ADVERTISEMENT

കൊച്ചി∙ മറൈൻഡ്രൈവ് ഹെലിപ്പാഡ് മൈതാനം ഇപ്പോൾ വലിയൊരു പച്ചക്കറിച്ചന്തയാണ്. ചേനയും കാച്ചിലും കപ്പയും വെള്ളരിക്കയും പടവലങ്ങയുമെന്നു വേണ്ട വാഴപ്പഴവും പൈനാപ്പിളുമുൾപ്പെടെയുള്ള കാർഷികോൽപന്ന സമൃദ്ധിയാണു സ്റ്റാളുകളിൽ. ജൈവ, നാടൻ പച്ചക്കറികളായതിനാൽ വാങ്ങാൻ വൻ തിരക്കും. പ്രളയബാധിതരായ കർഷകരുടെ ഉൽപന്നങ്ങൾക്കു മികച്ച വിപണിയൊരുക്കി അതിജീവനത്തിന്റെ പുതിയ കഥയെഴുതുകയാണ് ഈ പച്ചക്കറിച്ചന്ത. കൃഷി ഓഫിസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫിസേഴ്സ് കേരളയുടെ എറണാകുളം ബ്രാഞ്ചാണു പ്രളയം ബാധിച്ച കർഷകർക്കു കൈത്താങ്ങാകാൻ വിപണന മേള സംഘടിപ്പിച്ചത്.പെരിയാർ കരകവിഞ്ഞു നാശം വിതച്ച കോതമംഗലം, അങ്കമാലി, ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ,   പൂതൃക്ക എന്നീ ബ്ലോക്കുകളിൽ നിന്നുള്ള കാർഷിക വിഭവങ്ങളാണു മേളയിലുള്ളത്. 240 കർഷകരുടെ കൃഷിയിടങ്ങളിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ടു സംഭരിച്ചാണ് അസോസിയേഷൻ  വിപണിയിലെത്തിച്ചത്. ഉൽപന്നങ്ങൾ കൊച്ചിയിൽ എത്തിക്കാനുള്ള ചെലവും അസോസിയേഷൻ വഹിച്ചു. സംഭരണ സമയത്തു തന്നെ തൂക്കവും വിലയും രേഖപ്പെടുത്തി കർഷകരെ ബോധ്യപ്പെടുത്തും. വിൽപനയ്ക്കു ശേഷം ഇതേ വില തന്നെ കർഷകനു നൽകും. വിപണി വിലയിൽനിന്നു വ്യത്യാസമില്ല എന്നതിനാൽ ഉപയോക്താവിന് അധികഭാരം ഉണ്ടാവില്ലെന്ന മെച്ചവുമുണ്ടെന്ന് അസോസിയേഷൻ ഭാരവാഹിയും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ജോൺ ഷെറി പറയുന്നു.  

കർഷകന്റെ കണ്ണീരൊപ്പുന്ന ഇത്തരം സംരംഭങ്ങൾ മാതൃകയാണെന്നു സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രളയം പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ നഷ്ടങ്ങളിൽ പതറിപ്പോകുന്ന കർഷകൻ സർക്കാർ സഹായത്തിനു കാത്തുനിൽക്കുകയും കൂടുതൽ നഷ്ടങ്ങൾ സംഭവിക്കുകയുമാണു പതിവ്. എന്നാൽ വളരെപ്പെട്ടെന്നു വിളകൾക്കു മികച്ച വിപണി കണ്ടെത്തിക്കൊടുത്തതിലൂടെ പിടിച്ചുനിൽക്കാനുള്ള കരുത്തു കർഷകർക്കു പകരാനായി. അസോസിയേഷന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com