എവിടെ കുഴിച്ചാൽ കിട്ടും, കിസാൻ സമ്മാൻ നിധി ?

idukki-farmer
SHARE

പേരാമ്പ്ര ∙ കേന്ദ്ര സർക്കാർ കർഷകർക്കു പ്രതിമാസം 2000 രൂപ നൽകുന്ന കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അപേക്ഷ നൽകിയ പലർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്നു പരാതി. കൃഷി ഭവൻ മുഖേന അപേക്ഷ നൽകിയ ലക്ഷക്കണക്കിന് അപേക്ഷകരിൽ പകുതിയിലേറെപ്പേർക്കും ബാങ്ക് അക്കൗണ്ടിൽ തുക എത്തിയിട്ടില്ല. അതേ സമയം, 3 തവണയായി 6000 ലഭിച്ച കർഷകരുമുണ്ട്. അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകുമ്പോൾ നികുതി ചീട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും നൽകണം. 

 ഇവ കൃഷി ഭവനിൽ നിന്നു കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ആനുകൂല്യം ലഭിക്കാത്ത കർഷകർ കൃഷി ഭവന്‍ ഒാഫിസില്‍ ബന്ധപ്പെട്ടപ്പോൾ അപേക്ഷ നിരസിച്ചതായാണ് അറിഞ്ഞത്. വെബ്സൈറ്റിൽ അപേക്ഷയുടെ തൽസ്ഥിതി പരിശോധിച്ചപ്പോൾ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും തെറ്റായി ചേർത്തതായി വ്യക്തമായി.  ഒട്ടേറെ അപേക്ഷകൾ ചെറിയ സമയത്തിൽ അപ്‌ലോഡ് ചെയ്തപ്പോൾ വന്ന പിഴവുകളാണു കാരണമെന്നാണ് കൃഷിഭവൻ അധികൃതരുടെ വിശദീകരണം. 

 നാലായിരത്തിലേറെ അപേക്ഷകൾ ചെയ്തു തീർക്കാൻ ജീവനക്കാരുടെ കുറവുണ്ടായിരുന്നതിനാൽ വകുപ്പിന്റെ അനുമതിയോടെ ഡേറ്റ എൻട്രി പുറത്തുള്ളവരെ ഏൽപിക്കുകയായിരുന്നു. ഇതിന് ഫോം ഒന്നിന് 5 രൂപ നിരക്കിൽ ഫണ്ടും അനുവദിച്ചിരുന്നു.വളരെക്കുറച്ച് അപേക്ഷകളിൽ മാത്രമാണു തെറ്റു വന്നതെന്നും നിരസിച്ചതിൽ ബാക്കിയുള്ളവ ആധാർ ലിങ്ക് ചെയ്യാത്തതും ബാങ്ക് വായ്പ കുടിശ്ശികയുള്ളതുമായ അക്കൗണ്ടുകളാണെന്നുമാണ് കൃഷിഭവന്റെ വാദം. കർഷകർക്ക് അപേക്ഷയിലെ തെറ്റു തിരുത്താൻ ഒക്ടോബർ 25 വരെ അവസരമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA