ADVERTISEMENT

തിരുവനന്തപുരം∙റബർ കർഷകർക്കു മിനിമം വില ലഭിക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കിയ റബർ ഉൽപാദന പ്രോത്സാഹന പദ്ധതിക്കു കേന്ദ്ര സഹായം വേണമെന്ന ആവശ്യം സംബന്ധിച്ച റബർ ബോർഡിന്റെ നിർദേശം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ 

 

റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ദേശീയ റബർ നയത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പീയൂഷ് ഗോയലിനെ കണ്ടു കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിവേദനം നൽകിയിരുന്നു. തുടർന്നാണു കേന്ദ്രം എടുത്ത നടപടികൾ അദ്ദേഹം സംസ്ഥാനത്തെ അറിയിച്ചത് 

 

റബർ ഇറക്കുമതിക്കു കുറഞ്ഞ വില നിശ്ചയിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.റബർ ഷീറ്റ് വിൽക്കുന്നതിനു സാധാരണ കർഷകർ എത്തുമ്പോൾ ഗുണനിലവാരമില്ലെന്നു പറഞ്ഞു കച്ചവടക്കാർ കബളിപ്പിക്കുന്നതു തടയാൻ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗ്രേഡിങ് നടപ്പാക്കും.സ്വാഭാവിക റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം ഒഴിവാക്കാൻ നിർദേശം ഇല്ലാത്തതിനാൽ അതു തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു 

 

ചിരട്ടപ്പാൽ ഇറക്കുമതിക്കു കേന്ദ്രം അനുമതി നൽകാൻ ഉദ്ദേശിക്കുന്നില്ല.അതിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതു ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇറക്കുമതി അനുവദിക്കാത്തത്. ചിരട്ടപ്പാലിന്റെ നിലവാരം മെച്ചപ്പെടുത്താൻ നടപടിയുണ്ടാകും 

 

സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിനായി റബർ ബോർഡിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് ഓൺ റബർ രൂപീകരിക്കാൻ പ്രവർത്തനം തുടങ്ങി.റബർ കൃഷിക്കുള്ള സബ്സിഡി യഥാർഥ കൃഷി ചെലവിന്റെ 25% ആയിരിക്കണമെന്ന സംസ്ഥാന നിർദേശം പരിഗണിച്ച് 2019–20 പദ്ധതിക്കു ശേഷം നൂതന പദ്ധതി രൂപീകരിക്കാൻ റബർ ബോർഡിനു നിർദേശം നൽകിയിട്ടുണ്ട് 

 

വിവിധ റബർ ഉൽപന്നങ്ങളുടെ സ്റ്റാൻഡാർഡ് ഇൻപുട്ട്,ഔട്ട്പുട്ട് മാനദണ്ഡങ്ങൾ ആനുകാലിക പുനരവലോകനം നടത്തി പുതുക്കുവാനും അതിലൂടെ വ്യവസായ സ്ഥാപനങ്ങൾ ആവശ്യത്തിലേറെ ഇറക്കുമതി നടത്തുന്നുണ്ടെങ്കിൽ തടയാനും വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു.റോഡ് റബറൈസേഷൻ,റബർ തടിയുടെ വാണിജ്യ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിച്ചു വരുന്നു 

 

റോഡ് റബറൈസേഷൻ സംബന്ധിച്ചു ഗതാഗത മന്ത്രാലയവുമായി ആശയവിനിമയം നടത്തി.ഇത്തരം നിർമാണ ജോലികൾക്കുള്ള മാർഗനിർദേശം ഗതാഗത മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. റബർ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും ജീവിതോപാധി ഉറപ്പു വരുത്തുന്നതിനും നടപടി എടുക്കും.ദേശീയ റബർ നയത്തിൽ ശുപാർശ ചെയ്ത ഗ്രീൻ ടയർ, ഉൽപ്പന്ന നിർമാണം,അവയുടെ ഗവേഷണം എന്നിവ വ്യാപിപ്പിക്കണമെന്ന നിർദേശം പ്രാധാന്യത്തോടെ കാണുമെന്നും പീയൂഷ് ഗോയൽ അറിയിച്ചു 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com