ADVERTISEMENT

തൃക്കരിപ്പൂർ∙ കാലിത്തീറ്റയുടെ വില വർധന പിടി കൊടുക്കാതെ. വില വർധന മൂലം പിടിച്ചു നിൽക്കാൻ കഴിയാതെ ക്ഷീര കർഷകർ പെടാപ്പാടിൽ. കർഷകരെ സംരക്ഷിക്കാൻ പദ്ധതി ഉണ്ടായില്ലെങ്കിൽ ക്ഷീര മേഖലയിൽ നിന്നു കർഷകർ കൂട്ടത്തോടെ കൊഴിഞ്ഞു പോകും. കഴിഞ്ഞ ഒരു വർഷത്തിനകം കാലിത്തീറ്റയുടെ വിലയിൽ 27 ശതമാനം വർധന ഉണ്ടായി. 1050 രൂപയായിരുന്നു കഴിഞ്ഞ ഓഗസ്റ്റിൽ ചാക്കൊന്നിനു കാലിത്തീറ്റയുടെ വില. ഇപ്പോഴത് 1330 രൂപയിൽ എത്തി നിൽക്കുകയാണ്. 280 രൂപയുടെ വർധന. അതേ സമയം മിൽമ പാലിനു വില വർധിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കുന്നുമില്ല. 

 

ലീറ്ററിനു 34 മുതൽ 37 രൂപ വരെയാണ് കർഷകർക്ക് ക്ഷീര സംഘങ്ങൾ നൽകുന്ന വില. ഗുണ നിലവാര പരിശോധന നടത്തിയ ശേഷമുള്ള വിലയാണിത്. പാലിനു വില കൂട്ടി നൽകിയില്ലെങ്കിലും തീറ്റയുടെ വില വർധന പിടിച്ചു നിർത്താൻ മാർഗ്ഗമുണ്ടോയെന്നാണു കർഷകർ ആരായുന്നത്. കർഷകരിൽ പലരും പശുക്കളെ വിറ്റും മറ്റുമാണ് ഈ രംഗത്തു തുടരുന്നത്. പരമ്പരാഗതമായി ക്ഷീര മേഖലയിൽ കഴിയുന്നവ ഇവർക്ക്  നഷ്ടമാണെങ്കിലും എളുപ്പത്തിൽ ഈ രംഗത്തു നിന്നു പിരിഞ്ഞു പോകാൻ മനസ്സനുവദിക്കുന്നില്ല.  

 

വൈക്കോലിന്റെ വില വർധനയ്ക്കും ക്ഷാമത്തിനും പിന്നാലെയാണ് തീറ്റ വിലയിലെ കർഷകരുടെ ദുരിതം. ഇതു കൊണ്ടും തീരുന്നില്ല, ഈ മാസം വില വീണ്ടും വർധിപ്പിക്കുമെന്നു തീറ്റ നിർമാതാക്കളുടെ മുന്നറിയിപ്പു വന്നു കഴിഞ്ഞു. വടക്കെ ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം വിലക്കയറ്റത്തിനു കാരണമായി നിരത്തുന്നുണ്ട്. പരുത്തിപ്പിണ്ണാക്കും ഗോതമ്പ്, അവൽ എന്നിവയുടെ തവിടുകളും വാങ്ങി നൽകിയിരുന്ന കർഷകർ അവയ്ക്കുണ്ടായ വില വർധന നിമിത്തം മറ്റു മാർഗങ്ങൾ തേടുകയാണ്. 

 

ഗോതമ്പ് തവിടിനു മാത്രം വർധിച്ച വില 380 രൂപയാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ ഗോവർധിനി പദ്ധതിയിൽ കിടാരികൾക്കുള്ള സബ്സിഡി തീറ്റയും ക്ഷീര വികസന വകുപ്പിൽ നിന്നു  പാലിനു ലഭിക്കുന്ന ആനുകൂല്യവും മാത്രമാണ് ചെറിയൊരു ആശ്വാസം. പക്ഷേ, ക്ഷീര മേഖലയിലെ വൻകിട കർഷകർക്കു പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത വിധമുള്ളതാണ് അടിക്കടിയുള്ള വിലക്കയറ്റം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com