ADVERTISEMENT

ആഗോളതലത്തിൽ കാപ്പിക്കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 15 വർഷത്തിനിടയിൽ ഏറ്റവും വലിയ വിലക്കുറവിലേക്ക് കാപ്പി വിപണി നീങ്ങുന്നു. രാജ്യാന്തര കോഫി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 1ന് കാപ്പി ദിനത്തിൽ കാപ്പി  കർഷകരെ സഹായിക്കണമെന്ന് അഭ്യർഥിച്ച് ലക്ഷങ്ങൾ പ്രതിജ്ഞയെടുക്കുകയാണ്. കാപ്പിയുടെ ഭാവിക്ക് നിങ്ങളെ ആവശ്യമുണ്ട് എന്നതാണ് ഇത്തവണത്തെ കാപ്പിദിന പ്രമേയം. ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കർണാടകയാണ്. 

 

 

 രാജ്യത്തെ 70 ശതമാനം കാപ്പിയും ഉൽപാദിപ്പിക്കുന്നതു കർണാടകയിലാണ്. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 95 ശതമാനം കാപ്പിയും വയനാട്ടിൽ നിന്ന് ഉൽപാദിപ്പിക്കുന്നു. 67700 മെട്രിക് ടൺ കാപ്പിയാണ് ഇവിടെ വിളവെടുക്കുന്നത്. വയനാട്ടിൽ 70000 ഹെക്ടർ സ്ഥലത്ത് 65,000 കർഷകർ കൃഷി നടത്തുന്നു. ഭൗമസൂചിക പദവിയും പ്രത്യേക ജൈവ വൈവിധ്യ മേഖലയിൽ വളരുന്ന കാപ്പി എന്ന പ്രത്യേകതയും ഉണ്ടെങ്കിലും കൃഷി അത്രയ്ക്ക് ലാഭകരമല്ല. ഉൽപാദനവും വരുമാനവും ഇരട്ടിയാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിൻറെ ഭാഗമായി ഇത്തവണ കൽപറ്റയിൽ കാപ്പി ദിനാചരണ പരിപാടികൾ വിപുലമായി ആഘോഷിക്കുകയാണ്. 

 

കാപ്പിക്ക് പ്രചാരണവുമായി വിവിധ സംഘടനകൾ   

 

 

 വയനാട്ടിൽ നിന്ന് കാപ്പി കയറ്റുമതിചെയ്യുന്ന വയനാട് അഗ്രോ റിസർച്ച് സെൻറർ (ബയോവിൻ), ബ്രഹ്മഗിരി ഡവലപ്മൻറ് സൊസൈറ്റി, വയനാട് സുസ്ഥിര കാർഷിക വികസന മിഷൻ (വാസുകി), വനമൂലിക, നബാർഡ് എഫ്‌പിഒ ആയ വേവിൻ, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, വയനാട് ചേംബർ ഓഫ് കോമേഴ്സ് തുടങ്ങിയ സംഘടനകൾ കാപ്പിയുടെ പ്രചരണത്തിനായി സജീവമായി രംഗത്തുണ്ട്. 

 

 

 കാർബൺ ന്യൂട്രൽ ജില്ലയായി മാറുന്ന വയനാട്ടിൽ നിന്ന് മലബാർ കാപ്പി എന്ന പേരിൽ പ്രത്യേകമായി കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് സംസ്ഥാന സർക്കാരും ശ്രമം തുടങ്ങിയിട്ടുണ്ട്. നബാർഡിന്റെയും കോഫി ബോർഡിന്റെയും പിന്തുണയാണ് കർഷകർക്കുള്ളത്. എന്നാൽ കൃഷിവകുപ്പിന് കീഴിലല്ലാത്തിനാൽ സംസ്ഥാന  കൃഷി വകുപ്പിൽ നിന്നുള്ള യാതൊരു സഹായവും കാപ്പി കർഷകർക്ക് ലഭിക്കുന്നില്ല. 

 

മണ്ണൊലിപ്പ് തടയാം, പ്രളയത്തെ അതിജീവിക്കാം  

 

 

 തായ്‌വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനാലും ചെടികൾ ചേർന്ന് നിൽക്കുന്നതിനാലും മണ്ണൊലിപ്പ് തടയാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് കാപ്പി. രണ്ടാഴ്ചയിലധികം വെള്ളപ്പൊക്കമുണ്ടായാലും വേരുകൾ ചീഞ്ഞ് അഴുകാത്തതിനാൽ പ്രളയത്തെയും അതിജീവിക്കാൻ കഴിയും. കേരളത്തിന്റെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കാതലായ മാറ്റം വന്നതിനാൽ പ്രളയത്തെയും ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് പോലുള്ള പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാൻ ഏറ്റവുംപറ്റിയ വിളയാണ് കാപ്പി. 

 

 

 മേയ് പകുതി മുതൽ കാപ്പിത്തൈകൾ നട്ടുതുടങ്ങാമെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി പ്രളയം ആവർത്തിക്കുന്നതിനാൽ ശക്തമായ കാലവർഷത്തിന് ശേഷം കാപ്പിതൈകൾ നടുന്നതാണ് ഏറ്റവും നല്ലത്. ചിങ്ങമാസം അവസാനിക്കുന്നതിന് മുമ്പ് നടീൽ അവസാനിപ്പിക്കണം.ഒന്നരയടി താഴ്ചയിൽ ഒരടി വീതിയിലും നീളത്തിലും കുഴിയെടുത്ത് അടിവളമായി എല്ലുപൊടിയോ റോക്‌ഫോസ്‌ഫേറ്റോ നൽകി തൈകൾ നടാം. ഒരു വർഷത്തിൽ താഴെ പ്രായമായ തൈകളാണ് ഏറ്റവും യോജ്യം. ഒരേക്കറിൽ 2000 മുതൽ 2200 തൈകൾ വരെ നടാം. റബർ തോട്ടങ്ങളിലും തെങ്ങിൻ തോട്ടങ്ങളിലും ഇടവിളയായും കാപ്പികൃഷി ചെയ്യാം. 

 

 

 പതിനെട്ടാം മാസം മുതൽ കാപ്പിച്ചെടി പുഷ്പിച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ ലാഭകരമായ രീതിയിൽ വരുമാനം കിട്ടിത്തുടങ്ങും. കാപ്പിക്കൃഷിക്ക് നിലവിൽ സർക്കാർ സബ്‌സിഡികളൊന്നുമല്ലെങ്കിലും ജലസേചനത്തിനുള്ള കുളം നിർമാണം, സംസ്‌കരണം, വിപണനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തലങ്ങളിലും കോഫി ബോർഡിന്റെയും സാങ്കേതിക സാമ്പത്തിക സഹായങ്ങൾ ലഭ്യമാണ്.കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ മാത്രം വിളഞ്ഞിരുന്ന റോബസ്റ്റ ഇനം കാപ്പികൾക്ക് പിന്നാലെ ഇപ്പോൾ എല്ലാ ജില്ലയിലും യോജ്യമായ കാലാവസ്ഥയിൽ വളരുന്ന വിവിധ ഇനം കാപ്പിത്തൈകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 

 

 

രുചിവൈവിധ്യവുമായി ചുടുകാപ്പി   

 

 

 റോബസ്റ്റ കാപ്പിയാണ് വയനാട്ടിൽ കൂടുതലായി വിളയുന്നത്. പരമ്പരാഗതമായി ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന റോബസ്റ്റ കാപ്പി വീട്ടിൽ തന്നെ കുത്തി, വറുത്ത്, പൊടിച്ച് ഉപയോഗിക്കുന്നതു പതിവായിരുന്നു. ഇപ്പോൾ കാലം മാറി. കാപ്പി തരംതിരിച്ച് അറബിക്കയും മറ്റിനങ്ങളുമായി ബ്ലെൻഡ് ചെയ്ത് രുചി വൈവിധ്യമൊരുക്കുന്ന ഒട്ടേറെ സംരംഭകർ ഇന്ന് വയനാട്ടിൽ വളർന്നുവന്നിരിക്കുന്നു. റോബസ്റ്റയും അറബിക്കയും ചേർന്ന് ബ്ലെൻഡ് ചെയ്ത കാപ്പിക്കാണ് ഏറ്റവും കൂടുതൽ ഡിമാഡ്. ഇത്തവണ കാപ്പി ദിനത്തോടനുബന്ധിച്ച് കൽപറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള എംസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വൈവിധ്യമുള്ള രുചികൾ പരിചയപ്പെടുത്തുന്ന കാപ്പി സൽക്കാരം നടക്കുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com