വിപണി നേടാൻ വേണം പിന്തുണ

palakkad news
‘കണ്ണു തട്ടാതിരിക്കാനെങ്കിലും വേണം കരുതൽ’: എലവഞ്ചേരിയിൽ കൃഷിയിടത്തിൽ സ്ഥാപിച്ചിരിക്കുന്ന നോക്കുകുത്തി ചിത്രം: മനോരമ
SHARE

നല്ലതു നാലാൾ അറിയണം. മേന്മയുണ്ടെന്ന് എല്ലാവർക്കും അറിയാമെങ്കിലും ‘എലവഞ്ചേരി പച്ചക്കറി’ ഒരു ബ്രാൻഡ് ആയി വിപണനം നടത്താതെ ഗുണഫലം കർഷകർക്കു ലഭിക്കില്ല. എലവഞ്ചേരി മാത്രമല്ല, പല പാലക്കാടൻ പച്ചക്കറി ഗ്രാമങ്ങൾക്കും ബ്രാൻഡ് ചെയ്യാവുന്ന തനത് ഉൽപന്നങ്ങൾ ഉണ്ട്. 

കൊഴിഞ്ഞ തളിര്  

ഇടക്കാലത്തു ‘തളിര്’ എന്ന പേരിൽ എലവഞ്ചേരിയിലെ പച്ചക്കറി വിപണനം നടത്തിയിരുന്നു. പിന്നീടതു നിലച്ചു.തോട്ടത്തിൽനിന്നു പറിക്കുന്ന സാധനങ്ങൾ ‘ഫാം ഫ്രഷ്’ എന്ന രീതിയിൽ എലവഞ്ചേരിയുടെ പേരിൽ ബ്രാൻഡ് ചെയ്തു വിൽക്കണമെന്നു കർഷകർ ആവശ്യപ്പെടുന്നു. എതാണ്ട് എല്ലാ പച്ചക്കറികളും ഉള്ളതിനാൽ പെട്ടികളിൽ ഇവയെല്ലാം ‘ഫാമിലി പാക്ക് ’ എന്ന രീതിയിൽ വിപണനം നടത്താം. 

കൊച്ചി പോലെയുളള നഗരങ്ങൾ കേന്ദ്രീകരിച്ച് അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ ഹോർട്ടികോർപ് പോലെയുള്ള സംവിധാനങ്ങൾക്കു കഴിയും. നിലവിൽ കേരളത്തിനാകെ പച്ചക്കറി വിത്തു നൽകുന്നത് ചിറ്റൂർ മേഖലയിലെ പച്ചക്കറി കർഷകരാണ്. പക്ഷേ, പേരില്ലാത്തതിനാൽ അതും ആരുമറിയുന്നില്ല. 

നാടൻ പച്ചക്കറികൾ വിൽക്കുന്ന കടകൾ നഗരങ്ങൾ കേന്ദ്രീകരിച്ചു തുടങ്ങിയാൽ‌ ഏറ്റവും മികച്ച വിളകൾ തരക്കേടില്ലാത്ത വിലയിൽ കർഷകർക്കു വിൽക്കാൻ കഴിയും. ഇതിനായി കുടുംബശ്രീകൾക്കും സഹായിക്കാം. 

പച്ചക്കറി കൃഷി  പാക്കേജ്  

ഹൈടെക് പച്ചക്കറി ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഗുണങ്ങൾ എലവഞ്ചേരിക്കു ലഭിച്ചില്ല. പച്ചക്കറി കർഷകരെ സഹായിക്കാൻ പ്രത്യേക കാർഷിക പാക്കേജ് സർക്കാർ കൊണ്ടു വരണം. സ്ഥിരം പന്തലും ജലസേചന സൗകര്യങ്ങളും സബ്സിഡികളും മുടക്കമില്ലാതെ ലഭിക്കണം.

ശീതീകരണ സംവിധാനം വേണം  

പച്ചക്കറി ശീതീകരിച്ചു സൂക്ഷിക്കാനുള്ള സൗകര്യം എലവഞ്ചേരിയിൽ ഉണ്ടെങ്കിലും അവ കൊണ്ടുപോകുന്നതിനു ശീതീകരണ സംവിധാനമുള്ള വാഹനങ്ങൾ വേണം. എംപി ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ പറ്റും. ശീതീകരണ സംവിധാനം ഉണ്ടെങ്കിൽ കർഷക കൂട്ടായ്മയ്ക്കു നേട്ടമുണ്ടാക്കുന്ന രീതിയിൽ കയറ്റുമതി നടത്താം.

ഇടപെടൽ വേണം  

മറ്റു സംസ്ഥാനങ്ങളിൽനിന്നു സീസണുകളിൽ കൂടുതൽ പച്ചക്കറി വരുമ്പോൾ നാടൻ കർഷകർക്കു പ്രതിസന്ധിയുണ്ടാകാറുണ്ട്. നാടൻ കർഷകരെ സഹായിക്കാൻ വിപണി നിയന്ത്രിക്കാൻ കൃഷി വകുപ്പു തയാറാകണം. ഹോർട്ടികോർപ് ഉൾപ്പെടെയുള്ള ഏജൻസികൾ കൂടുതൽ പച്ചക്കറി എലവഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിലെ പച്ചക്കറി കർഷകരിൽനിന്നു ശേഖരിക്കണം.. എലവഞ്ചേരിയിയിൽ തുടങ്ങി നാടിന്റെ പച്ചക്കറിക്കലവറ നിറയ്ക്കുന്ന ഒട്ടേറെ ഗ്രാമങ്ങളുണ്ട്. അതെക്കുറിച്ച് നാളെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA