ADVERTISEMENT

ചാലക്കുടി ∙ മേഖലയിൽ വാഴയ്ക്കു പാനമ വാട്ടരോഗം ബാധിച്ചതോടെ കർഷകർ ആശങ്കയിൽ. അലവി സെന്ററിൽ ഇലഞ്ഞിക്കൽ മേനാച്ചേരി ഡെയ്സൻ സ്ഥലം പാട്ടത്തിന് എടുത്തു കൃഷിയിറക്കിയ കുലച്ച 150 പൂവൻ വാഴകൾ രോഗബാധയിൽ നശിച്ചു. നഗരസഭ കൃഷി ഓഫിസർ എത്തി പരിശോധിച്ചതോടെയാണ്  പാനമ വാട്ടം ആണെന്നു തിരിച്ചറിഞ്ഞത്.   

 

കൃഷിയോടുള്ള താൽപര്യം കാരണം മറ്റു ജോലിക്കൊപ്പം വാഴയും പച്ചക്കറിയും കൃഷിയിറക്കുന്നയാളാണ് ഡെയ്സൻ. ഇല പഴുക്കുകയും ഉണക്കു ബാധിക്കുകയും കുല ഒടിഞ്ഞു വീഴുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷണം. നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ കർഷകർ കണ്ണീരിലാണ്.   

 

പാനമാവാട്ടം എന്നാൽ

 

വാഴയെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണു പാനമാ വിൽറ്റ്.  ഇലയുടെ പെട്ടെന്നുളള വാട്ടവും വാടിയ ഇലകൾ വാഴത്തടക്ക്‌ ചുറ്റും തൂങ്ങികിടക്കുന്നതുമാണ്‌ പ്രാരംഭ ലക്ഷണങ്ങൾ. വാട്ടം ബാധിച്ച വാഴ ഉണങ്ങി നശിക്കുന്നു. രോഗം ബാധിച്ച കുലകൾ കയറ്റുമതി വിപണിയിൽ നിരസിക്കപ്പെടുന്നു.  

 

ഒടിഞ്ഞു വീണാലും വാഴയില പച്ചനിറത്തിൽ തന്നെയായിരിക്കും. മറ്റെല്ലാ ഇലകളും വാടി മഞ്ഞയോ ഓറഞ്ചോ നിറമായി നശിച്ചു തൂങ്ങിയാലും കൂമ്പിലച്ചുരുൾ പച്ച നിറത്തിൽ എഴുന്നേറ്റു നിൽക്കുന്നതും കാണാം. പ്രായം ചെന്ന ഇലകൾ മഞ്ഞയ്ക്കുകയും അതോടൊപ്പം പുറം പോളയിൽ വലിയ രൂപത്തിൽ നിറവ്യത്യാസവും പ്രകടമാകും. ഇലയുടെ അരികുകളിൽ കണ്ടു തുടങ്ങുന്ന മഞ്ഞപ്പ്‌ ഇലത്തണ്ടിന് അഭിമുഖമായി വ്യാപിക്കുന്നു.

 

വാഴത്തടയിൽ പുറം പോള മണ്ണിനു മുകളിലുളള ഭാഗത്തു നീളത്തിൽ പൊട്ടുന്നു. വാഴത്തട കട്ടി കൂടുകയും ചെയ്യുന്നു. വേരുകൾ ചുവപ്പു നിറം ബാധിച്ചു ചീയുകയും ചെയ്യും. രോഗബാധയേറ്റാൽ ദുർഗന്ധം വമിപ്പിക്കുമെന്നതാണു മറ്റൊരു പ്രത്യേകത. വളരെ പെട്ടെന്ന് പടരുന്ന രോഗമാണിത്. മണ്ണുജന്യ ഫംഗസായ ഫ്യൂസേറിയം ഓക്സിസ്പോറമാണു രോഗം പരത്തുന്നത്‌.  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com