നല്ല ഫ്രഷ് ഞാവൽ പഴം കഴിക്കാം; തൈ ഇപ്പോൾ തന്നെ നട്ടോളൂ

malappuram news
ഞാവൽ തൈകളുമായി പ്രമോദ് ഇരുമ്പുഴി.
SHARE

മലപ്പുറം∙ കീടനാശിനിയുടെ ഭീഷണിയില്ലാത്ത, രാസവസ്തു പൂശി സൂക്ഷിച്ചു വയ്ക്കേണ്ടാത്ത പഴം കഴിക്കണമെങ്കിൽ ഇപ്പോൾ തുടങ്ങാം ഞാവൽതൈ നടീൽ. വലിയ ഞാവൽമരങ്ങൾക്കു താഴെ വീണുകിടന്ന വിത്തുകൾ ജൂണിലെ മഴയിൽ മുളച്ച്, പറിച്ചുനടാൻ ഇപ്പോൾ പാകമായിട്ടുണ്ടാകും.  കൂട്ടായ്മയുടെ കരുത്തിലൂടെ ഞാവൽ പറിച്ചുനടുകയാണ് മലപ്പുറം ഇരുമ്പുഴിയിലെ നാട്ടുകാരും സമീപത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളും. അധ്യാപകനായ ഡോ.പ്രമോദ് ഇരുമ്പുഴിയുടെ നേതൃത്വത്തിലാണു പരിപാടി. 

വീടുകളിലും മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലുമായി 3,000 തൈകൾ സൗജന്യമായി വിതരണം ചെയ്തു കഴി‍ഞ്ഞു. തണൽവൃക്ഷമായും ഔഷധസസ്യമായും ഫലവൃക്ഷമായും ഒരുപോലെ പരിഗണിക്കപ്പെടുന്ന മരമാണ് ഞാവലെന്ന് പ്രമോദ് പറയുന്നു.  പല വീടുകളിൽനിന്നും വഴിയോരത്തുനിന്നും പറമ്പുകളിൽനിന്നുമായി ഞാവൽ തൈകൾ ശേഖരിക്കുന്നു. ദുർബലമായ ചെടികളാണെങ്കിൽ കരുത്തു നേടുംവരെ ശ്രദ്ധയോടെ വളർത്തിയെടുക്കണം. പിന്നീട് മാറ്റി നടാം. 

ഞാവലുള്ള വീടുകളിൽ, താഴെ വിത്തുകൾ വീണു മുളയ്ക്കുന്ന തൈകൾ നശിപ്പിക്കുകയാണ് പലരും ചെയ്യുന്നത്.  നടാൻ സ്ഥലമുള്ള മറ്റാർക്കെങ്കിലും കൊടുത്താൽ ഞാവൽമരം വ്യാപകമാക്കാൻ സാധിക്കും. എളുപ്പത്തിൽ വളരുന്ന സസ്യമാണ്. ചെറിയ പഴങ്ങളുണ്ടാകുന്നതിനാൽ മനുഷ്യരെപ്പോലെ പക്ഷികൾക്കും ഏറെയിഷ്ടമുള്ള വൃക്ഷം.  ഇന്നലെ മഞ്ചേരി ആരോഗ്യഭാരതിയുടെ ‘ആരോഗ്യശാല’ പരിപാടിയിൽ ഞാവൽതൈകൾ വിതരണം ചെയ്തു.

ഞാവൽപഴം പോഷകസമൃദ്ധം

വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നം.  മലബാർ പ്ലം, ജാവ പ്ലം, ബ്ലാക്ക് പ്ലം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യൻ ഉപദ്വീപാണ് ജന്മസ്ഥലം എന്നു കരുതുന്നു. ആയുർവേദം, യുനാനി, ചൈനീസ് പാരമ്പര്യ വൈദ്യം എന്നിവയിൽ ഔഷധമായി ഞാവൽകുരു ഉപയോഗിക്കുന്നു. വൈൻ, വിനാഗിരി എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA