ADVERTISEMENT

പട്ടുവം∙ കാലാവസ്ഥയോടു പൊരുതി പൊന്നുവിളയിക്കുകയാണു പട്ടുവം കൃഷിഭവൻ പരിധിയിലെ കയ്യം പച്ചക്കറി ക്ലസ്റ്ററിലെ കർഷകർ. വെയിലും മഴയും കൂടിയും കുറഞ്ഞും കാലംതെറ്റിയുമെല്ലാം പരീക്ഷിച്ചതു ചെടികളുടെ ആരോഗ്യം ചോർത്തിയിട്ടുണ്ട്.  അവയെ കൊച്ചുകുഞ്ഞുങ്ങളെയെന്നപോലെ പരിചരിച്ച് ഓണത്തിനു വിളവെടുക്കാനൊരുങ്ങുകയാണു കർഷകർ. തറമ്മൽ ചന്ദ്രൻ, സി.പ്രശാന്ത്, പി.പി.ബാലകൃഷ്ണൻ, കെ.വി.ബാലൻ തുടങ്ങിയ കർഷകരുടെ നേതൃത്വത്തിൽ മുപ്പതോളം കർഷകരാണു കയ്യം പച്ചക്കറി ക്ലസ്റ്ററിന്റെ ഭാഗമായും അല്ലാതെയും പട്ടുവം പഞ്ചായത്തിൽ കൃഷി ചെയ്യുന്നത്.  

 ക്ലസ്റ്ററിന്റെ ഭാഗമായ 5 ഹെക്ടറിനു പുറമേ പലയിടത്തായി 4 ഹെക്ടറിലേറെ സ്ഥലത്ത് ഇവിടെ മഴക്കാല പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. കയ്പയും വെണ്ടയും പച്ചമുളകും മത്തനും വെള്ളരിയും കക്കിരിയും കുറ്റിപ്പയറുമെല്ലാം വിളയുന്നുണ്ട് ഇവിടെ.  പൂവും കായുമായി ഹൈബ്രിഡ് വെണ്ടകൾ നിരനിരയായി നിൽക്കുന്നതു കാണാൻ എന്തൊരു ചന്തം. രാസവളങ്ങളൊന്നുമില്ല. ചാണകവും കോഴിക്കാഷ്ഠവും കുമ്മായവും പച്ചിലവളങ്ങളുമാണു പ്രയോഗിക്കുന്നത്. പട്ടുവത്തു സ്ഥിരം കൃഷി ഓഫിസറില്ല. 

  കുറുമാത്തൂരിലെ കൃഷി ഓഫിസർ ജോമിലി ജോസിനാണു ചുമതല. എങ്കിലും ജോമിലിയും കൃഷി അസി. ഡയറക്ടറുടെ ചുമതലയുള്ള തളിപ്പറമ്പ് കൃഷി ഓഫിസർ കെ.സപ്നയും കൃഷി അസിസ്റ്റന്റുമാരായ എം.ശ്രീദേവിയും പി.പി.പ്രീതയുമെല്ലാം ഇടയ്ക്കിടെ തോട്ടങ്ങളിലെത്തുന്നത് ഇവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മഴക്കാലത്തു ചെയ്യുന്നതിനേക്കാൾ കൂടുതൽ സ്ഥലത്തു വേനലിൽ പട്ടുവം ഭാഗത്തു കൃഷിയിറക്കാറുണ്ട്. കാലാവസ്ഥ മാത്രമല്ല, പക്ഷികളും മയിലും കാട്ടുപന്നിയുമെല്ലാം കൃഷിക്കു ഭീഷണിയുയർത്തുന്നുണ്ടെന്ന് ഇവർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com