ADVERTISEMENT

കൊച്ചി ∙ പ്രളയശേഷം കേരളത്തിൽ ആദ്യമായി നേന്ത്രവാഴകളിൽ ഗുരുതരമായ ബ്ലാസ്റ്റ് രോഗം കണ്ടെത്തി. കായയുടെ തൊലിപ്പുറത്തു കുത്തുകുത്തു പോലെ വരുന്ന രോഗബാധ പിന്നീടു കായ് പൊട്ടി ഇൗച്ച മുട്ടയിട്ടു കേടു വരുന്നതാണു രോഗം. വിളവെടുക്കാൻ പാകമായ കുലകളിൽ വരുന്ന രോഗബാധ നിയന്ത്രിക്കാനായില്ലെങ്കിൽ കൃഷി പൂർത്തിയായവർക്കു പോലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിവയ്ക്കും. 2014ൽ ഒഡീഷയിൽ സമാനമായ രോഗം ഗ്രാൻഡ്നെയിൻ വാഴയിൽ കണ്ടെത്തിയിരുന്നു. ടിഷ്യു കൾച്ചർ വാഴത്തൈകളുടെ ഇലയിലും ഇളം തണ്ടിലും ദീർഘ വൃത്താകൃതിയിൽ ഇളം തവിട്ടു നിറത്തിലും ചുറ്റിലും മഞ്ഞ നിറത്തിലും പുള്ളികൾ കാണുന്നതാണു രോഗ ലക്ഷണം. തോട്ടങ്ങളിൽ വാഴയുടെ ഇളം നാമ്പുകളിലും കുലയുടെ നാവിലയിലും പുള്ളിക്കുത്തുകൾ പ്രതൃക്ഷപ്പെടും. ഇതു പിന്നീടു കുലയുടെ തണ്ട്, കായുടെ തൊലി എന്നിവയിലേക്കു വ്യാപിക്കും. പാകമായ കായിൽ സൂചിക്കുത്തുപോലെ തവിട്ടു പുള്ളികൾ ഉണ്ടാവും.

പുള്ളികൾ കൂടിച്ചേർന്ന് കായകൾ വിണ്ടുകീറും. കായീച്ച, പഴം ഇൗച്ച എന്നിവ ഇൗ വിള്ളലുകളിൽ മുട്ടിയിട്ടു പുഴുക്കളാവും. ഇതുമൂലം കുലകൾ വിൽക്കാൻ കഴിയാതെ വരും. ഗ്രാൻഡ്നെയിൻ, പൂവൻ, ഞാലിപ്പൂവൻ വാഴകളിലും രോഗ സാധ്യതയുണ്ട്. കുമിൾ നാശിനിയായ ഹെക്സാകോണസോൾ 0.5 മില്ലിലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു നാവിലയിലും ഇലകളിലും തളിച്ച് രോഗം നിയന്ത്രിക്കാം. ഉണങ്ങിയ ഇലകൾ മുറിച്ചെടുത്തു നശിപ്പിക്കുന്നതും രോഗം നിയന്ത്രിക്കാൻ ഉപകരിക്കും. ആലങ്ങാട് പഞ്ചായത്തിലെ 1,500 വാഴകളുള്ള ഒരു തോട്ടത്തിൽ 750 വാഴകൾ രോഗ ബാധമൂലം നശിച്ചതായി കൃഷി വകുപ്പിന്റെ മൾട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ടീം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഡോ. വിമി ലൂയിസ്, ഡോ. ഗവാസ് രാഗേഷ്, ഡോ. സംഗീത, ഡോ. ശ്രീലത എന്നിവർ സംഘത്തിലുണ്ടായിരുന്നു. പട്ടാളപ്പുഴു, മാണപ്പുഴു ആക്രമണവും പനാമാ വാട്ടം, മാണമഴുകൽ തുടങ്ങിയ രോഗങ്ങളുമാണ് ഇതുവരെ നേന്ത്രവാഴകളിൽ കണ്ടുരുന്നത്. നെൽച്ചെടിയെ ബാധിക്കുന്ന ബ്ലാസ്റ്റ് രോഗത്തിനു കാരണമായ പൈറ്റിക്കുലേറിയ കുമിളിന്റെ ഗണത്തിൽപെട്ട പൈറ്റിക്കുലേറിയ അംഗുലേറ്റയാണു വാഴയിലെ ബ്ലാസ്റ്റ് രോഗത്തിനു കാരണമെന്ന് കൃഷി ശാസ്ത്രജ്ഞർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com