ADVERTISEMENT

ന്യൂഡൽഹി ∙ യുഎസിൽനിന്നുള്ള കോഴിയിറച്ചിയുടെ ഇറക്കുമതിത്തീരുവ 100ൽനിന്ന് 30 ശതമാനമായി വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം. രാജ്യത്തു കോഴിവളർത്തുന്ന കർഷകരെ സാരമായി ബാധിക്കുന്ന ഇറക്കുമതി ഉടമ്പടി വൈകാതെ യുഎസുമായി ഒപ്പുവയ്ക്കുന്നതിനുള്ള നടപടികൾ കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ചു. ഉടമ്പടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനു മൃഗസംരക്ഷണ, കൃഷി വകുപ്പ് സെക്രട്ടറിമാരുടെ യോഗം മന്ത്രാലയം വിളിച്ചു. ഉടമ്പടി യാഥാർഥ്യമായാൽ, ഗണ്യമായ വിലക്കുറവിൽ യുഎസിൽ നിന്നുള്ള കോഴിയിറച്ചി ഇന്ത്യൻ വിപണിയിൽ നിറയും. 

ഈയിടെ യുഎസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉടമ്പടിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തതായാണു സൂചന. ഉടമ്പടി എത്രയും വേഗം നടപ്പാക്കണമെന്ന നിലപാടിലാണു യുഎസ് ഭരണകൂടം.  

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിലൂടെ സ്വതന്ത്ര വ്യാപാരത്തിനു വാതിലുകൾ തുറന്നിടാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ആർസിഇപി ഉയർത്തിയ വിവാദത്തിനു പിന്നാലെയാണ് രാജ്യത്തെ കോഴിവളർത്തൽ വ്യവസായത്തിനും കർഷകർക്കും തിരിച്ചടിയാകുന്ന ഉടമ്പടിക്കു സർക്കാർ തയാറെടുക്കുന്നത്. 

40 ലക്ഷം തൊഴിലവസരം

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് കോഴിവളർത്തൽ വ്യവസായവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നത് 40 ലക്ഷം പേർ. കോഴിയിറച്ചി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണു യുഎസ്. ഇന്ത്യ നാലാമതും. ചൈന, ബ്രസീൽ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com