ADVERTISEMENT

ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കൃഷി ഭൂമിയോ പട്ടയമോ ലഭിക്കാത്ത ആദിവാസികളെ കർഷകരാക്കി മാറ്റാനുള്ള കൃഷി വകുപ്പിന്റെ ശ്രമം വിജയത്തിലേക്ക്. പട്ടയം ലഭിച്ചിട്ടും കൃഷി ചെയ്യാതെയും ഉടമകൾ തിരിഞ്ഞു നോക്കാതെയും കാടു മൂടി കിടക്കുന്ന ഏക്കർ കണക്കിനു ഭൂമിയാണ് ആറളം പുനരധിവാസ മേഖലയിൽ ഉള്ളത്. പട്ടയം ഇല്ലാത്തവരെയും ഉള്ളവരെയും ഉൾപ്പെടുത്തി സ്വാശ്രയ ഗ്രൂപ്പുകൾ രൂപീകരിച്ചാണു കൃഷി വകുപ്പു തരിശുഭൂമിയെ വിള ഭൂമിയാക്കി മാറ്റാൻ ശ്രമം ആരംഭിച്ചത്.  

 

5 മുതൽ 20 വരെ അംഗങ്ങളുള്ള 6 സ്വാശ്രയ ഗ്രൂപ്പുകളാണ് രൂപീകിരിച്ചത്. ഓരോ ഗ്രൂപ്പുകളും ഓരോ വിള വീതം കൃഷി ചെയ്യുന്നു. കാടുമൂടി കിടക്കുന്ന സ്ഥലങ്ങൾ വെട്ടിത്തെളിച്ച് കൃഷി യോഗ്യമാക്കുന്നതിന് 10000 രൂപയും വിത്തും വളവും കൃഷി വകുപ്പ് ആദ്യം ലഭ്യമാക്കി. വിളവ് നൂറു മേനിയായതോടെ ഉൽപന്നങ്ങൾക്ക് ന്യായ വില ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.  കരനെൽകൃഷിയാണ് ആദ്യം ചെയ്തത്. പിന്നീട് വാഴ, ചെമ്പ് , ചേന, പയറു വർഗ്ഗങ്ങൾ, എള്ള് എന്നിവയും കൃഷി ചെയ്തു. വിത്തിറക്കുന്നതിനും കള പറിക്കുന്നതനും വളം ഇടുന്നതിനും  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശങ്ങളുമായി കർഷകർക്ക് ഒപ്പം തന്നെ നിന്നു. ചതിരൂർ 110 കോളനിയിൽ നിന്നും എത്തിയതാണ് പട്ടയമില്ലാത്ത കുടുംബങ്ങളിൽ ഏറെയും.  

 

ഇവരിൽ പലർക്കും സ്വന്തമായി വീടോ റേഷൻ കാർഡോ ഇല്ല. പലർക്കും പട്ടയവുമില്ല. പദ്ധതി വിജയമായതോടെ ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു തരിശു ഭൂമി വിളഭൂമിയാക്കിയ കർഷരെ കഴിഞ്ഞ ദിവസം ആദരിച്ചു.  ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലാൻസ് ടി. ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ. സാവിത്രി, കൃഷി അസിസ്റ്റന്റ് ഡയരക്ടർ വി. ലത, ആറളം കൃഷി ഓഫീസർ ഫ്രാൻസിസ് ക്രിസ്റ്റി, കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ്, ഊരുമൂപ്പൻ സുകുമാരൻ എന്നിവരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com