ADVERTISEMENT

ഏനാത്ത് ∙ ഓണക്കാലമായതോടെ നാടൻ കാർഷിക വിഭവങ്ങൾക്കു പ്രിയമേറി.  നെൽ കൃഷി ഉപേക്ഷിച്ച നിലങ്ങളിലും കര കൃഷി വ്യാപകമായതോടെ നാടൻ വിഭവങ്ങള്‍ക്കു ക്ഷാമമില്ല. വഴിയോര വിപണികളിലും സ്വാശ്രയ കർഷക വിപണികളുമാണ് നാടൻ വിഭവങ്ങളുടെ വിൽപന കേന്ദ്രങ്ങൾ. ചേന ചേമ്പ്, കാച്ചിൽ എന്നിവയാണ് പച്ചക്കറി വിഭവങ്ങൾക്കൊപ്പം കർഷകർ എത്തിക്കുന്നത്. ഉപ്പേരി വിഭവങ്ങളിൽപ്പെട്ട ചേമ്പിന് ഇപ്പോൾ വിപണിയിൽ 85 രൂപ വരെ വിലയുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് വില  100 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞ പ്രളയ ശേഷം ചേമ്പിന്റെ ഉൽപാദനത്തിൽ നേരിയ കുറവുണ്ടായതിനെ  തുടർന്നാണ് വില ഉയർന്നു നിൽക്കുന്നതെന്ന് കർഷകർ പറയുന്നു. കാച്ചിലിനും 80 രുപ വരെ വിലയുണ്ട്. ചേനയ്ക്ക് 25 രുപയാണ് ഒരു കിലോയുടെ വില. ഒരു കിലോഗ്രാം നാടൻ ഇഞ്ചിക്ക് 170 രൂപയാണ് വില. കൃഷിയിടങ്ങൾക്കു സമീപവും നാടൻ വിഭവങ്ങളുടെ കച്ചവടമുണ്ട്. സ്വാശ്രയ കർഷക വിപണികളിൽ എത്തുന്ന നാടൻ വിഭവങ്ങൾ വിവിധ ജില്ലകളിലെ കച്ചവട കേന്ദ്രങ്ങളിലേക്കാണ് പോകുന്നത്. ഏത്തക്കുലയുടെ വിലയിടിക്കാൻ മറു നാടൻ ഉണ്ടെങ്കിലും മറ്റു വിഭവങ്ങൾക്ക് എതിരാളികളില്ല. ചേമ്പിന്റെ കാര്യത്തിൽ മറുനാടൻ എത്തിയാലും നാടന്റെ പ്രിയത്തിലും വിലയിലും കുറവുണ്ടാവുകയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഏത്തക്കുലയുടെ വില ആഴ്ചകൾകൊണ്ട് 80 ൽ നിന്ന് 50 രൂപയിലെത്തി.  

 

നെൽക്കൃഷിയുടെ വഴിമാറ്റം

 

ഓണക്കാലത്ത് പൊൻകതിർ അണിഞ്ഞു കിടന്നിരുന്ന പാടശേഖരങ്ങളിലെല്ലാം കര കൃഷി വ്യാപകമായി. മിക്കയിടത്തും നെൽക്കൃഷി പേരിനു മാത്രം. നെൽക്കൃഷിയിൽ ഉണ്ടാകുന്ന നഷ്ടക്കണക്കുനിരത്തിയാണ് നിലങ്ങളെ  കര ഭൂമിയാക്കി മാറ്റി വിവിധ കാർഷിക വിളകൾ കൃഷി ചെയ്യുന്നത്. ഇതോടെ ഓണക്കാലത്തെ കൊയ്ത്തും ഓർമയാകുകയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com