sections
MORE

ഓണക്കിനാവിൽ തമിഴ്പേശും പൂപ്പാടങ്ങൾ

ചിന്നമന്നൂരിലെ പൂപ്പാടം
ചിന്നമന്നൂരിലെ പൂപ്പാടം
SHARE

കുമളി ∙ ഓണ വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് തമിഴ്നാട്ടിലെ പൂ കർഷകർ. കഴിഞ്ഞ ഓണക്കാലത്ത് കേരളം പ്രളയത്തിന്റെ പിടിയിലായപ്പോൾ കനത്ത നഷ്ടമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ആ നഷ്ടം നികത്താൻ കഴിയില്ലെങ്കിലും മികച്ച വില ലഭിച്ചാൽ മതിയെന്നാണ് ഇവരുടെ പ്രാർഥന.ഓണവിപണിയും അതോടനുബന്ധിച്ച് വരുന്ന വിനായകചതുർഥിയും പൂക്കൾക്ക് ഏറെ ആവശ്യമുള്ള സമയമാണ്. ഈ സീസണിൽ ഏറെ ആവശ്യമുള്ള വെന്തി, കോഴിപ്പൂവ് തുടങ്ങിയവയാണ് കൂടുതലായി കൃഷി ചെയ്യുക. 

ആവശ്യക്കാർ ഇല്ലെങ്കിൽ ‘കുത്തുപാള എടുക്കും’

കമ്മിഷൻ കടകൾ വഴിയാണ് കർഷകർ പൂക്കൾ വിറ്റഴിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിലെ വ്യാപാരികൾ ഓരോ ദിവസത്തെയും ആവശ്യം അനുസരിച്ച് തലേ ദിവസം പൂക്കൾക്ക് ഓർഡർ നൽകും. ഈ ഓർഡർ അടിസ്ഥാനത്തിൽ മാത്രമാണ് കമ്മിഷൻ കടക്കാർ കർഷകരിൽ നിന്ന് പൂക്കൾ വാങ്ങുക. അതിനാൽ പൂക്കൾക്ക് ആവശ്യക്കാരില്ലെങ്കിൽ നഷ്ടം കർഷകനാണ്. 

ശീലയംപെട്ടിയിൽ 20 കമ്മിഷൻ വ്യാപാരികൾ

കേരളത്തിലേക്ക് പൂക്കൾ എത്തുന്ന പ്രധാന വിപണികളിൽ ഒന്നായ ശീലയംപെട്ടിയിൽ 20 കമ്മിഷൻ വ്യാപാരികളാണ് വ്യാപാരം നിയന്ത്രിക്കുന്നത്. തേനി ജില്ലയിലെ വീരപാണ്ടിക്കും–ചിന്നമന്നൂരിനും ഇടയിലുള്ള 14 ഗ്രാമങ്ങളിൽ നിന്നുള്ള പൂക്കൾ ഈ വിപണിയിൽ എത്തും.  

രാവിലെ 4 മണിക്ക് പ്രവർത്തനം ആരംഭിക്കുന്ന വിപണി ഉച്ചയ്ക്ക് 12 വരെ തുടരും. തലേ ദിവസം ലഭിച്ച ഓർഡർ പ്രകാരമുള്ള പൂക്കൾ രാവിലെ തന്നെ വാഹനങ്ങളിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കും. ഇപ്പോൾ ശരാശരി 3 ടൺ പൂക്കൾ ഈ മാർക്കറ്റിൽ എത്തുന്നുണ്ട്.ഇത്തവണ കർഷകർ വെള്ളം വാങ്ങിയത് വില കൊടുത്ത്. 

മുല്ലപ്പെരിയാർ വെള്ളമില്ല

ജൂണിൽ മഴ ലഭിക്കാതെ വന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം കൃഷിക്ക് ലഭിക്കാതെ വന്നത് തേനി ജില്ലയിലെ പൂ കർഷകരെയും വെട്ടിലാക്കി. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് സ്ഥിരമായി പൂക്കൾ കൃഷി ചെയ്യാറുള്ള കർഷകർ കൃഷിക്കായി വെള്ളം വില കൊടുത്തു വാങ്ങിയാണ് പ്രതിസന്ധിയെ അതിജീവിച്ചത്.  

ചില തോട്ടങ്ങളിൽ പൂക്കൾ പാകമായി നിൽക്കുന്നെങ്കിലും അത്തം തുടങ്ങിയ ശേഷം വിളവെടുക്കാനായി കാത്തിരിക്കുകയാണ്. കൃത്യമായ ഇടവേളയിൽ പൂക്കൾ എടുത്തില്ലെങ്കിൽ ചെടി നശിക്കും. അതിനാൽ‍ ചില തോട്ടങ്ങളിൽ വിളവെടുപ്പ് നടക്കുന്നുണ്ട്. എങ്കിലും ഇവരുടെ പ്രധാന പ്രതീക്ഷ ഓണവും വിനായക ചതുർഥിയുമാണ്. 

വില ഉയരുന്നതും കാത്ത് കർഷകർ 

ഇപ്പോൾ മുല്ലപ്പൂവിനും അരളിക്കും മാത്രമാണ് ഉയർന്ന വില കർഷകർക്ക് ലഭിക്കുന്നത്. അടുത്ത ദിവസം ഒരു കിലോ മുല്ലപ്പൂവിനു 2000 രൂപയ്ക്ക് മുകളിൽ വില ലഭിച്ചിരുന്നു. ഇന്നലെ ചിന്നമന്നൂർ മാർക്കറ്റിൽ 500 രൂപയ്ക്കാണ് ഒരു കിലോ മുല്ലപ്പൂവ് വിറ്റുപോയതെന്ന് വ്യാപാരികൾ പറഞ്ഞു.  

മറ്റ് പൂക്കളുടെ വില കിലോയ്ക്ക് ഇപ്രകാരമാണ്. ഓറഞ്ച് വെന്തി–30, മഞ്ഞ വെന്തി–20, കോഴിപ്പൂവ്– 60, ട്യൂബ് റോസ്–120, റോസ്–70. പ്രധാനമായും ഇവയാണ് ഇവിടെ എത്തുന്നത്. മറ്റിനം പൂക്കൾക്ക് ആവശ്യക്കാർ ഉണ്ടെങ്കിൽ മധുര ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇവ വാങ്ങി ഇടപാടുകാർ‍ക്ക് വ്യാപാരികൾ എത്തിച്ചുകൊടുക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA