ADVERTISEMENT

കൽപറ്റ ∙ പ്രളയകാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ചവരാണു വയനാട്ടിലെ ക്ഷീരകർഷകർ. പ്രളയം കഴിഞ്ഞെത്തിയ വരൾച്ചയും കാലിത്തീറ്റയുടെ വിലവർധയും ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കി. ആകെ 6.99 കോടി രൂപയുടെ നഷ്ടമാണു പ്രളയകാലത്തു വയനാട്ടിലുണ്ടായത്. നഷ്ടത്തിൽനിന്നു കരകയറ്റാൻ ക്ഷീര വികസനവകുപ്പ് ഒട്ടേറെ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുന്നു. 

 

പശുവിനെ വാങ്ങിക്കോ,കാശു സർക്കാർ തരും!

 

സംസ്ഥാനത്താകെ 97.75 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. നിലവിൽ ഒരു പശുവെങ്കിലും ഉള്ള കർഷകന് രണ്ടാമത് ഒരു പശുവിനെക്കൂടി വാങ്ങാൻ 32,000 രൂപയാണ് ഈ പദ്ധതിയിലൂടെ അനുവദിക്കുന്നത്. നാമമാത്ര ചെറുകിട കർഷകർക്ക് 2 പശുക്കൾ ഉള്ള ഡെയറി യൂണിറ്റ് തുടങ്ങാൻ 64,000 രൂപയും നൽകും. ചെറുകിട ഇടത്തരം കർഷകർക്ക് 5 പശുക്കളുടെ യൂണിറ്റ് സ്ഥാപിക്കുന്നതിനു പദ്ധതി വഴി 1,75,000 രൂപ വരെ സഹായം ലഭിക്കും. കേരളത്തിന്റെ പുറത്തുനിന്നു പശുക്കളെ വാങ്ങണമെന്നുള്ളതും 25 സെന്റ് സ്ഥലത്തു പുൽക്കൃഷി ഉണ്ടായിരിക്കണമെന്നതുമാണു നിബന്ധന. 10 പശുക്കളുടെ യൂണിറ്റിന് 3,50,000 രൂപ, 5 കിടാരികളുടെ യൂണിറ്റിന് 90,500 രൂപ, 10കിടാരി യൂണിറ്റിന് 1,81,200 രൂപ എന്നിങ്ങനെയും സഹായം ലഭിക്കും. 

 

ഫാം വികസിപ്പിച്ചാൽ വരുമാനം ഇരട്ടി 

 

അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്നവർക്കു കറവയന്ത്രം വാങ്ങുന്നതിനു 25,000 രൂപയുടെ സഹായം ലഭിക്കും. ഫാം വികസിപ്പിക്കുന്നതിന് 1,00,000 രൂപ വരെ ചെലവഴിക്കുന്ന പദ്ധതി സമർപ്പിച്ചാൽ പരമാവധി 50,000 രൂപ വരെ ക്ഷീരവികസന വകുപ്പ് സബ്സിഡിയായി നൽകും. കാലിത്തൊഴുത്ത് നിർമിക്കുന്നതിനും പരമാവധി 50,000രൂപ വരെ സഹായം ലഭിക്കും. 

 

പശുവളർത്താം, യാത്ര പോകാം

 

ക്ഷീരകർഷകർക്കായി പഠനയാത്രയും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും സന്ദർശിക്കാനാണ് അവസരം. കഴിഞ്ഞവർഷം വയനാട്ടിൽനിന്ന് ഇത്തരത്തിൽ 2 ക്ഷീരകർഷകർ ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചു. 

 

ആനുകൂല്യങ്ങൾ ഇനിയും

 

പ്രകൃതിദുരന്തം, പെട്ടെന്നുള്ള അസുഖം, അപകടം, അകിടുവീക്കം, കുളമ്പുരോഗം തുടങ്ങിയവ മൂലം കന്നുകാലികളെ നഷ്ടപ്പെടുന്നവർക്ക് 10,000 രൂപയുടെ സഹായം ലഭിക്കും. തീറ്റപ്പുൽ കൃഷിക്ക് ഹെക്ടറിന് 20,000 രൂപ നിരക്കിലാണു സഹായം. ക്ഷീരകർഷക ക്ഷേമനിധിയിലൂടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. വർഷത്തിൽ 500 ലീറ്റർ പാൽ അളക്കുന്ന കർഷകന് അംഗത്വം ലഭിക്കും. പെൻഷൻ തുക ഇപ്പോൾ 1100 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 

 

കഴിഞ്ഞ വർഷം 8.25 ലക്ഷം രൂപയാണു തീറ്റപ്പുൽ കൃഷിക്കായി മാത്രം അനുവദിച്ചത്. ക്ഷേമനിധി അംഗങ്ങളുടെ പെൺമക്കൾക്കു വിവാഹധനസഹായമായി 50,000 രൂപ അനുവദിക്കും. മരണാനന്തര സഹായം, വിദ്യാഭ്യാസ ധനസഹായം, ക്ഷീരക്ഷേമ ഇൻഷുറൻസ് വഴി ചികിത്സാ സഹായം എന്നിവയും നടപ്പിലാക്കിവരുന്നു.  -ആർ.രാംഗോപാൽ ഡപ്യൂട്ടി ഡയറക്ടർ ക്ഷീര വികസനവകുപ്പ്, വയനാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com