ADVERTISEMENT

കാസർകോട് ∙ ശക്തമായി മഴ പെയ്യുമ്പോൾ സന്തോഷത്തിന്റെ ഉടുക്കു കൊട്ടുകയാണ് ഒടയംചാൽ നായ്ക്കയത്തെ പി.വി.രാഘവനെന്ന കർഷകന്റെ മനസ്സിൽ. മഴവെള്ള സംഭരണിയിൽ നിറഞ്ഞ വെള്ളം ഉപയോഗിച്ച് മാത്രം കൃഷി നടത്തുന്ന പ്രത്യേക രീതിയാണ് ഇദ്ദേഹത്തിന്റേത്. 

 

ചതുരത്തിൽ തീർത്ത കുഴിയിൽ വിരിച്ച 2 ടാർപോളിൻ സംഭരണിയിൽ ‍ഓരോ മഴക്കാലത്തും നിറയുന്നത് 50,000 ലീറ്റർ വെള്ളമാണ്. 88 സെന്റ് സ്ഥലത്തെ സമ്മിശ്ര കൃഷികൾക്ക് വേനലിലേയ്ക്കുളള കരുതലാണിത്.  

 

കോടോം ബേളൂർ പ‍ഞ്ചായത്തിലെ മികച്ച കർഷകൻ എന്ന ബഹുമതി മുൻപു ലഭിച്ചതും കൃഷി രീതിയുടെ അംഗീകാരമാണ്. വേനലിൽ കുടിവെള്ളം പോലും ലഭിക്കാതെ ദുരിതം അനുഭവിക്കുന്നവർക്ക് ഇദ്ദേഹത്തിന്റെ മഴവെള്ള സംഭരണിയെ അദ്ഭുതത്തോടെ മാത്രമേ കാണാനാകു. നാം മനസ്സുവച്ചാൽ നമ്മുടെ കൃഷികൾ വേനലിൽ വെള്ളമില്ലാതെ കരിയാൻ ഇടവരില്ലെന്ന് രാഘവൻ സാക്ഷ്യപ്പെടുത്തുന്നു. 

 

ഉറുമാമ്പഴം, റംബൂട്ടാൻ, മുന്തിരി, മുട്ടപ്പഴം, അടതാപ്പ് അടക്കം മലയോരത്ത് അധികമായി ഇല്ലാത്തതും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കുരുമുളക് എന്നിവ ഇടകലർന്ന കൃഷി. കൃഷിയിൽ 50 വർഷത്തെ അനുഭവ പാഠമുണ്ട് രാഘവന്. കഴിഞ്ഞ വർഷം പഞ്ചായത്തിലെ ഏറ്റവും നല്ല കൃഷി സ്ഥലമായി തിരഞ്ഞെടുത്തിരുന്നു. ചാണകവും, ആട്ടിൻ കാഷ്ഠവും, മിതമായ അളവിൽ രാസവളവുമാണ് വളപ്രയോഗ രീതി. കഴിഞ്ഞ വർഷം ഇടവിളയായി നടത്തിയ കപ്പ കൃഷിയിൽ നിന്ന് 20 ക്വിന്റൽ വിൽപന നടത്താൻ സാധിച്ചു. സമ്മിശ്ര വിളകൾ നടത്തിയാലെ കൃഷിയിൽ രക്ഷപ്പെടാനാകുവെന്ന് അനുഭവങ്ങൾ തെളിയിച്ചതായി രാഘവൻ പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com