ADVERTISEMENT

കറുകച്ചാൽ ∙ ക്ഷീര കർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വീണ്ടും കൂടി.  2 ആഴ്ചകൾക്കുള്ളിൽ 75 രൂപയോളം കാലിത്തീറ്റ വില വർധിച്ചതായി കർഷകർ പറയുന്നു. 50 കിലോയുടെ ചാക്കൊന്നിന്‌ 1300 രൂപയാണു കാലിത്തീറ്റയുടെ ശരാശരി വില.  ദൈനംദിന ചെലവ്‌ വർധിക്കുന്നതു കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുകയാണ്‌. ഉൽപാദന ചെലവ്‌ വർധിച്ചതും അതിനനുസരിച്ചുള്ള വരുമാനം കിട്ടാതെ വരുന്നതുമാണ് കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നത്. ‍ 

 

കാലിത്തീറ്റയുടെ വില വർധന അനുസരിച്ച്‌ പാലിനു വില വർധിക്കുന്നില്ലെന്നാണു പരാതി. നിലവിലെ സാഹചര്യത്തിൽ ലീറ്ററിന്‌ 50 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂവെന്നു കർഷകർ പറയുന്നു. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും അടിക്കടി കാലിത്തീറ്റ വില ഉയരുന്നതും പശു വളർത്തലിൽ നിന്നു കർഷകർ പിൻവലിയുന്നതിന്‌ ഇടയാക്കുന്നു.

 

കാലിത്തീറ്റ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ ഉത്തരേന്ത്യയിൽനിന്നാണ്‌ എത്തുന്നത്‌.  കേന്ദ്രസർക്കാർ നടപ്പാക്കിയ രാഷ്‌ട്രീയ ഗോകുൽ മിഷനിലൂടെ കന്നുകാലി വളർത്തൽ, സൗജന്യ കാലിത്തീറ്റ പദ്ധതി എന്നിവ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നടപ്പാക്കി.  അവിടെ ക്ഷീരമേഖലയിലേക്ക്‌ കൂടുതൽ കർഷകരെത്തിയതോടെ കാലിത്തീറ്റയ്‌ക്ക്‌ ആവശ്യക്കാരേറി.  ഇത്‌ തീറ്റയ്‌ക്കുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വിലവർധനയ്‌ക്കും ക്ഷാമത്തിനും ഇടയാക്കി.

 

1 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്നതിനു നിലവിൽ 52 രൂപ ചെലവു വരുന്നതായി ക്ഷീര കർഷകർ പറയുന്നു പാൽ വിറ്റാൽ ലഭിക്കുന്ന പരമാവധി വില 44 രൂപയാണ്.  ഈ അവസ്ഥയിൽ മുന്നോട്ടു പോവുക ബുദ്ധിമുട്ടാണെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു.ഉൽപാദനച്ചെലവ് കൂടിയതിനാൽ പാൽ വില കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം.  കേരളത്തിൽ കാലിത്തീറ്റ കൊടുക്കാതെ പശുവിനെ വളർത്താൻ കഴിയില്ല.

 

കാലിത്തീറ്റ വില വർധനയടക്കമുള്ള തിരിച്ചടികൾ വർധിച്ചതോടെ ക്ഷീരമേഖലയിൽ നിന്ന് വിട്ടു നിൽക്കാൻ നിർബന്ധിതരാവുകയാണ് പല ക്ഷീര കർഷകരും എച്ച്എഫ്, സ്വിസ് ബ്രൗൺ, ജഴ്‌സി തുടങ്ങിയ മുന്തിയ ഇനം കാലികളെയാണ് കർഷകർ വാങ്ങി വളർത്തുന്നത്.  ഇവയിൽ നിന്ന് ഒരുനേരം 10 മുതൽ 15 ലീറ്റർ വരെ പാൽ ലഭിക്കും.  ഒരു ലീറ്റർ പാലിന് കർഷകന് 44 രൂപ വരെയാണ് ലഭിക്കുക. ശരാശരി 15 ലീറ്റർ പാൽ വിൽക്കുന്ന കർഷകന് ലഭിക്കുന്നത് വെറും 660 രൂപ മാത്രമാണ്.  ഈ പശുവിന് കാലിത്തീറ്റ നൽകണമെങ്കിൽ മാത്രം 500 രൂപയോളം ചെലവു വരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com