ADVERTISEMENT

പാലക്കാട് ∙ എലവഞ്ചേരി മാത്രമല്ല നാടിനാകെ നല്ല നാടൻ പച്ചക്കറികൾ നൽകുന്ന ഒട്ടേറെ ഗ്രാമങ്ങൾ ജില്ലയിലുണ്ട്. അൽപം കൂടി സഹായം സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിച്ചാൽ കൃഷി ഇനിയും സജീവമാക്കാമെന്ന് ഇവർ പറയുന്നു. ജില്ലയിലെ പ്രധാന പച്ചക്കറി മേഖലകൾ ഇവ. 

 

  വടകരപ്പതിയിൽ പൊന്നുവിളയിക്കാം  

 

 മഴനിഴൽ പ്രദേശമായിട്ടുപോലും കുഴൽക്കിണറിലെ വെള്ളം കൊണ്ടു പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുക്കുന്ന കർഷകരുള്ള ഗ്രാമമാണ് വടകരപ്പതി. അധികാരികൾ വേണ്ടത്ര ശ്രദ്ധ നൽകാത്തതുകൊണ്ടോ ഇടനിലക്കാരുടെ ചൂഷണം കൊണ്ടോ നാടിന്റെ പെരുമ തെളിയുന്നില്ല. 20 സംഘങ്ങളിലായി 400 കുടുംബങ്ങളാണ് 400 ഏക്കറിലധികം വരുന്ന സ്ഥലത്ത് പച്ചക്കറിയിൽ സജീവമായിട്ടുള്ളത്.തക്കാളി, വെണ്ട, വഴുതന, മുളക്, പയർ, മത്തൻ, കുമ്പളങ്ങ, പാവൽ, പടവലം, പീച്ചിങ്ങ എന്നിവയാണു പ്രധാനം. വേലന്താവളവും തമിഴ്നാട്ടിലെ വിവിധ മാർക്കറ്റുകളുമാണു വിപണി. ആഴ്ചയിൽ 2 തവണ വിളവെടുക്കുന്ന പച്ചക്കറി അടുത്ത ദിവസത്തേക്ക് എടുത്തുവയ്ക്കാൻ കഴിയില്ലെന്ന സാഹചര്യം മുതലെടുത്ത് ഇടനിലക്കാർ ചൂഷണം ചെയ്യുന്നതായി കർഷകർ കുറ്റപ്പെടുത്തുന്നു. 

 

  വിത്തുഗുണം വിത്തനശ്ശേരി  

 

 നെന്മാറ , അയിലൂർ മേഖല പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ചവരാണ്. നെന്മാറ പഞ്ചായത്തിൽ വിത്തനശ്ശേരിയാണ് പച്ചക്കറി കൃഷിയുടെ പ്രധാന വിളനിലം. കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിൽ അയിലൂരിൽ മാത്രം 200 ഏക്കർ പച്ചക്കറിപ്പന്തലുകൾ നിലംപതിച്ചു. അയിലൂരിൽ 125 ഹെക്ടർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യാറുള്ളത്. പ്രധാനമായും പാളിയമംഗലത്താണ് കൂടുതൽ ഉൽപാദനം. പടവലവും പാവലുമാണ് ഇവിടെ നിന്നു വിപണിയിലെത്തിക്കുന്നത്. 

 

  അറിയാം അയ്യംകുളം പെരുമ  

 

 കോട്ടായി അയ്യംകുളം മേഖലയിൽ ഒട്ടേറെ കർഷകരുടെ ഉപജീവന മാർഗമാണ് പച്ചക്കറിക്കൃഷി. ഇവിടുത്തെ നാടൻ പച്ചക്കറിക്ക് നാടെങ്ങും ആവശ്യക്കാരാണ്. വിഎഫ്പിസികെയാണ് പ്രധാന സഹായം നൽകുന്നത്. കർഷകരെത്തിക്കുന്ന ഉൽപ്പന്നങ്ങൾ മൊത്തമായെടുത്ത് കച്ചവടക്കാർക്കു ലേലം ചെയ്ത് വിൽപ്പന നടത്തുന്നു. പാവക്ക, പടവലം, പയർ, വഴുതിന, വിവിധയിനം മുളക്, വെണ്ട, ചീര, കോവക്ക, കുമ്പളം, മത്തൻ, ചേന, കുർക്ക, മധുരക്കിഴങ്ങ് ചേമ്പ്, വെളളരി എന്നിവയാണു പ്രധാന വിളകൾ. 

 

  കിഴക്കിന്റെ പച്ചക്കറി  

 

 പെരുമാട്ടി,പട്ടഞ്ചേരി മേഖലയിൽ മീനാക്ഷിപുരം, നെല്ലിമേട്, കന്നിമാരി, മുള്ളത്തോട് കല്യാണപ്പേട്ട പ്രദേശങ്ങൾ പച്ചക്കറിയുടെ നാടാണ്.40 ഹെക്ടറോളം സ്ഥലത്തെ ഇരുന്നൂറ്റി എഴുപത്തഞ്ചോളം കർഷകർ പച്ചക്കറിക്കൃഷി ചെയ്യുന്നു. ഒരു കോടിയോളം രൂപ വരും വാർഷിക വിറ്റുവരവ്. തക്കാളി, വെണ്ട, പാവലം, ചേന, മത്തൻ, മുളക്, കൂർക്ക, കുമ്പളം, ചുരയ്ക്ക, ഉരുളക്കിഴങ്ങ്, വഴുതന, പയർ, പപ്പായ, വാഴ, പഴവർഗങ്ങൾ, വെള്ളരി എന്നിവയാണു പ്രധാനം. സ്ഥിരവില കിട്ടാത്തതാണിവരുടെ ദുരിതം. വിഎഫ്പിസികെ മുഖേന ഹോർട്ടി കോപ് വഴി വിപണനം ചെയ്യുമ്പോൾ തുക വൈകുന്നുവെന്ന ആക്ഷേപം ഇവർക്കുണ്ട്. ഇതര സംസ്ഥാന പച്ചക്കറികളുടെ വരവ് നിയന്ത്രിച്ച് തങ്ങളുടെ ഉൽപന്നങ്ങൾക്ക് ന്യായവിലയും വിപണിയും ഒരുക്കണമെന്നാണ് ആവശ്യം.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com