ ലഭിക്കാതെ വന്നാൽ ഓലകൾ കരിഞ്ഞ് കൃഷി നശിക്കാൻ ഇടയാക്കും. കുറെ വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഇത്രയും കൂടുതൽ സ്ഥലത്ത് വിരിപ്പ് കൃഷി നടത്തുന്നത്. ചിങ്ങോലിയിൽ കരയിലും വിരിപ്പ് നിലങ്ങളിലുമായി 2 ഹെക്ടറിൽ മാത്രമേ നെൽകൃഷിയുള്ളു. മിക്കയിടത്തും 35 ദിവസം പ്രായമായി. ഇടയ്ക്ക് മഴ ലഭിക്കുന്നതിനാൽ കൃഷിക്ക് കുഴപ്പമില്ല.

 

പച്ച തൊടാതെ പച്ചക്കറിക്കൃഷി

 

മഴ ഇല്ലാത്തത്  പച്ചക്കറി കൃഷിക്കും തിരിച്ചടിയായി. ഓണത്തിനു വിളവെടുക്കാനിരുന്ന പച്ചക്കറി, വാഴ തുടങ്ങിയവയുടെ ഭാവി ആശങ്കയിലാണ്. മഴയുണ്ടായിരുന്നെങ്കിൽ പച്ചക്കറി തൈകൾ നാല്, അഞ്ച് ഇലപ്പരുവമാകേണ്ട സമയമായി. മഴയെ മാത്രം ആശ്രയിച്ചു നടത്തുന്നതാണു പലയിടത്തെയും പച്ചക്കറിക്കൃഷി.  മുതുകുളത്തും പച്ചക്കറി കൃഷി തുടങ്ങിയിട്ടേയുള്ളു. മഴയെ മാത്രം ആശ്രയിക്കാതെ മറ്റ് മാർഗങ്ങൾ ഉപയോഗിക്കുന്നതിനാൽ നിലവിൽ കൃഷിക്കാർക്കു പ്രതിസന്ധിയില്ല. തൃക്കുന്നപ്പുഴയിൽ പച്ചക്കറി കൃഷി വൈകിയാണ് ആരംഭിച്ചത്. വേനൽ മഴ കാര്യമായി ലഭിക്കാതെ വന്നതും പിന്നീട് ശക്തമായ മഴ ഉണ്ടായതുമാണ് കൃഷി വൈകാൻ ഇടയാക്കിയത്. 

 

വാടിത്തളരുന്ന വെറ്റിലക്കൃഷി

 

മഴയില്ലാത്തത് വള്ളികുന്നത്ത് വെറ്റില കൃഷിയെയും ഏറെ ബാധിച്ചു. ഇനി പരമാവധി ഒന്നരയാഴ്ച വരയേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. 300 മൂട് വീതമുള്ള ഇരുപത്തഞ്ചോളം കർഷകരാണ് മഴയില്ലാത്തതിനാൽ ബുദ്ധിമുട്ടിലായത്. നിറവ്യത്യാസമുള്ള വെള്ളം വെറ്റില കൃഷിക്ക് ഉപയോഗിക്കാൻ കഴിയില്ല. വള്ളികുന്നത്ത് ഉൾപ്പെടെ പുഞ്ചകളിൽ നെൽക്കൃഷി തുടങ്ങുന്നതേയുള്ളു. ചേനയടക്കം കരക്കൃഷികളുടെ തുടക്കത്തിലാണ് മഴ പെയ്തത്. ഓണത്തിനു വിളവെടുക്കേണ്ട പച്ചക്കറി വിളയാൻ‌ നിലവിൽ ലഭ്യമായ വെള്ളം പോരാതെ വരുമെന്നും കർഷകർ പറയുന്നു. 

 

രണ്ടാം കൃഷിയുടെ ഞാറുരുകുന്നു

 

കുട്ടനാട് ഭാഗത്ത് രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളിൽ ഞാറുകൾ ഉരുകിപ്പോകുന്നതു കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. 10 ദിവസത്തിനുള്ളിൽ വിത കഴിഞ്ഞ പാടശേഖരങ്ങളിലാണു ഉരുകിപ്പോകൽ വ്യാപകം. കാരണമെന്നറിയാൻ കൃഷി ഓഫിസർമാരുടെ സഹായം തേടിയിരിക്കുകയാണ് കർഷകർ. വിതച്ചശേഷം വെള്ളം കയറ്റാൻ സാധിക്കാതെ വന്ന സ്ഥലങ്ങളിലാണു കൂടുതലായും പ്രശ്നങ്ങൾ കാണുന്നത്. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണു രോഗം കൂടുതൽ. തണ്ണീർമുക്കം ബണ്ടു തുറന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ഉപ്പുവെള്ളം നിറഞ്ഞിരുന്നു. പാടശേഖരങ്ങൾ ഉപ്പുവെള്ളം കയറ്റിയതാണോ പ്രശ്നങ്ങൾക്കു കാരണമായതെന്നറിയാൻ മണ്ണുപരിശോധന നടത്താനുള്ള ഒരുക്കത്തിലാണു കർഷകർ. 

 

''നിലവിലെ അവസ്ഥയിൽ കൃഷിക്കാർക്ക് മഴക്കുറവ് ഭീഷണിയായേക്കില്ല. പക്ഷേ, ഇതേ രീതിയിലാണ് വരും ദിവസങ്ങളും തുടരുന്നതെങ്കിൽ പ്രതിസന്ധിയുണ്ടായേക്കും. ഇടയ്ക്കു പെയ്ത ചെറുമഴയിലെ വെള്ളം മണ്ണിലുണ്ട്. മഴ കിട്ടിയില്ലെങ്കിൽ ഏതൊക്കെ വിളകളെ ഏതു രീതിയിലാവും ബാധിക്കുക എന്നതിൽ വ്യക്തതയില്ല. -വന്ദന വേണുഗോപാൽ, ഡയറക്ടർ,മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം''

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com