ADVERTISEMENT

വീണ്ടുമൊരു മഹാപ്രളയമുണ്ടാകുമോ? ബണ്ടു തകർന്ന് പാടം വെള്ളത്തിനടിയിലാകുമോ? അടുത്ത സീസണിലേക്കു കടക്കുമ്പോൾ നെൽകർഷകർക്ക് ആധിയുണ്ടാവുക സ്വാഭാവികം. പണ്ടൊക്കെ മഴക്കാലത്തു മാത്രമായിരുന്ന പ്രളയഭീതി ഇപ്പോൾ വർഷം മുഴുവൻ കൂടെയുണ്ട്. കാലാവസ്ഥാമാറ്റംതന്നെ കാരണം. പ്രളയം മാത്രമല്ല, ഓരുജലം പുഴകളിലേക്കു കയറിയുണ്ടാകുന്ന കൃഷിനാശവും നാം നേരിടേണ്ടിവരുന്നുണ്ട്. വിശേഷിച്ച് കുട്ടനാട്ടിലെ പുഞ്ചസീസണിൽ. സമുദ്രജലനിരപ്പ് ഉയരുന്നതിനാൽ ഓരോ വർഷവും ഓരുജല ഭീഷണി വർധിക്കുകയാണ്. ഇത്തരം പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്ന വിത്തിനങ്ങളുണ്ടായാൽ മാത്രമേ വരുംകാലത്ത് ആത്മവിശ്വാസത്തോടെ കൃഷി ചെയ്യാനാവൂ. 

 

‘കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന കെടുതികളോടു പൊരുത്തപ്പെടുന്ന വിള ഇനങ്ങൾക്കായി ലക്ഷ്യബോധത്തോടെ, വിപുലമായ ഗവേഷണപദ്ധതി ആരംഭിച്ചതായോ ഫണ്ട് അനുവദിച്ചതായോ നാം കേട്ടിരുന്നില്ല. എന്നാൽ ഓരുജലവും പ്രളയജലവും കേരളത്തിലെ നെൽകൃഷിക്കു സൃഷ്ടിക്കുന്ന ഭീഷണികൾക്ക് ഒമ്പതു മറുപടികളുമായി വൈറ്റില കാർഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. ഷൈലാരാജും സഹപ്രവർത്തകരും മുന്നോട്ടുവന്നിരിക്കുകയായണ്. ഉപ്പു വെള്ളത്തെയും പ്രളയത്തെയും അതിജീവിക്കുന്ന 9 നെല്ലിനങ്ങൾ ഇവിടെ നിന്നു വൈകാതെ കർഷകരിലെത്തും. പ്രളയജലം പൂർണമായി മൂടിയാൽ പോലും വിളനാശമുണ്ടാവാത്തതും ഉപ്പുവെള്ളത്തിലും കൃഷി തുടരാൻ സഹായിക്കുന്നതുമായ ഇവ കൃഷിക്കാരുടെ മനം കവരുമെന്നുറപ്പ്. ‌

 

ഉപ്പുവെള്ളത്തെയും പ്രളയജലത്തെയും പ്രതിരോധിക്കുന്ന ജീനുകൾ അടങ്ങിയ നെല്ലും കേരളത്തിലെ ഏറ്റവും പ്രചാരമുള്ള നെല്ലിനങ്ങളായ ഉമ, ജ്യോതി, ജയ എന്നിവയും തമ്മിലുള്ള സങ്കരണത്തിലൂടെയാണ് ഈ നേട്ടം സാധ്യമായത്. ‘മാർക്കർ അസിസ്റ്റഡ് സെലക്‌ഷൻ’ എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ബാക്ക് ക്രോസിങ്ങിലൂടെയാണ് ഇതു സാധ്യമായതെന്നു ഡോ. ഷൈല പറഞ്ഞു. അതിജീവനശേഷി നൽകുന്ന ജീനിന്റെ സാന്നിധ്യം അനുബന്ധഘടകങ്ങളിലൂടെ പ്രത്യേകം അടയാളപ്പെടുത്തിയശേഷം നടത്തിയ വർഗസങ്കരണത്തിലെ സന്തതികളിൽനിന്നു നിശ്ചിത ജീനുള്ളവയെ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണിത്.

 

ജ്യോതി, ഉമ, ജയ എന്നീ നെല്ലിനങ്ങളിൽ വെള്ളപ്പൊക്ക പ്രതിരോധശേഷി കൂട്ടിച്ചേർത്തപ്പോൾ കിട്ടിയ മൂന്ന് ഇനങ്ങൾ, ഓരുജല പ്രതിരോധശേഷി ചേർത്ത മൂന്ന് ഇനങ്ങൾ, രണ്ടു ഗുണങ്ങളും ഒരുമിച്ചു ചേർത്ത മൂന്ന് ഇനങ്ങളും. കേരളത്തിന്റെ തനത് ഇനമായ പൊക്കാളിക്ക് ലവണ ജല പ്രതിരോധശേഷി നൽകുന്ന ജീനുകളാണ് വർഗ സങ്കരണത്തിലൂടെ പുതിയ ഇനങ്ങൾ വികസിപ്പിക്കാനും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടും തന്നെ ഏറ്റവുമധികം ഉപ്പുവെള്ള പ്രതിരോധശേഷിയുള്ള നെല്ലിനങ്ങളിലൊന്നാണ് പൊക്കാളിയെന്നു ഡോ. ഷൈലാ രാജ് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കാലാവസ്ഥാഭേദത്തെ അതിജീവിക്കുന്ന ഇനങ്ങൾക്കായി ഈയിനങ്ങൾ ഗവേഷകർ കൂടുതൽ ഉപയോഗപ്പെടുത്തുന്നു. 

 

പൊക്കാളി നെല്ലുകളിലെ സാൾട്ടോൾ ജീൻ പ്രയോജനപ്പെടുത്തി ഫിലിപ്പീൻസിലെ രാജ്യാന്തര നെല്ലുഗവേഷണകേന്ദ്രം വികസിപ്പിച്ച എഫ് എൽ– 478 എന്ന നെല്ലാണ് ലവണ ജല പ്രതിരോധശേഷിക്കായി സങ്കരണം നടത്താനുപയോഗിച്ചത്. അവിടെ നിന്നു ലഭിച്ച പരിശീലനമാണ് ഇപ്രകാരം പ്രത്യേക ഗുണങ്ങൾ കൂട്ടിച്ചേർക്കാനുള്ള സാങ്കേതികവിദ്യ നൽകിയതെന്നു ഡോ. ഷൈലാ രാജ് പറഞ്ഞു. പ്രളയജലത്തെ അതിജീവിക്കുന്ന സ്വർണ സബ്–1 എന്ന ഇനത്തിൽ നിന്നാണ് ആ ഗുണം ലഭിക്കുന്നതിനുള്ള ജീൻ കൂട്ടിച്ചേർത്തത്. 

 

പൊക്കാളി ഇനങ്ങൾക്ക് ഉപ്പുവെള്ളപ്രതിരോധശേഷി നൽകുന്ന ജീൻ ജ്യോതിയിൽ സന്നിവേശിപ്പിച്ച ജ്യോത്സ്ന എന്ന ഇനം കഴിഞ്ഞ വർഷം പുറത്തിറക്കി. ഹെക്ടറിന് ആറര ടൺ ഉൽപാദനമാണ് ജൈവരീതിയിലുള്ള കൃഷിയിൽ ഈയിനത്തിനു കിട്ടിയത്. മറ്റ് ഇനങ്ങളിലും അതിജീവനജീൻ വിജയകരമായി കൂട്ടിച്ചേർക്കാൻ സാധിച്ചിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കൃഷിനാശം വന്നതുമൂലം അവയ്ക്ക് പാടത്തെ പരീക്ഷണം പൂർത്തിയാക്കാനായില്ല. 

 

ഈ വർഷം പരീക്ഷണങ്ങൾ പൂർത്തിയായാൽ അടുത്ത വർഷം മുതൽ ഇവ കൃഷിക്കാർക്കു കിട്ടിത്തുടങ്ങും. വെള്ളം വന്നു മൂടിയാലും പാടത്ത് ഓരുജലം വന്നാലും വിളനാശമുണ്ടാകാത്ത നെല്ലിനങ്ങൾ നമ്മുടെ നെൽകൃഷിയിൽ വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പ്. എന്നാൽ ഈ നേട്ടം ആഘോഷിക്കാൻ അവസരം ലഭിക്കാതെ ഡോ. ഷൈല കഴിഞ്ഞമാസം സർവീസിൽ നിന്നു വിരമിച്ചു. ഫോൺ: 0484 2809963 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com