ADVERTISEMENT

പനമരം∙ മഴയാണെങ്കിലും വെയിലാണെങ്കിലും ദുരിതമനുഭിക്കുന്നവരാണ് നെൽക്കർഷകർ. വയലിൽ വെള്ളം കുറഞ്ഞാലും കൂടിയാലും ശ്രദ്ധിച്ചില്ലെങ്കിൽ കീട രോഗബാധ വളരെ വേഗത്തിൽ ഏൽക്കുന്ന കൃഷിയാണ് നെൽക്കൃഷി. എന്നാൽ അൽപം ഒന്ന് ശ്രദ്ധിച്ചാൽ നെല്ല് പോലെ ലാഭകരമായ കൃഷിയില്ലെന്നാണ് പരമ്പരാഗത കർഷകർ പറയുന്നത്. വിളയിറക്കി മാസങ്ങൾക്കുള്ളിൽ വിളവ് എടുക്കാവുന്ന കൃഷിയാണ് നെല്ല്.  

 

ഒരു വർഷം കാലാവസ്ഥ നന്നായി, വയലിൽ വെള്ളമുണ്ട് എങ്കിൽ 3 തവണ കൃഷിയിറക്കാവുന്ന വിളയാണ് നെല്ല്. നെല്ലിന് മാത്രമല്ല പുല്ലിനും വില കിട്ടുന്നതിനാൽ കർഷകർക്ക് ഒരു കൃഷിയിൽ നിന്ന് തന്നെ 2 തരത്തിൽ വരുമാനം ലഭിക്കുന്ന വിളയാണ് നെല്ല്. ഇതുകൊണ്ടു തന്നെയാണ് കർഷകർ നെൽക്കൃഷിയെ സ്നേഹിക്കുന്നതും കൈ ഒഴിയാത്തതും. ജില്ലയിൽ ഏറ്റവും കൂടുതൽ കർഷകർ നെൽക്കൃഷിയിറക്കുന്നത് നഞ്ചയാണ്. നഞ്ചക്കൃഷിക്കായി വയലുകൾ സജീവമാകുന്നതോടെ നെൽക്കർഷകർ അൽപം ശ്രദ്ധിച്ചാൽ നെല്ലിൽ നിന്ന് കൂടുതൽ വരുമാനം നേടാൻ പറ്റും. 

 

 പ്രധാന രോഗങ്ങൾ 

  

കാലവർഷത്തിലെ നഞ്ചക്കൃഷിയെ ആണ് കൂടുതൽ കീട രോഗങ്ങൾ ആക്രമിക്കുന്നത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന് അളവ് കൂടുന്നതിനാൽ കുമിൾ പോലുള്ള രോഗങ്ങൾ നെൽക്കൃഷിയെ നശിപ്പിക്കാറുണ്ട്. കൂടാതെ കുലവാട്ടം, പുള്ളിക്കുത്ത്, പോളചീയൽ, ഓല കരിച്ചിൽ തുടങ്ങി രോഗങ്ങളുടെ പട്ടിക നീളും. 

 

രോഗലക്ഷണങ്ങൾ 

  

നെല്ലോലകളിൽ നീല കലർന്ന തവിട്ടു നിറത്തിൽ കണ്ണിന്റെ ആകൃതിയിൽ കാണുന്ന പുള്ളിക്കുത്തുകളാണ് കുലവാട്ട രോഗത്തിന്റെ ലക്ഷണം. ഞാറ്റടി പറിച്ചു നട്ടു 2-3 ആഴ്ചയോടെയും കതിർ നിറയുന്നതോട് കൂടിയുമാണ് ഈ രോഗം കാണുന്നത്. തവിട്ടു പുള്ളിക്കുത്തുരോഗത്തിന്റെ പ്രധാന ലക്ഷണം നെല്ലോലകളിൽ തവിട്ടു നിറത്തിൽ അണ്ഡാകൃതിയിലോ വൃത്താകൃതിയിലോ കാണുന്ന പുള്ളിക്കുത്തുകളാണ്. രോഗകാരിയായ കുമിൾ നെൽമണികളെയും ബാധിക്കാറുണ്ട്.  

 

വെള്ളക്കെട്ടുള്ള താഴ്ന്ന പാടങ്ങളിൽ സാധാരണയായി കാണുന്ന ഒന്നാണ് പോള രോഗം. ഇല പോളകളിൽ തിളച്ച വെള്ളം വീണു പൊള്ളിയതു പോലെ ചാരനിറം കലർന്ന പച്ച നിറത്തിലുള്ള വലിയ പാടുകൾ കാണാം. ഈ പാടുകൾ വലുതായി ചാരനിറമായി പോളകൾ കരിഞ്ഞു വിള അഴുകി നശിക്കുന്നു. പോളചീയൽ ബാധിക്കുന്നത് കതിരിനെ പൊതിഞ്ഞു കാണുന്ന പോളയിലാണ്. രോഗ ഹേതുവായ കുമിളിന്റെ ആക്രമണം മൂലം കതിർ പതിരായി മാറുന്നു. ഓല കരച്ചിൽ ബാക്ടീരിയ മൂലമുണ്ടാകുന്നതാണ്. ഇലയുടെ അഗ്രഭാഗത്തു തുടങ്ങി മഞ്ഞളിച്ചു 2 വശങ്ങളിലൂടെ താഴെക്ക് വ്യാപിക്കുന്നു. നെൽച്ചെടികൾ വാടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. 

 

ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട 

 

രോഗബാധയുടെ കാരണം കണ്ടെത്തി ഉടനടി മരുന്നുകൾ പ്രയോഗിച്ചാൽ രോഗങ്ങളെ പടിക്കു പുറത്താക്കാൻ പറ്റും. കുമിൾ രോഗമാണെങ്കിൽ കുമിൾനാശിനികൾ ഉപയോഗിക്കണം. പച്ചില വളങ്ങൾ ചേർക്കുന്നത് മണ്ണിന്റെ ഫലപുഷ്ടി വർധിക്കുന്നതിനൊപ്പം പോളരോഗം നിയന്ത്രിക്കുന്നതിനും സഹായിക്കും. പൊട്ടാഷ് വളങ്ങൾ ഉപയോഗിക്കുക വഴി പോള രോഗം നിയന്ത്രിക്കാം. നെല്ലു രോഗങ്ങളെ പ്രതിരോധിക്കാൻ ജല നിയന്ത്രണം ആവശ്യമാണ്. പാടത്ത് അമിതമായി വെള്ളം കെട്ടി നിർത്താൻ അനുവദിക്കരുത്. മണ്ണുപരിശോധിച്ച് കുമ്മായ പ്രയോഗം നടത്തുക വഴി മിക്ക രോഗങ്ങളെയും പാടത്തിനു പുറത്താക്കാം.  

 

ബാക്ടീരിയ വഴിയുള്ള ഓല കരിച്ചിൽ നിയന്ത്രിക്കുവാൻ പച്ച ചാണകം 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൻ എന്ന തോതിൽ കലക്കി തെളി അരിച്ചെടുത്ത് തളിക്കുക. ബ്ലീച്ചിങ് പൗഡർ ഒരു ഹെക്ടറിന് 5 കീ ഗ്രാം എന്ന തോതിൽ പ്രയോഗിക്കുന്നത് ബാക്ടീരിയ മൂലമുണ്ടാകുന്ന ഓല കരിച്ചിൽ തടയും. രോഗബാധ കാണുന്ന സ്ഥലങ്ങളിൽ ഞാറിന്റെ തലപ്പു മുറിക്കുന്നതും മണ്ണ് പോകുവാൻ ചുവട് കഴുകുന്നതും ഒഴിവാക്കണം. ഇത് മുറിവുകളിൽ കൂടി രോഗകാരിയായ ബാക്ടീരിയ ചെടിക്കുള്ളിൽ എത്താൻ കാരണമാകും. നെൽക്കൃഷിയിലെ രോഗങ്ങൾ എല്ലാം നിയന്ത്രിക്കാമെങ്കിലും പ്രതിരോധമാണ് ഏറ്റവും അനുയോജ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com