ADVERTISEMENT

ഞണ്ട് വിഭവങ്ങൾക്കു നാട്ടിലും വിദേശത്തും വൻ ഡിമാൻഡാണ്. കായലിൽ വളരുന്ന ഞണ്ടുകളെ കുളത്തിൽ വളർത്തി കടൽ കടത്തി വിട്ടാൽ ലാഭം കൊയ്യാമെന്നുറപ്പ്. കായൽത്തീരങ്ങളും തീരത്തെ കുളങ്ങളും ഒട്ടേറെയുള്ള കേരളത്തിൽ ഇതിനുള്ള സാധ്യതയേറെ. 

കടലിലും കായലിലുമായി എണ്ണൂറിലേറെ ഞണ്ട് ഇനങ്ങളുണ്ട്. വിപണി മൂല്യമുള്ള ചില ഇനങ്ങൾ ഇതാ:

മഡ് ക്രാബ് 

mud-crab

കായൽ ഞണ്ടായ മഡ് ക്രാബ് ഞണ്ടുകളിലെ ഭീമന്മാരാണ്. പച്ച പുറംതോടും ഇരുണ്ട ചാരപ്പച്ച കലർന്ന കട്ടി കടിക്കാലുകളും ചേർന്നവയാണ് മഡ്‌ക്രാബുകൾ. നല്ല തീറ്റയിൽ ഏഴാം മാസം തന്നെ ഒന്നര കിലോയോളം തൂക്കമെത്തും. നല്ല വേലിയേറ്റ സമയത്തു ഞണ്ടുകൾ താഴെനിന്ന് ഇളകി മുകളിലെത്തും. വളരുന്നുവെന്നതിന്റെ സൂചനയായി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറംതോടുപൊളിക്കും. ഓരോ ഓട്ടി പൊളിക്കലിലും 100–150 ഗ്രാം അധികഭാരമെത്തും. വെള്ളം ഉള്ളിലുറയുന്ന 500–600 ഗ്രാം ഭാരമുള്ള മെത്ത ഞണ്ടുകളെ ലവണാംശമുള്ള കുളത്തിൽ ഒന്നരമാസം വളർത്തി മാംസമുറപ്പിച്ചു മഡ്‌ക്രാബുകളാക്കാം. ഞണ്ട് കൊഴുപ്പിക്കൽ എന്ന സാങ്കേതിക വിദ്യയാണിത്.

കാട്ടുഞണ്ട ് /കൊതക്കാടൻ 

kattujandu-JPG

പുറം തോട് ഇരുണ്ട  പച്ചനിറമെങ്കിൽ കടിക്കാലഗ്രങ്ങൾ ചോരനിറത്തിലുള്ളവയാണ്. അള്ളുകാലുകൾക്കു നേർത്ത മഞ്ഞ കലർന്ന ഓറഞ്ച് നിറം. ജാഗ്രതയും ശൗര്യവും ഏറെ കൂടുതലായതിനാൽ കാട്ടുഞണ്ടിനെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. ഒളിവേസിയ ഇനത്തിലെ പെൺഞണ്ടിനു കാട്ടുഞണ്ടെന്നും ആൺ ഞണ്ടിനു കൈതക്കാടൻ എന്നുമാണ് വിളിപ്പേരുകൾ.

കോറ ഞണ്ട ് 

koranjandu-JPG

കടൽഞണ്ടാണ് കോറഞണ്ട്. വേലിയേറ്റത്തിൽ കായലിലെത്തി വളരും. പച്ചനിറമാർന്നു പുറംതോടിൽ വയലറ്റ് വൃത്തങ്ങളും മഞ്ഞ പുള്ളിക്കുത്തുകളും വീഴും. കടിക്കാലഗ്രങ്ങളും തുഴക്കാലഗ്രങ്ങളും നേർത്ത നീലനിറം. നല്ല വലുപ്പം വയ്‌ക്കും.

കുരിശുഞണ്ട ് 

kurishunjandu-JPG

ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക് സമുദ്രത്തിലും കാണാം. തവിട്ട് പുറംതോടിൽ വീതിയുള്ള വയലറ്റ് കുറുവരകൾ വീഴും. അള്ളുകാലിലെയും തുഴക്കാലിലെയും വെള്ളപ്പൊട്ടുകൾ അഴകാണ്. കടിക്കാലഗ്രങ്ങൾ ഓറഞ്ച് നിറത്തിൽ കാണാം. നല്ല രുചിയുള്ള മാംസമെന്നു കീർത്തി. സൂപ്പിനും റോസ്റ്റിനും ഉത്തമം.

ഞണ്ട് കൊഴുക്കും കീശയും

കായലിൽ നിന്നു തൂമ്പുകളിലൂടെ വെള്ളം കയറിയിറങ്ങുവാൻ സൗകര്യമുള്ള കുളങ്ങളിൽ ഞണ്ട്കൃഷി ചെയ്യാം. വള്ളക്കാരിൽ നിന്നു നേരിട്ടും തമിഴ്നാട്ടിലെ നാഗപട്ടണത്തുള്ള തൊടുവായ് രാജീവ്‌ഗാന്ധി സെന്ററിൽ നിന്നുമൊക്കെ ഞണ്ടിന്റെ കുഞ്ഞുങ്ങളെ വാങ്ങാം. ഒരേ വലുപ്പമുള്ള കുഞ്ഞുങ്ങളെ ഒരുമിച്ചു കൃഷി ചെയ്‌തില്ലെങ്കിൽ പരസ്‌പരം പിടിച്ചുതിന്നാൻ സാധ്യതയുണ്ട്. 

ഒന്നര മീറ്ററെങ്കിലും ആഴത്തിൽ കുളമൊരുക്കി ബണ്ടുകൾ ബലപ്പെടുത്തി അതിർത്തിവേലികൾ തീർത്തു വേണം കൃഷി തുടങ്ങാൻ. 2 ചതുരശ്ര മീറ്ററിൽ ഒരു ഞണ്ട് എന്നതാണ് കണക്ക്. കടിമീൻ, പനാഞ്ചി, തിലാപ്പിയ, കൊഴുചാള എന്നിവ കഷണങ്ങളായി മുറിച്ചു മഞ്ഞൾപ്പൊടി പുരട്ടി തീറ്റയാക്കാം. ശരീരഭാരത്തിന്റെ 4% തീറ്റ ദിവസവും ഞണ്ടുകൾക്കുവേണം. മരണനിരക്ക് കുറവാണ് എന്നതാണു ഞണ്ട്കൃഷിയിലെ ലാഭം. 

ഓട്ടി പൊളിക്കുന്ന പ്രായമാണ് പ്രജനനകാലം. ശരാശരി  അരക്കിലോ ഭാരമെത്തും ഇക്കാലത്ത്. 

കോരുവലകൾ കമഴ്‌ത്തിയും റിങ് നെറ്റിൽ തീറ്റയിട്ടും ഞണ്ടുകളെ കുടുക്കി പിടിക്കാം. ഞണ്ടുകൊഴുപ്പിക്കലാണ് ലാഭകരം. 

ഞണ്ട്കൃഷിക്ക് സഹായം,  പരിശീലനം

ഞണ്ട്കൃഷിക്കു ഫിഷറീസ് വകുപ്പ് സഹായം നൽകുന്നുണ്ട്. 2.5 ഏക്കർ ജലാശയത്തിനു കൃഷിക്കായി 9.5 ലക്ഷം രൂപയാണ് ചെലവ്. ഇതിൽ 40% സബ്‌സിഡിയായി ലഭിക്കും. വിശദവിവരങ്ങൾക്ക് അതതു ജില്ലയിലെ മത്സ്യകർഷക വികസന ഏജൻസികളുമായി ബന്ധപ്പെടാം. കൊല്ലം ആയിരംതെങ്ങ് ഫിഷ് ഫാമിൽ നിന്നു പരിശീലനം ലഭിക്കും.

 

തയാറാക്കിയത്: 

ഡോ.ഡി.ഷൈൻകുമാർ

dr.dshinekumar@gmail.com 

ഫോൺ: 9847111827

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com