ADVERTISEMENT

കട്ടപ്പന ∙ ഏലക്കായയുടെ വില ഇ- ലേലത്തിൽ കൂപ്പുകുത്തുന്നു. 1 കിലോഗ്രാം ഏലക്കായയ്ക്കു 16 ദിവസത്തിനിടെ ഉയർന്ന വിലയിൽ 3617 രൂപയുടെയും ശരാശരി വിലയിൽ 2111 രൂപയുടെയും ഇടിവാണ് ഉണ്ടായത്. ശനിയാഴ്ചത്തെയും ഇന്നലത്തെയും ലേലങ്ങളിൽ ഉയർന്ന വിലയിൽ 383 രൂപയുടെയും ശരാശരി വിലയിൽ 437 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ലേലത്തിൽ രേഖപ്പെടുത്തിയ ഉയർന്ന വില 3766 രൂപയും ശരാശരി വില 3059.5 രൂപയുമായിരുന്നു.   

ഇന്നലെ നടന്ന കുമളി കാർഡമം പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലേലത്തിൽ ഉയർന്ന വില 3383 രൂപയും ശരാശരി വില 2622.52 രൂപയുമായി. ജൂൺ 24നുശേഷം ആദ്യമായാണ് ശരാശരി വില 3000 രൂപയ്ക്കു താഴെ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 3നു നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിലെ ഉയർന്ന വില 7000 രൂപയും അതേദിവസത്തെ വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിലെ ശരാശരി വില 4733.19 രൂപയുമാണ് ഇതുവരെയുള്ള റെക്കോർഡ്.   

ഏലക്കായയുടെ വില റെക്കോർഡ് ഭേദിച്ചു മുന്നേറിയപ്പോൾ കാര്യമായ ഗുണം ലഭിക്കാതിരുന്ന കർഷകർ ഈ സീസണിലെ വിളവെടുപ്പ് ആരംഭിച്ച സമയത്താണ് വില ഇടിഞ്ഞു തുടങ്ങിയിരിക്കുന്നത്. വിൽപനയ്ക്കു വരുന്ന ഏലക്കായയുടെ അളവിൽ കാര്യമായ വർധന ഉണ്ടാകാതിരുന്നിട്ടും വില ഇടിയുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു. മുൻപ് ഒരുലക്ഷം കിലോയോളം ഏലക്കായ വിൽപനയ്ക്ക് എത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 30,000 കിലോഗ്രാമിൽ താഴെ മാത്രമാണ് ഏലക്കായ ലേലത്തിന് എത്തുന്നത്.   

ശരാശരി വിലയെ ആശ്രയിച്ചാണ് പൊതുവിപണിയിൽ ഏലക്കായയുടെ വില നിശ്ചയിക്കുന്നത്. അതിനാൽ ശരാശരി വിലയിൽ ഉണ്ടായ ഇടിവ് വിപണിയെ കാര്യമായി ബാധിക്കുകയും ഈ സീസണിലെ വിളവുമായി എത്തുന്ന കർഷകർക്കു കാര്യമായ മെച്ചം ഉണ്ടാകാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 10നുശേഷം ഏലക്കായുടെ ശരാശരി വില 4000 രൂപയ്ക്കു മുകളിൽ ഉയർന്നിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ഉയർന്ന വിലയിലും കുറവ് രേഖപ്പെടുത്തുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com