ADVERTISEMENT

മാള∙ അത്തം മുതൽ തിരുവോണം വരെയുള്ള നാളുകളിൽ പൂക്കളമൊരുക്കുവാൻ ചെണ്ടുമല്ലിക്കായി ഇതരസംസ്ഥാനത്തു നിന്നുള്ള പൂക്കളുടെ വരവിന് നിയന്ത്രണമിട്ട് വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്. ഓണദിനങ്ങളിൽ ആവശ്യമുള്ള ചെണ്ടുമല്ലിപ്പൂക്കളും പച്ചക്കറികളും ബാങ്കിന്റെ നേതൃത്വത്തിൽ സ്വന്തമായതും പാട്ടത്തിനെടുത്തതുമായ ഭൂമിയിൽ വിളയിച്ചെടുക്കുകയാണ്. വിവിധ നിറത്തിലുള്ള ചെണ്ടുമല്ലികൾ ഒരേക്കറിലധികം വരുന്ന ഭൂമിയിൽ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരുന്നു. 

കിള്ളിമംഗലം കുളമ്പിലെ തരിശുഭൂമിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഓണത്തിനായി ഒരുക്കിയെടുത്ത ചെണ്ടുമല്ലി കൃഷി വിളവെടുപ്പിനായി ഒരുങ്ങി നിൽക്കുന്നു

 

ഇതിൽ മഞ്ഞ നിറമുള്ള പൂക്കൾ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ളത് മഴക്കെടുതിയിൽ നശിച്ചു. ഓണസദ്യയൊരുക്കുവാനുള്ള പച്ചക്കറികളും വിളവെടുപ്പിനൊരുങ്ങി. നാടൻ ഇനം പച്ചക്കറികളാണ് തോട്ടത്തിലുള്ളത്. പൂക്കളും പച്ചക്കറികളും ബാങ്കിന്റെ ഓണവിപണിയിൽ ലഭ്യമാകുമെന്നും ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് പോളി ആന്റണി, സെക്രട്ടറി ഇ.ഡി.സാബു എന്നിവർ അറിയിച്ചു.  പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 11 കുടുംബങ്ങളിൽ 8 കുടുംബങ്ങൾക്ക് ഓണത്തിനു മുൻപേ ബാങ്ക് വീടൊരുക്കി കൈമാറിയിരുന്നു.

വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ ചെണ്ടുമല്ലിത്തോട്ടത്തിൽ പൂക്കൾ വിളവെടുപ്പിനൊരുങ്ങിയപ്പോൾ

 

തരിശിൽ ചെണ്ടുമല്ലി വിരിയിച്ച് പെൺകരുത്ത്

 

കിള്ളിമംഗലം∙ പേമാരിയും പ്രളയവും പൂവ് കൃഷിയെ മുക്കിയെങ്കിലും ഓണത്തെ വരവേൽക്കാൻ പെൺകരുത്തിന്റെ തണലിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പുകൾ നാടിന് നിറക്കാഴ്ചയൊരുക്കി. പാഞ്ഞാൾ പഞ്ചായത്തിലെ ഏഴാം വാർഡായ കിളളിമംഗലം കുളമ്പ് പ്രദേശത്തെ തരിശുഭൂമിയിലാണ് തൊഴിലുറപ്പ് തൊഴിലാളി സംഘത്തിലെ പതിമൂന്നു പേർ കൃഷിയിറക്കിയത്. തരിശായി കിടന്നിരുന്ന 20 സെന്റ് ഭൂമിയിൽ ജൂണിലാണ് സംഘം പരീക്ഷണടിസ്ഥാനത്തിൽ ചെണ്ടുമല്ലി കൃഷി ഇറക്കിയത്. 700 ചെണ്ടുമല്ലിത്തൈകളാണ് നട്ടത്.

 

കഴിഞ്ഞ മാസത്തിലുണ്ടായ പ്രളയത്തിൽ പ്രദേശത്തെ നെൽപാടങ്ങളോടൊപ്പം ഇവരുടെ പൂവ് കൃഷിയും ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളം വറ്റിയതോടെ 200 തൈകൾ ഒലിച്ചു പോയെങ്കിലും പിന്നീടുള്ള ഓരോ ദിവസങ്ങളിലും സംഘം നടത്തിയ കഠിന പരിശ്രമം ഫലം കാണുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത് ഓവർസിയർ ഷീബ ചാക്കോയാണ് ഇവർക്കു പ്രചോദനമെന്ന് പത്മാവതി, ലത, പ്രഭാവതി, രജിനി എന്നിവർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com