ADVERTISEMENT

ആലപ്പുഴ∙ കഞ്ഞിക്കുഴിയിലെ വീട്ടിലും പാടത്തും പുഷ്പക്കൃഷിയുടെ അവസാനവട്ട വിളവെടുപ്പിനു തയാറെടുക്കുകയാണു കെ.പി.ശുഭകേശനും കുടുംബവും. ഇത്തവണ  ഇതുവരെ 40 കിലോ ചെണ്ടുമല്ലിപ്പൂക്കൾ വിതരണം ചെയ്തു. ഉത്രാട ദിവസമായ നാളെ നൽകാനായി 30 കിലോ പൂക്കൾ പറിക്കാതെ നിർത്തിയിരിക്കുകയാണ്. ആവശ്യക്കാരെത്തിക്കഴിഞ്ഞു. തുടക്കത്തിൽ കിലോയ്ക്ക് നൂറുരൂപയായിരുന്നു വില. ഇനി അത് ഇരട്ടിയാകും.  

 

കഞ്ഞിക്കുഴിയിൽ ജമന്തി കൃഷി നടത്തുന്ന ശുഭകേശനും മകൾ ശ്രുതിലയയും. ചിത്രം മനോരമ

ജൈവപച്ചക്കറിക്കൃഷിയിലൂടെയും കഞ്ഞിക്കുഴിപ്പയറിലൂടെയും കൃഷി രംഗത്തു സ്വന്തം സാന്നിധ്യം അറിയിച്ച ശുഭകേശൻ പരീക്ഷണാടിസ്ഥാനത്തിലാണു  പുഷ്പക്കൃഷി തുടങ്ങിയത്. മന്ത്രി തോമസ് ഐസക് മുൻകൈയെടുത്തു പാട്ടത്തിനെടുത്തു നൽകിയ 30 ഏക്കർ സ്ഥലത്തു ജൈവപച്ചക്കറിയോടൊപ്പമാണിതു തുടങ്ങിയത്. പെരുമ്പളത്തുനിന്നു കൊണ്ടുവന്ന ഹൈബ്രിഡ് വിത്തുകളാണ്  ഉപയോഗിച്ചത്. തുള്ളിനനയിലൂടെ വെള്ളമെത്തിച്ചു. 60 ദിവസം കൊണ്ടു ചെടികൾ പൂവിട്ടു.  

 

പച്ചക്കറിക്കൃഷിയെ ശല്യം ചെയ്യുന്ന കീടങ്ങളെ പൂന്തോട്ടത്തിലേക്ക് ആകർഷിക്കാനുള്ള പരിശ്രമം വിജയിച്ചതോടെ  ഇനി കുറ്റിമുല്ല, വാടാമല്ലി തുടങ്ങിയവ കൂടി കൃഷിചെയ്യാനാണു പദ്ധതി.   കഞ്ഞിക്കുഴിപ്പയർ, വെണ്ട, പടവലം, പാവൽ, മുളക് എന്നിവ വീട്ടിലും തോട്ടത്തിലും നിറഞ്ഞു നിൽ‌ക്കുന്നു. പച്ചക്കറി തേടി വീട്ടിലേക്ക് ആളുകൾ എത്തുന്നുണ്ട്.  കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ പിന്തുണയോടെ നടത്തുന്ന കൃഷിക്കു ഭാര്യ ലതിക ശുഭകേശൻ, മകൾ സിഎംഎസ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി എസ്.ശ്രുതിലയ എന്നിവരും ഒപ്പമുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com