ADVERTISEMENT

ക്ഷീരകർഷകന്റെ ലാഭനഷ്ടക്കണക്കിൽ നിർണായക പങ്കാണ് ഗുണമേന്മയുള്ള കാലിത്തീറ്റയ്ക്കുള്ളത്. കാരണം കാലിവളർത്തൽ െചലവിന്റെ 65–70% വരെ കാലിത്തീറ്റയുടേതാണ്. തീറ്റപ്പുല്ല് സ്വന്തമായി വളർത്തിയാൽ ചെലവ് ഒരു പരിധിവരെ കുറയ്ക്കാം.

 

ഉൽപാദനക്ഷമത കൂടുതലുള്ള തീറ്റപ്പുല്ലിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിന്റെ ഫലമാണു സങ്കര നേപ്പിയർ ഇനം. ധാന്യവിളയായ ബജ്റയും പുല്ലിനമായ നേപ്പിയറും തമ്മിൽ സങ്കരണം നടത്തി ഉൾത്തിരിച്ചെടുത്തതാണ് സങ്കര നേപ്പിയർ. ഇതിൽ ഏകദേശം 10% മാംസ്യവും 30% നാരും അടങ്ങിയിരിക്കുന്നു. വീതിയേറിയതും മൃദുലവുമായ ഇലകൾ കന്നുകാലികൾ ഇഷ്ടപ്പെടുന്നു. 

കേരളത്തിലെ കരപ്രദേശങ്ങളിലും വീട്ടുവളപ്പിലെ പുരയിടങ്ങളിലും കൃഷി ചെയ്യാനുതകുന്ന ഇനമാണിത്. ഉൽപാദനശേഷി കൂടിയ ഈയിനത്തിനു ധാരാളം ചിനപ്പുകളും ഇലകളും ഉണ്ടാകുകയും പെട്ടെന്നു വളരുകയും ചെയ്യുന്നു.

 

കൃഷിരീതി 

നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് യോജ്യം. ആഴമുള്ള കളയില്ലാത്ത നല്ലതുപോലെ കിളച്ച് ഒരുക്കിയ മണ്ണിൽ കൃഷി ചെയ്യാം.വേരുപിടിച്ച ചിനപ്പുകളോ രണ്ടോ മൂന്നോ മുട്ടുള്ളതോ ആയ തണ്ടോ ചെടികൾ തമ്മിലും വരികൾ തമ്മിലും രണ്ടടി അകലം വരുന്നപോലെ തനിവിളയായി സങ്കര നേപ്പിയർ നടാം. ഒരു മുട്ട് തറനിരപ്പിനു മുകളിൽ വരുന്ന രീതിയിൽ തണ്ട് ചെരിച്ചാണു നടേണ്ടത്. ഒരു സെന്റിൽ ഏകദേശം 100–110 കമ്പുകൾ വരെ നടാം.

 

വളപ്രയോഗം

സെന്റിന് 100 കിലോ ചാണകം അടിവളമായി ഇടാം. ഒപ്പം 200 ഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും ചേർക്കാം. സെന്റിന് 800 ഗ്രാം തോതിൽ നൈട്രജൻ രണ്ടു– മൂന്നു തവണകളായും കൊടുക്കാം. ചാണകവും മൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും കൂടിക്കലർന്ന ‘സ്ലറി’ ഓരോ തവണ വിളവെടുപ്പു കഴിയുമ്പോഴും ചെടികൾക്ക് ഒഴിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ രാസവള പ്രയോഗം മുഴുവനായും ഒഴിവാക്കാനാകും.

 

വിളവെടുപ്പ് 

നട്ട് 60–65 ദിവസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പു നടത്താം. തുടർന്നു 45 ദിവസം കൂടുമ്പോൾ വിളവെടുക്കാം. സങ്കര നേപ്പിയർ വിളവെടുക്കുമ്പോൾ നിലത്തു നിന്നു 10–15 സെന്റിമീറ്റർ നിർത്തി വേണം പുല്ലു മുറിച്ചെടുക്കാൻ. ഒരു മൂട്ടിൽ നിന്ന് 5–10 കിലോ പച്ചപ്പുല്ല് ഒറ്റ വിളവെടുപ്പിൽ ലഭിക്കും.

തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ അഖിലേന്ത്യ സംയോജിത തീറ്റപ്പുൽ ഗവേഷണ പദ്ധതിയിൽ വികസിപ്പിച്ചെടുത്ത സങ്കര നേപ്പിയറിനമാണ് ‘സുഗുണ’. 

ഹെക്ടറൊന്നിന് 283 ടണ്ണോളം വിളവു ലഭിക്കുന്ന ഇനമാണിത്. കാര്യമായ രോഗ–കീട ബാധയില്ല. രണ്ടു മീറ്ററിലധികം ഉയരത്തിൽ വളരുന്ന ഈയിനത്തിന് ഒരു മൂട്ടിൽ നാൽപതിലധികം ചിനപ്പുകൾ ഉണ്ടാകും. ഇതിന്റെ തണ്ടുകൾക്കു പച്ചനിറവും ഇലകൾക്കു നല്ല നീളവും വീതിയുമാണ്. വെള്ളായണി കാർഷിക കോളജ് അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണകേന്ദ്രത്തിൽ തണ്ട് ഒന്നിന് ഒരു രൂപ നിരക്കിൽ സുഗുണ ലഭിക്കും.

 

തയാറാക്കിയത്: 

ഡോ. ജി.ഗായത്രി, ഡോ. ഉഷ സി.തോമസ്

(അഖിലേന്ത്യാ തീറ്റപ്പുൽ ഗവേഷണ പദ്ധതി, കാർഷിക കോളജ്, വെള്ളായണി, 

തിരുവനന്തപുരം)

ഫോൺ: 9496301170

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com