ADVERTISEMENT

പത്തനംതിട്ട ∙  തോരാമഴയും വെള്ളപ്പൊക്കവും ജില്ലയിൽ വൈദ്യുതി മേഖലയിലും കാർഷികരംഗത്തും വരുത്തിയത്  കോടിക്കണക്കിനു രൂപയുടെ നഷ്ടം. വൈദ്യുതി വിതരണ രംഗത്താണ് നഷ്ടങ്ങളുടെ കണക്ക് ഏറ്റവും കൂടുതൽ. മഴക്കെടുതിയിൽ 4.80 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 378 വൈദ്യുതി തൂണുകളും 330 കിലോമീറ്റർ വിതരണ കമ്പികളും 2 ട്രാൻസ്ഫോമറുകളും വെള്ളമെടുത്തു.  ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ സെക്‌ഷൻ കടപ്രയാണ്. 57 തൂണുകളും 2 ട്രാൻസ്ഫോമറുകളും 24 കിലോമീറ്റർ വിതരണലൈനും പേമാരി കൊണ്ടുപോയി. 

 

വൈദ്യുതി മേഖലയിൽ വ്യാപകനഷ്ടം

 

 ∙ റാന്നി താലൂക്ക് പ്രദേശത്ത് റാന്നി–പെരുനാട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ 8 വൈദ്യുതി തൂണുകളും 42 ഇടങ്ങളിൽ  വൈദ്യുതി ലൈനുകളും തകർന്നു. 6 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.  

 

∙ റാന്നി സൗത്ത് സെക്‌ഷനിൽ 38 തൂണുകളും 40 ഇടങ്ങളിൽ ലൈനുകളും മരം വീണ് ഒടിഞ്ഞ് നശിച്ചു. 12 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.  

 

 ∙ കോഴഞ്ചേരി വൈദ്യുതി സെക്‌ഷനിൽ തൂണുകൾ ഒടിഞ്ഞും ലൈനുകൾ തകരാറിലായും 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്  

 

 ∙ അയിരൂർ, ആറന്മുള സെക്‌ഷനുകളിൽ  2 ലക്ഷം രൂപ വീതവും നഷ്ടം കണക്കാക്കുന്നു. വെള്ളമുയർന്നതിനെ തുടർന്ന് ആറന്മുള  തുരുത്തിമല, നിർവ‌‌‌‌‌ിളാകം ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്തിട്ടിരിക്കുന്നതിനാൽ ഈ പ്ര‌ദേശങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്.  

 

 ∙ വായ്പൂര് വൈദ്യുതി സെക്‌ഷനിൽ കാറ്റിലും മഴയിലും 2.5 ലക്ഷം രൂപയുടെ നഷ്ടം.  

 

 കുളനടയിൽ വൈദ്യുതി തൂണുകൾക്കുണ്ടായ കേടുപാടുകൾക്ക്  2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  

 

 ∙ പന്തളം മേഖലയിൽ വൈദ്യുതി നഷ്ടം 2 ലക്ഷത്തോളമുണ്ട്.  

 

 ∙ കാറ്റിലും മഴയിലും മല്ലപ്പള്ളി സെക്‌ഷന്റെ പരിധിയിൽ മരങ്ങൾ വീണ് 12 തൂണുകളും 11 കെവി ലൈനിന്റെ 2 തൂണുകളും തകർന്നു. 50ൽ ഏറെ സ്ഥലങ്ങളിൽ മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതി കമ്പികൾക്കും നാശം സംഭവിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശമാണുണ്ടായിരിക്കുന്നത്. 

 

കണ്ണീർക്കണക്കുമായി കാർഷികമേഖല

 

 ∙ മഴയിൽ അഴുകിയും വെള്ളം കയറിയും ജില്ലയിലെ കാർഷികവിളകൾക്കുണ്ടായ നഷ്ടം 2.36 കോടി രൂപയുടേത്. ഓണത്തിന് വിളവെടുപ്പ് പ്രതീക്ഷിച്ച ഏത്തവാഴ വിപണിയാണ് കൂടുതലും വെള്ളത്തിലായത്. മല്ലപ്പള്ളി, തിരുവല്ല, റാന്നി മേഖലയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മിക്കയിടങ്ങളിലും പൂർണമായ വിവരങ്ങൾ ലഭിക്കുമ്പോൾ നഷ്ടക്കണക്ക് ഉയരാനാണ് സാധ്യത.  

 

 ∙ കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, കവിയൂർ, കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിലായി 47 ലക്ഷത്തോളം രൂപയുടെ കൃഷിനാശമുണ്ടായതാണ് പ്രാഥമിക കണക്കുകൾ. കുലച്ചതും (6,360 എണ്ണം), കുലയ്ക്കാത്തതുമായ (4,935) ഏത്തവാഴകൾ, 15 ഹെക്ടർ കപ്പ, 5 ഹെക്ടർ കിഴങ്ങുവർഗങ്ങൾ, 6 ഹെക്ടർ പച്ചക്കറി എന്നിവയ്ക്കും നാശമുണ്ടായി. 70 തെങ്ങിൻതൈകൾ, 120 ജാതി എന്നിവ വെള്ളത്തിലകപ്പെട്ടു. കവിയൂർ പുഞ്ചയിലെ 30 ഏക്കർ സ്ഥലത്തെ നെൽകൃഷിയും വെള്ളത്തിലായി. 

 

 ∙ പന്തളം ഭാഗത്ത് കാർഷികവിളകൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളം കയറിയും മഴയിൽ ഒടിഞ്ഞുവീണുമാണ്  വിളകൾ നശിച്ചത്.  

 

 ∙ കോഴഞ്ചരി മേഖലയിൽ 3 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.  

 

 ∙ അടൂരിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 70 ലക്ഷത്തോളം രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്.  

 

 ∙ റാന്നി അങ്ങാ‌ടി, പഴവങ്ങാടി മേഖലയിൽ മാത്രം 7 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.  

 

 ∙ കുളനടയിൽ ഏകദേശം 25 ലക്ഷത്തോളം രൂപയുടെ കൃഷിനാശം പഞ്ചായത്ത് പരിധിയിലുണ്ടായിട്ടുണ്ടെന്ന് പ്രഥമ വിവരം. 10 ഹെക്ടറിലായി  25,000 മൂട് വാഴ മഴയിൽ നശിച്ചു. കപ്പ, പച്ചക്കറി എന്നിവയും വൻതോതിൽ നശിച്ചു.   

 

 ∙ കോട്ടാങ്ങൽ പ‍‍ഞ്ചായത്തിൽ 7.25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ്  പ്രാഥമിക നിഗമനം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com