ADVERTISEMENT

പീച്ചി (തൃശൂർ) ∙ റബറിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) മാതൃകയിൽ സർക്കാർ കമ്പനി രൂപീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണാറയിൽ കൃഷി വകുപ്പ് സ്ഥാപിക്കുന്ന ബനാന–ഹണി അഗ്രോ പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. റബർ മേഖലയെ തകർച്ചയിൽ നിന്നു കരകയറ്റാൻ റബർ ബാൻഡ് മുതൽ ടയർ വരെയുള്ള ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ കാപ്പി പ്രത്യേക ബ്രാൻഡിൽ വിപണിയിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 500 പഞ്ചായത്തുകളിലെ എല്ലാ വാർഡിലും 75 തെങ്ങിൻ തൈകൾ നട്ടു പിടിപ്പിക്കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. തൈകളുടെ ലഭ്യതയ്ക്കനുസരിച്ചു കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും.

 

പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാൻ സംസ്ഥാനത്തു ശീതീകരണ ശൃംഖല ഒരുക്കുമെന്നും പച്ചക്കറി കൈമാറ്റത്തിനു ശീതീകരണ സംവിധാനമുള്ള വാഹനം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷനായിരുന്നു.

 

 5 അഗ്രോ പാർക്കുകൾ

 

കാർഷിക വിളകളുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് സംസ്ഥാനത്ത് ആരംഭിക്കുന്ന 5 അഗ്രോ പാർക്കുകളിൽ ആദ്യത്തേതാണ് കണ്ണാറയിലേത്. കോഴിക്കോട് വേങ്ങേരിയിലും കൂത്താളിയിലും നാളികേര പാർക്ക്, പാലക്കാട് മുതലമടയിൽ മാമ്പഴം പാർക്ക്, ഇടുക്കി വട്ടവടയിൽ പച്ചക്കറി പാർക്ക് എന്നിവയാണ് മറ്റുള്ളവ. കാർഷികോൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം നടത്തുകയാണ് അഗ്രോ പാർക്കുകളുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com