ADVERTISEMENT

പേരാവൂർ ∙ വെളിച്ചെണ്ണ വിലയ്ക്കൊപ്പം വഴുതി വീഴാറുള്ള തേങ്ങയുടെ വില നാളികേര കർഷകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കാറുള്ളത്. വെളിച്ചെണ്ണയും സോപ്പും ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കർഷകർക്കു കൈത്താങ്ങാവുകയാണ് കർഷ സംരംഭമായ ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. തെങ്ങു കൃഷിയുടെ പ്രോത്സാഹനവും കമ്പനിയുടെ ലക്ഷ്യമാണ്. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ ആറളം, അയ്യൻകുന്ന്, പായം പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമുള്ള നാളികേര ഉൽപാദക ഫെഡറേഷനുകളുടെ സംരംഭമാണിത്. 8 ഫെഡറേഷനുകളുടെ കീഴിലെ 113 നാളികേര ഉൽപാദക സംഘങ്ങളിൽ അംഗങ്ങളായ 4677 നാളികേര കർഷകരാണു കമ്പനി ഉടമകൾ. 

 മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാടിനു സമീപം കൂടലാടാണ് ആസ്ഥാനം. വെളിച്ചെണ്ണയാണു കമ്പനിയുടെ പ്രധാന ഉൽപന്നം. ‌ഉരുക്കെണ്ണ അഥവാ വിർജിൻ ഓയിലും വെളിച്ചെണ്ണ ഉപയോഗിച്ചുള്ള രണ്ടിനം കുളി സോപ്പുകളും ഇവർ ഉൽപാദിപ്പിക്കുന്നുണ്ട്. യന്ത്ര ചക്കുകളിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഐകോക്ക് എന്ന ബ്രാൻഡിൽ പൊതുവിപണിയിൽ ലഭ്യമാണ്. പിണ്ണാക്കും വിൽപനയ്ക്കുണ്ട്. ക്ഷീര സംഘങ്ങൾ വഴിയും പൊതുവിപണി വഴിയുമാണ് പിണ്ണാക്കിന്റെ വിപണനം. സംഘങ്ങളിലെ അംഗങ്ങളായ കർഷകരിൽ നിന്നാണു തേങ്ങ സംഭരിക്കുന്നത്. വിപണി വിലയേക്കാൾ ഒന്നര രൂപ അധികം നൽകിയാണു തേങ്ങ വാങ്ങുന്നത്.  

 കർഷകർ നേരിട്ടു കമ്പനിയിലോ കോക്കനട്ട് പോയിന്റുകളിലോ എത്തിക്കണം. നാളികേര ഫെഡറേഷനുകളുടെ പ്രതിനിധികളായ ഒൻപതംഗ ഡയറക്ടർ ബോർഡാണു ഭരണ നിർവഹണം നടത്തുന്നത്.  കൊട്ടിയൂർ ഫെഡറേഷനിൽ നിന്നുള്ള എൻ.ജെ.ജോസഫ് നമ്പുടാകമാണ് ചെയർമാൻ. പി.സി.സ്കറിയ വൈസ് ചെയർമാനാണ്. തോമസ് കല്ലുകുളങ്ങര, ശ്രീകുമാർ കൂടത്തിൽ, വി.കെ.ജോസഫ്, ജോസ് മാപ്പിളപറമ്പിൽ, മുഹമ്മദ് ബഷീർ, മത്തായി മൂലേച്ചാലിൽ, ടി.എ.അഗസ്റ്റിൻ എന്നിവരാണു ഡയറക്ടർമാർ.  

 നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ടാണ് സംഘങ്ങളും ഫെഡറേഷനുകളും ആരംഭിച്ചത്. പ്രായമായതും രോഗം ബാധിച്ചതുമായ തെങ്ങുകൾ വെട്ടിനീക്കി പുതിയവ നടാൻ സഹായിക്കുക, വളങ്ങൾ കർഷകർക്ക് എത്തിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണു ബോർഡ് ചെയ്യുന്നത്. നാളികേരത്തെ മൂല്യ വർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള ബോർഡിന്റെ ആശയത്തിനു ചുവടു പിടിച്ചാണ് 2015 ൽ കമ്പനി ആരംഭിച്ചത്. 2016ൽ ഉൽപാദനം ആരംഭിച്ചു. സർക്കാർ തലത്തിൽ സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com