sections
MORE

തമിഴ് മണ്ണൊരുങ്ങി; നമുക്ക് ഓണമൊരുക്കാൻ

kollam-flowwers
SHARE

തെന്മല ∙ ഓണക്കാലമെത്തിയതോടെ പതിവുപോലെ തമിഴ്പാടങ്ങൾ ഇക്കുറിയും സജീവമായി.  നമ്മൾ അത്തപ്പൂക്കളമിടുന്നതും  സദ്യയ്ക്കുള്ള തൂശനില വിരിക്കുന്നതും മനസ്സിൽക്കണ്ടു   കഠിനാധ്വാനം ചെയ്യുകയാണു തമിഴ് കർഷകർ.  ഓണനാളിനു മാസങ്ങൾക്കു മുൻപേ അവർ ഒരുക്കങ്ങൾ ആരംഭിക്കും. പൂവും പച്ചക്കറിയുമെല്ലാം ഓണത്തിനു പരുവമാകത്തക്ക വിധത്തിലാണു കൃഷിരീതിതന്നെ. അത്തം പിറക്കുന്നതുമുതൽ 10 ദിവസവും പൂവിനു വൻമാർക്കറ്റാണ്.  

തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെ പൂവ് മാർക്കറ്റിൽ നിന്നാണു കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കുള്ള പൂവുകൾ എത്തുന്നത്. ജമന്തി, ട്യൂബ് റോസ്, അരളി, വാടാമല്ലി, കോഴിവാലൻ, പിച്ചി, മുല്ല എന്നിവയ്ക്കാണ് ഓണക്കാലത്തു ഡിമാൻഡ്. ഓണത്തിനൊപ്പം വിവാഹസീസൺ കൂടി ആകുന്നതു വിലക്കയറ്റത്തിനും കാരണമാകാറുണ്ട്. കേരളത്തിൽ പൂവിന് എത്ര വിലകൂടിയാലും കർഷകന് ഒരു  പ്രയോജനവുമില്ല. ഇടനിലക്കാരാണു വില നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. 

അത്ര പച്ചപിടിച്ചിട്ടില്ല ,പച്ചക്കറി  

kollam-farmers

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പച്ചക്കറിവിളവ് നന്നേ കുറവാണ്. പാവൂർസത്രം, കീഴേപാവൂർ, ചുരണ്ട, ആലംകുളം എന്നിവിടങ്ങളിലെ പാടങ്ങൾ പകുതിയിൽകൂടുതലും തരിശിട്ടിരിക്കുകയാണ്. തൊഴിലാളിക്ഷാമവും വളത്തിന്റെ വിലക്കൂടുതലുമെല്ലാം കൃഷിയിൽനിന്നു കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്. മഴ ഇല്ലാത്തതും തിരിച്ചടിയായി. സവാള, ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി, ബീറ്റ്റൂട്ട്, പയർ, പടവലം, വെള്ളരി തുടങ്ങിയവയെല്ലാം പാടങ്ങളിൽ വിളഞ്ഞു നിൽപ്പുണ്ട്.  

ഓണത്തിനായുളള വിളവെടുപ്പ് എല്ലാം പാടങ്ങളിലും ആരംഭിച്ചു. ഉത്രാടത്തിന്റെ തലേന്നുവരെ മലയാളിക്കുള്ള പച്ചക്കറി തമിഴ്പാടങ്ങളിൽനിന്നു വാഹനങ്ങളിൽ കയറും. പാവൂർസത്രത്തിലെ മൊത്തക്കച്ചവട കേന്ദ്രത്തിൽനിന്നാണു കേരളത്തിലെ ഒട്ടുമിക്ക മാർക്കറ്റുകളിലേക്കും എത്തുന്നത്. പച്ചക്കറിയുടെ കാര്യത്തിലും കർഷകനു ലഭിക്കുന്നത് വിപണിയിലെ പകുതിവില മാത്രമാണ്. ഇടനിലക്കാരുടെ ചൂഷണം കർഷകർക്ക് അറിയാമെങ്കിലും മറ്റു പോംവഴികൾ ഇവരുടെ മുന്നിലില്ല. 

തൂശനിലയിൽ ഓണമുണ്ണാൻ   

തമിഴരുടെ വക ഇലകൾ പാകമായിക്കഴിഞ്ഞു. ഓണം മുന്നിൽക്കണ്ടു 2 മാസം മുൻപേ വാഴകൾ നട്ടുതുടങ്ങും. കേരളത്തിലേക്കു ദിവസവും വാഴയിലകൾ കയറ്റിവിടുന്നുണ്ടെങ്കിലും ഓണത്തിനു സാധരണയിൽ കൂടുതൽ ലോഡാണ് അതിർത്തി കടക്കുന്നത്. ഇലയ്ക്കുവേണ്ടി മാത്രമുള്ള വാഴകളാണു നട്ടിരിക്കുന്നത്. വയൽവാഴ, കസകസളി, തടിയൻവാഴ എന്നീ ഇനത്തിൽപ്പെട്ടവ. ഈ വർഷം മഴ വേണ്ടത്ര ലഭിക്കാത്തതിനാൽ വെള്ളം പമ്പ് ചെയ്താണു കൃഷിയിറക്കിയിരിക്കുന്നത്. പബ്ലി – വടകര – കടയനല്ലൂർ പാതയുടെ ഇരുവശവും ഇലവാഴകൃഷി വ്യാപകമായിട്ടുണ്ട്. 

തൊട്ടുകൂട്ടാൻ ചെറുനാരങ്ങയും  

kollam-lemon

അച്ചാറിനുള്ള ചെറുനാരങ്ങയും അതിർത്തികടന്നെത്തുന്നു. ഓണവും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതലുളള ചിങ്ങത്തിലാണു കേരളത്തിലേക്കു നാരങ്ങയുടെ വരവ് കൂടുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ചെറുനാരങ്ങ മാർക്കറ്റായ പുളിയങ്കുടിയിൽ നിന്നുള്ള ചെറുനാരങ്ങ ദിവസങ്ങൾക്കു മുൻപെ ഓണവിപണിയിൽ എത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിൽ ഓണത്തിനു ലോഡുകണക്കിന് ചെറുനാരങ്ങ കേരളത്തിലേക്കെത്തിയിരുന്നു.  ഇപ്പോൾ വൻതോതിൽ കുറവു വന്നതായി വ്യാപാരികൾ പറയുന്നു. ചിങ്ങത്തിൽ വിവാഹങ്ങളുടെ സീസണായതിനാൽ ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരും ഏറെയാണ്. 

kollam-chili-farming

വിഷമില്ലെന്ന് കർഷകർ  

 തമിഴ്പാടങ്ങളിൽ കൊടുംവിഷം തളിച്ച പച്ചക്കറികളാണു കേരളത്തിലേക്കെത്തുന്നതെന്ന വാർത്ത തെറ്റെന്നു കർഷകർ. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ അംഗീകരിച്ച വളങ്ങളും കീടനാശിനികളുമാണു പാടങ്ങളിൽ തളിക്കുന്നത്. എല്ലാ പാടങ്ങളും ആഴ്ചയിലൊരിക്കൽ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്. ഈ പാടങ്ങളിൽ വിളയുന്ന പച്ചക്കറികളാണു തങ്ങളും ഭക്ഷിക്കുന്നതെന്ന് ഇവർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണമാണു നടക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA