ADVERTISEMENT

ആലപ്പുഴ ∙ വളർത്തു മീനുകളെപ്പോലെ അതിവേഗം വളരുകയാണ് അതിന്റെ വിപണിയും. കടൽ മീനല്ലെങ്കിൽ കായൽ മീൻ വേണമെന്നു കടുംപിടിത്തം ഉണ്ടായിരുന്നവർ വരെ ഇന്നു വളർത്തുമീനുകളുടെ ആരാധകരാണ്. ട്രോളിങ് നിരോധനത്തെ തുടർന്ന് കടൽ മീൻ ലഭ്യത കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനിൽ രാസവസ്തുക്കൾ കലർന്നിട്ടുണ്ടെന്ന അറിവുമെല്ലാം വളർത്തു മീനിന്റെ സ്വീകാര്യത കൂട്ടി. ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും വരെ ഇപ്പോൾ വളർത്തു മീനിനാണ് ഡിമാൻഡ്.

 

നല്ല വിലയുണ്ട്

 

വളർത്തുമീൻ കഴിക്കാൻ പലർക്കുമുള്ള മടി മാറിയതിനു തെളിവാണ് ഹോട്ടലുകളിലും മറ്റും ഇപ്പോൾ ആവശ്യക്കാർ കൂടുന്നതെന്നു പഴവീട്ടിലെ പമ്പാ ഫിഷ് ഹാച്ചറി ഉടമ എ.എസ്.ബിനോയി പറയുന്നു. 16 വർഷമായി ബിനോയി ഈ രംഗത്തു പ്രവർത്തിക്കുന്നു.ട്രോളിങ് നിരോധനമായപ്പോൾ വളർത്തുമീനിന് കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വർധിച്ചു. തിലോപ്പിയ ഹോൾസെയിലായി കിലോയ്ക്ക് 120 രൂപയ്ക്കു വിറ്റത് ഇപ്പോൾ 160 ആയി. മലേഷ്യൻ വാള 90ൽ നിന്ന് 140ൽ എത്തി. കട്‌ലയും രോഹുവും റെഡ് ബെല്ലിയുമെല്ലാം 140ൽ നിന്ന് 200 വരെ വിലയുള്ളവരായി. മാർക്കറ്റിലെത്തുമ്പോൾ ഇതിൽ നിന്ന് വീണ്ടും അൻപതോളം രൂപ വർധിക്കും.

 

പഴയ തിലോപ്പിയയല്ല

 

ഹൈബ്രിഡ് തിലോപ്പിയയുടെ കടന്നുവരവ് നാടൻ തിലോപ്പിയയെ മൂലയ്ക്കൊതുക്കി. കരിമീനിനോട് സമാനമായ രുചിയുള്ള ഹൈബ്രിഡ് തിലോപ്പിയയ്ക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ. വിനോദസഞ്ചാരികൾ വരെ കരിമീൻ മാറ്റി തിലോപ്പിയയിലേക്കു തിരിഞ്ഞിട്ടുണ്ട്.   നാടൻ തിലോപ്പിയയേക്കാൾ ഹൈബ്രിഡിന് നൂറു രൂപ വരെ വിലക്കൂടുതലുണ്ട്. നന്നായി പരിപാലിച്ചാൽ ഒരു മീൻ ഒരു കിലോയോളം വലുപ്പം വയ്ക്കുമെന്നതിനാൽ കർഷകർക്കും ഇതിനോട് പ്രിയമുണ്ട്.

 

ചതിച്ചത് പ്രളയം

 

പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് വളർത്തു മീൻ വിപണി ഇതുവരെ മുക്തമായിട്ടില്ല. ട്രോളിങ് നിരോധനം വളർത്തുമീൻ കച്ചവടക്കാർക്ക് ചാകരക്കാലമാണ്. ഈ സമയം കണക്കാക്കിയാണ് കൃഷി. പക്ഷേ, പ്രളയത്തിനു ശേഷം കൃഷിയൊരുക്കം ആദ്യം മുതൽ തുടങ്ങാൻ കാലതാമസമുണ്ടായി. മീൻ കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്താൻ 10 മാസത്തോളം വേണ്ടി വരും. അതുകൊണ്ടു തന്നെ ഈ സീസണിൽ പൂർണമായ വിളവെടുപ്പിനു മിക്ക കർഷകർക്കും സാധിച്ചിട്ടില്ല.

 

ഫിഷ് കറി മീൽസിനൊപ്പം ചൂരയോ കേരയോ കറിവച്ചാണ് കൊടുത്തിരുന്നത്. ഇപ്പോൾ അതു കിട്ടാത്തതിനാൽ രോഹുവാണ് ആശ്രയം. തിലോപ്പിയ വറുത്തതിനും പൊള്ളിച്ചതിനും നല്ല ചെലവുണ്ട്. 

 

 കെ.വി.പ്രസാദ്, കേരള ഹൗസ് ഹോട്ടൽ, കഞ്ഞിക്കുഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com