ADVERTISEMENT

രാജകുമാരി ∙ കേരളത്തിൽ നിരോധിച്ച ചുവന്ന അടയാളം ഉള്ള കീടനാശിനികൾ അതിർത്തി കടന്ന് എത്തുന്നത് വ്യാപക ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ ദിവസം രാജകുമാരി ടൗണിനു സമീപമുള്ള ഏലത്തോട്ടത്തിൽ രൂക്ഷ ഗന്ധം ഉള്ള കീടനാശിനി തളിച്ചതിനെ തുടർന്ന് ഒട്ടേറെ ആളുകൾക്ക് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടു.

 

ഇതേ തുടർന്ന് മണിക്കൂറുകളോളം സമീപത്തെ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കീടനാശിനി തളിക്കുന്നത് നിർത്തി വയ്ക്കാൻ തോട്ടം ഉടമയോട് ആവശ്യപ്പെട്ടു. വേനൽ ക്കാലത്ത് മാത്രം പ്രയോഗിക്കുന്ന രൂക്ഷ ഗന്ധം ഉള്ള കീടനാശിനി തളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കീടനാശിനി ആണ് ഇത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.  

 

കുപ്പി മാറ്റി തട്ടിപ്പ്  

 

നിരോധിത കീടനാശിനികൾ മറ്റ് കുപ്പികളിൽ നിറച്ച് എത്തിച്ചാണ് കേരളത്തിൽ വിൽപന നടത്തുന്നത്. കേരളത്തിൽ നിരോധിച്ചിട്ടുള്ള പല കീടനാശിനികളും തമിഴ്നാട്ടിലും കർ‌ണാടകയിലും നിരോധിച്ചിട്ടില്ല. ഏലത്തിനു വില ഉയർന്നതോടെ ചില കർഷകർ ഗുണമേന്മ കൂടുതൽ ആണെന്ന് തെറ്റിദ്ധരിച്ച് വലിയ വില കൊടുത്ത് ഇത്തരം കീടനാശിനികൾ വാങ്ങുന്നു. തമിഴ്നാട്ടിലെ കമ്പം, ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ഇത്തരം കീടനാശിനികളും ഫ്യൂരിഡാൻ ഉൾപ്പെടെ ഉള്ള നിരോധിത രാസവളങ്ങളും എത്തിക്കുന്ന ഏജൻസികളും വ്യക്തികളും ഉണ്ട്. സാധാരണ യാത്രക്കാർ സഞ്ചരിക്കുന്ന വാനുകളിലും തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങളിലും ആണ് ഇവ യഥേഷ്ടം കടത്തുന്നത്.  

 

അതിർത്തികളിൽ പരിശോധന ഇല്ല

 

അതിർത്തികളിൽ വിൽപന നികുതി ചെക് പോസ്റ്റ് ഓഫിസുകൾ അടച്ചു പൂട്ടിയതിനാൽ പരിശോധനകൾ ഉണ്ടാകാറില്ല. കൃഷി, മൃഗസംരക്ഷണ വകുപ്പുകൾക്കും അതിർത്തി ചെക് പോസ്റ്റുകളിൽ ഓഫിസുകൾ ഇല്ല. നിരോധിത കീടനാശിനികളും വളങ്ങളും പിടികൂടിയാൽ കൃഷി വകുപ്പ് ഏറ്റെടുക്കാറില്ല. അതുകൊണ്ട് അതിർത്തികളിലെ പൊലീസ്, എക്സൈസ്, വനം വകുപ്പ് ചെക് പോസ്റ്റ് ഓഫിസുകളിലെ ഉദ്യോഗസ്ഥരും വാഹനങ്ങളിൽ കടത്തുന്ന കീടനാശികളും വളങ്ങളും പരിശോധിക്കാറില്ല. സ്പൈസസ് ബോർഡും കൃഷി വകുപ്പും സമ്പൂർണ ജൈവ കാർഷിക രീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോൾ ആണ് മണ്ണിന്റെ ജൈവ ഘടന തകർത്ത് മനുഷ്യർക്ക് മാരക രോഗങ്ങൾ വരുത്തി വയ്ക്കുന്ന നിരോധിത കീടനാശിനികളും രാസവളങ്ങളും യഥേഷ്ടം എത്തുന്നത്.  

 

ജൈവ കൃഷി വ്യാപകമാക്കാൻ പരിശീലന പരിപാടി

 

 ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനും കർഷകരുടെ നൈപുണ്യ വികസനത്തിനും ആയി സ്പൈസസ് ബോർഡ് ത്രിദിന പരിശീലന പരിപാടികൾ ആരംഭിച്ചു. പ്രധാന മന്ത്രി കൗശൽ വികാസ് യോജനയിൽ പെടുത്തി ആണ് ജില്ലയിലെ സുഗന്ധവ്യഞ്ജന വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് പരിശീലനം നൽകുന്നത്.  പരിശീലനത്തിനു ശേഷം കർഷകരുടെ നൈപുണ്യം വിലയിരുത്തലും (വൈവ), ഓൺ ലൈൻ പരീക്ഷയും നടക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജൈവ കർഷക സർട്ടിഫിക്കറ്റും 3 വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും 500 രൂപയും ലഭിക്കും. സ്പൈസസ് ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ആർ.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ആണ് ആർപിഎൽ പരിശീലന പരിപാടികൾ നടത്തുന്നത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com