ADVERTISEMENT

പ്രളയാനന്തരം മണ്ണിന്റെ ജൈവാംശം കുറഞ്ഞ് അമ്ലരസം കൂടി. മേൽമണ്ണ് ഒലിച്ചുപോയ മലയോരമേഖലകളിലും കുന്നിൻപ്രദേശങ്ങളിലും നൈട്രജൻ, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ എന്നിവയും നഷ്ടപ്പെട്ടു.  ചികിത്സ വേണ്ടതു ചെടിയിൽ മാത്രമല്ല, മണ്ണിൽക്കൂടിയാണ്.  വിളവിറക്കും മുൻപ് മണ്ണുപരിശോധന നടത്തണമെന്നു മണ്ണു പര്യവേഷണ–ഗവേഷണ വകുപ്പ് നിഷ്കർഷിക്കുന്നു. മണ്ണു പരിപാലിക്കാൻ നടപടി  വേണം. പതിവു വളപ്രയോഗം ഇനി മതിയാകില്ല. മണ്ണിന്റെ ഘടന മാറ്റവും സൂക്ഷ്മ ജീവികളുടെ എണ്ണത്തിലും പ്രവർത്തനത്തിലുമുള്ള മാറ്റവുമാണു  പ്രളയാനന്തരം കാർഷിക മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. 

 

നേരെയാകാൻ 5 വർഷം

 

2018 ലെ പ്രളയത്തിൽ ഒലിച്ചു വന്ന എക്കൽ അടിഞ്ഞ് കേരളത്തിൽ പലയിടത്തും നെൽ  ഉൽപാദനം കൂടി. അതു ശാശ്വതമല്ലെന്നു കൃഷിവകുപ്പ് പറയുന്നു.  രണ്ടോ മൂന്നോ വിള കഴിഞ്ഞാൽ മണ്ണിന്റെ ഗുണമേന്മ നഷ്ടമാകുമെന്നു കൃഷിവകുപ്പ് മുന്നറിയിപ്പു നൽകുന്നു.    ജൈവാംശം ഒലിച്ചുപോയ മണ്ണ് വീണ്ടും പഴയ സ്ഥിതിയിൽ എത്താൻ കുറഞ്ഞത് 5  വർഷം വേണം.

 

കഴിഞ്ഞ തവണ മണ്ണു നന്നായി പരുവപ്പെട്ടിരുന്നു. ജൈവാംശങ്ങൾക്കു പുറമേ സൂക്ഷ്മജീവികൾ പെരുകിയതും ഗുണമായി. എന്നാൽ, ഇത്തവണ ആ അനുകൂലാവസ്ഥ ഉണ്ടാകാൻ സാധ്യതയില്ലെന്നു കൃഷിശാസ്ത്രജ്ഞർ പറയുന്നു. 

 

കുട്ടനാട്ടിൽ മാത്രം 19 മടവീഴ്ച

 

കഴിഞ്ഞ തവണ, പ്രളയത്തിനു ശേഷമുള്ള ആദ്യ കൃഷിക്കു കൃത്യസമയത്തു വിതച്ചിരുന്നു. നല്ല വിത്തു കിട്ടി. കൊയ്ത്തും കൃത്യസമയത്തു നടന്നു.ഇത്തവണയും അതേ ഏകോപനമുണ്ടെങ്കിൽ അടുത്ത കൃഷി മികച്ചതാക്കാമെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇപ്പോഴും വെള്ളം നിൽക്കുന്ന പാടങ്ങളിൽ ക്രമേണ പമ്പിങ് നടത്തി വറ്റിക്കണം. കൃഷി തുടങ്ങാൻ വൈകിയ പാടങ്ങളിൽ മാത്രമായി ഇനി പെട്ടെന്നു കൃഷിയിറക്കാൻ കഴിയില്ല. അടുത്ത സീസണിനായി തയാറെടുക്കുകയേ മാർഗമുള്ളൂ. കുട്ടനാട്ടിൽ മാത്രം 19 മടവീഴ്ചയുണ്ടായി. പൂർണമായും വെള്ളത്തിലാകാത്ത പാടങ്ങളുമുണ്ട്. അവയെയും പൂർണ നഷ്ടമായി കണക്കാക്കണമെന്നാണു വിദഗ്ധരുടെ നിർദേശം.

 

സഹായമേകി കൃഷി വകുപ്പ്

 

മണ്ണിന്റെ അമ്ലരസം മാറ്റുന്നതിനും മഗ്നീഷ്യത്തിന്റ പോരായ്മ പരിഹരിക്കുന്നതിനുമായി കൃഷി ഓഫിസുകൾ വഴി ഡോളോമൈറ്റ് വിതരണം ചെയ്യുന്നുണ്ട്. പച്ചക്കറി, വാഴ, തെങ്ങ് തുടങ്ങിയവയ്ക്കെല്ലാം ഇത് ഉപയോഗിക്കാം. കൃഷിഭൂമിയിൽ ചെളി നിറഞ്ഞവർക്ക് ഹെക്ടറൊന്നിന്ന് 12,500 രൂപയും ഭൂമി പാടേ ഒഴുകിപ്പോയവർക്ക് ഹെക്ടറിന് 37,500 രൂപയും കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com