sections
MORE

വല്ലഭകൾക്കു നെല്ലും ആയുധം

Ernakulam News
ചൂർണിക്കര കട്ടേപ്പാടത്തു നിലമൊരുക്കുന്ന ആലുവ സെന്റ് സേവ്യേഴ്സ് വനിതാ കോളജ് വിദ്യാർഥികൾ.
SHARE

ആലുവ∙ കാൽ നൂറ്റാണ്ടു തരിശുകിടന്ന ചൂർണിക്കര കട്ടേപ്പാടത്തു നെൽകൃഷി പുനരാരംഭിക്കാൻ നിലമൊരുക്കുന്നതു പെൺകുട്ടികൾ. ചേറിലും ചെളിയിലും ചവിട്ടാൻ മടിക്കുന്നവരെന്നു കരുതുന്ന പുതുതലമുറയുടെ പ്രതിനിധികൾ പാടം കിളച്ചുമറിക്കുന്നതും വരമ്പു വയ്ക്കുന്നതും കണ്ട് അത്ഭുതപ്പെടുകയാണു നാട്ടുകാർ. സെന്റ് സേവ്യേഴ്സ് വനിതാ കോളജിലെ 90 എൻഎസ്എസ് വൊളന്റിയർമാരാണു കത്തുന്ന വെയിൽ വകവയ്ക്കാതെ പാടത്തു പണിയെടുക്കുന്നത്.  ഓണക്കാലത്തെ സപ്തദിന ക്യാംപിന്റെ ഭാഗമാണ് ഇവർക്കു കൃഷിപ്പണി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണ‌ത്തോടെ അടയാളം പുരുഷ സ്വയംസഹായ സംഘമാണ് ഇവിടെ നെൽകൃഷി ഇറക്കുന്നത്. അവരെ സഹായിക്കാൻ എത്തിയതാണു പെൺകുട്ടികളുടെ സംഘം. മാരിയിൽ പൈപ്പ് ലൈൻ റോഡിന്റെ ഇരു വശങ്ങളിലാണു വിസ്തൃതമായ കട്ടേപ്പാടം. റോഡിൽ നിന്ന് ആളുകൾ പാടത്തേക്കു വലിച്ചെറിഞ്ഞ മാലിന്യം കുത്തിനിറച്ച പ്ലാസ്റ്റിക് കവറുകൾ നീക്കലായിരുന്നു വൊളന്റിയർമാരുടെ ആദ്യ ദൗത്യം. പിന്നീടു കാടുംപടലും വെട്ടിനീക്കി കൃഷിയിടം വൃത്തിയാക്കി.  

പണിക്കിടെ കൃഷിക്കാർക്ക് ഇളവേൽക്കാൻ പാടത്തിനു നടുവിൽ ‘വയലോരം’ വിശ്രമ കേന്ദ്രമുണ്ടാക്കി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ശാലിനി, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ജാസ്മിൻ ഗോൺസാൽവസ്, ഡോ. വന്ദന അരവിന്ദൻ എന്നിവരാണു നേതൃത്വം നൽകുന്നത്. നഗരസഭയിലെ കോളനികളിലും തരിശുഭൂമികളും പച്ചക്കറി കൃഷി ചെയ്തു വൻ വിളവെടുപ്പു നടത്തിയ പാരമ്പര്യമുള്ളവരാണു സെന്റ് സേവ്യേഴ്സിലെ എൻഎസ്എസ് വൊളന്റിയർമാർ. നെൽകൃഷിയിൽ ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണ് ആലുവയുടെ പഴയ നെല്ലറയായ ചൂർണിക്കര പഞ്ചായത്ത്. 2 വർഷം വർഷം മുൻപു 15 ഏക്കർ സ്ഥലത്തു കൃഷി ചെയ്തുകൊണ്ടായിരുന്നു തുടക്കം. കഴിഞ്ഞ വർഷം 45 ഏക്കറിൽ കൃഷിയിറക്കി. 100 ഏക്കർ തികയ്ക്കുകയാണ് ഇക്കൊല്ലത്തെ ലക്ഷ്യം. കൃഷി ചെയ്യുന്ന രീതിക്കുമുണ്ട് പുതുമ. സംസ്ഥാനത്ത് ആദ്യമായി നെൽകൃഷിക്കു ഞാറ്റുവേലക്കലണ്ടർ തയാറാക്കിയതു ചൂർണിക്കരയിലാണ്. ജില്ലയിൽ ആദ്യമായി കീടങ്ങളെ തുരത്താൻ വയൽ വരമ്പിൽ ബന്തിയും കുറ്റിപ്പയറും കൃഷി ചെയ്തതും ഇവിടെ. പ്രളയം കഴിഞ്ഞ് എക്കൽ അടിഞ്ഞപ്പോൾ കാർഷിക സർവകലാശാലയിലെ വിദഗ്ധരെ കൊണ്ടവന്നു മണ്ണു പരിശോധന നടത്തിയാണു കൃഷി ഇറക്കിയത്. രാസവളങ്ങളും കീടനാശിനികളും പൂർണമായി ഒഴിവാക്കിയാണു കട്ടേപ്പാടത്തും ചവർപാടത്തും സ്വയംസഹായ സംഘം പൊന്നു വിളയിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA