ADVERTISEMENT

പൂച്ചാക്കൽ ∙ കൂടുകളിൽ പിടയ്ക്കുന്ന കരിമീൻ കാണുമ്പോൾ നാവിൽ നാടൻ മീനിന്റെ രുചി നിറയും. പള്ളിപ്പുറം പാലയ്ക്കൽ ജോൺവില്ലയിൽ റോസ്‌ലിൻ ബെന്നി കൺവീനറായുള്ള ഗ്രൂപ്പിന്റെ മത്സ്യകൃഷി വിളവെടുപ്പ് ആരംഭിച്ചതോടെ നാടൻ മീനിന്റെ രുചി തേടി കേളമംഗലം കരീക്കടവിലെത്തുന്നവർ ഏറെ. ഫിഷറീസ് വകുപ്പിന്റെ കൂടുകളിലെ മത്സ്യകൃഷി (കേജ് കൾച്ചർ) പദ്ധതിയിൽ  മികച്ച നൂതന മത്സ്യ കൃഷിക്കുള്ള ജില്ലയിലെ ഇൗ വർഷത്തെ അവാർഡ് റോസ്‌ലിൻ ബെന്നി കൺവീനറായുള്ള സത്യം ഗ്രൂപ്പിനാണ്. 

 

രണ്ടുവർഷം മുൻപാണ് ഗ്രൂപ്പ് രൂപീകരിച്ച് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വയലാർ കായലിൽ കേളമംഗലം കരീക്കടവിൽ കൂട് കൃഷി ആരംഭിച്ചത്. കായലിൽ മുളയും കമുകും ഉപയോഗിച്ച് കൂട് ഇടാനുള്ള സ്ഥലം തയാറാക്കി.  കഴിഞ്ഞ ഒക്ടോബറിൽ കൊല്ലം സർക്കാർ ഹാച്ചറിയിൽ നിന്ന് 12 രൂപ നിരക്കിൽ 2400 കരിമീൻ കൂഞ്ഞുങ്ങളെ വാങ്ങി.   ഒരു കൂടിൽ 240 കുഞ്ഞുങ്ങൾ വീതം 10 കൂടുകളിലായി നിക്ഷേപിച്ചു. കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് വളർച്ച ലഭിക്കുന്ന പ്രോട്ടീൻ തീറ്റ നൽകുന്നു. കൃത്യമായി തീറ്റ കൊടുക്കുന്നതിനും നോക്കുന്നതിനും ഗ്രൂപ്പിലെ ഒരംഗത്തെ നിയോഗിച്ചിട്ടുമുണ്ട്.

 

പള്ളിപ്പുറം പഞ്ചായത്ത് മുൻ അംഗം കൂടിയായിരുന്ന റോസ്‌ലിൻ ബെന്നിയെ കൂടാതെ കെ.കെ.ഷിജി, ഷാജി ജോസഫ്, ബെന്നി ജോൺ എന്നിവരാണ് മറ്റ്  ഗ്രൂപ്പ് അംഗങ്ങൾ.  ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, പദ്ധതി നിർവഹണച്ചുമതലയുള്ള മിനിമോൾ, കോ–ഓർഡിനേറ്റർ ഫെൽഗാ ഫെലിക്സ് തുടങ്ങിയവരുടെ മേൽനോട്ടവും പിന്തുണയും കിട്ടിയതോടെ കൃഷിയിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 

 

കൂട്  നിർമാണം

 

കൂടിന് 2 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമുണ്ടായിരിക്കണം. ജലാശയത്തിൽ പൊങ്ങിക്കിടക്കുന്നതിന് 4 ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ്  2 മീറ്റർ നീളത്തിൽ മുറിച്ചെടുത്ത് സമചതുരത്തിൽ ഒട്ടിച്ചെടുക്കും. ഗുണനിലവാരമുള്ള എച്ച്ഡിപിഇ വലകൾ ഉപയോഗിച്ച് കൂട് ഉണ്ടാക്കി പൈപ്പിനുള്ളിൽ ബന്ധിപ്പിക്കും. 

 

ഒരു ഇഞ്ച് വ്യാസമുള്ള പൈപ്പ്  സമചതുരത്തിൽ ഒട്ടിച്ചെടുത്ത് മണൽ നിറച്ച് വലയുടെ അടിഭാഗത്ത് കെട്ടുന്നതിനാൽ കൂട് വിടർന്നു നിൽക്കും.  കൂടിന് ചുറ്റും മറ്റൊരു വല ഉപയോഗിച്ച് സംരക്ഷണവും ഒരുക്കും. കായലിൽ കമുകും മുളയുമുപയോഗിച്ച് സംരക്ഷണമൊരുക്കിയാണ് കൂട് ഇടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com