ADVERTISEMENT

വീടുകളിൽ പലഹാരം ഉണ്ടാക്കി വിതരണം ചെയ്യുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. കുടുംബശ്രീ യൂണിറ്റുകളും വനിതാ കൂട്ടായ്മകളുമുണ്ട്. രുചിയുടെയും ഗുണത്തന്റെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവർ. കോർപറേഷന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മാനദണ്ഡങ്ങൾ പാലിക്കുന്നവർ. ഒന്നാന്തരം നിലവാരമുള്ള വലിയ നിർമാണ യൂണിറ്റുകളുമുണ്ട്. അവർക്കു കൂടി ചീത്തപ്പേര് ഉണ്ടാക്കുന്നവരാണിവർ. ഇവരെ തിരിച്ചറിയുക.

കാണാം, കോഴിക്കോട് നഗരത്തിലെ പലഹാരനിർമാണശാലയുടെ പിന്നാമ്പുറക്കാഴ്ചകൾ

കറുത്തു കുറുകി കരിഓയിലുപോലുള്ള എണ്ണ നിറച്ച ചീനച്ചട്ടി, വഴിയരികിൽ തുറന്നിട്ട കെട്ടിടത്തിനുള്ളിൽ പട്ടിയും പൂച്ചയും പാഞ്ഞുനടക്കുന്നു. അവയ്ക്കിടയിൽ മൂടിയില്ലാത്ത പാത്രത്തിൽ കുഴച്ചുവച്ച അരിയും ഉഴുന്നും മൈദയും. അകത്തു കയറിയാൽ ആരും മൂക്കുപൊത്തിപ്പോവുന്ന നാറ്റം. മഴ പെയ്താൽ കെട്ടിടത്തിന്റെ തറമുഴുവൻ മാവുകുഴച്ചതുപോലെ ചെളിനിറയും. ചായക്കടകളിലെ ചില്ലലമാരകളിലിരുന്നു കൊതിപ്പിക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കുന്ന നഗരത്തിലെ ഒരു പാചകപ്പുരയിലെ കാഴ്ചയാണിത്. പേരുകേട്ട രുചിപ്പെരുമയുടെ പിന്നാമ്പുറം!  മാവ് കുഴച്ചുവച്ച പാചകപ്പുരയുടെ വാതിൽ പാതിരാത്രിയും തുറന്നിരിക്കുന്നു. അകത്ത് ഒരാൾ പോലുമില്ലാത്ത ഇവിടേക്ക് രാത്രി  ആർക്കും  കടന്നുചെല്ലാം. ഇതിനുള്ളിൽ എന്തുമാകാം. 

അടപ്പിച്ചാലും തുറക്കും

നഗരത്തിലെ  പലഹാരനിർമാണ കേന്ദ്രങ്ങളിൽ കോർപറേഷൻ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവകുപ്പും പല തവണ പരിശോധന നടത്തിയിരുന്നു. കോർപറേഷൻ ആറു മാസം മുൻപ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമെന്നു കണ്ടെത്തിയ മൂന്നു പലഹാര നിർമാണ കേന്ദ്രങ്ങൾ പൂട്ടുകയും ചെയ്തു. മൂന്നു സ്ഥാപനങ്ങൾക്കുമായി 35,000 രൂപ പിഴയുമിട്ടു. എന്നാൽ പൂട്ടി ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ഥാപനങ്ങൾ തുറന്നു. നഗരത്തിലെ ഏറ്റവും വലിയ പലഹാരനിർമാണ കേന്ദ്രങ്ങളിലൊന്നായിരുന്നു പൂട്ടിയതിൽ ഒന്ന്. ഇതു തുറക്കാനായി ഉന്നതരിൽനിന്ന് സമ്മർദങ്ങളുണ്ടായെന്നു ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു.  അങ്ങനെ വീണ്ടും തുറക്കാൻ കോർപറേഷൻ  അനുമതി നൽകിയ പലഹാരനിർമാണ കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങൾ ഈ പേജിലുണ്ട്. കാലുകുത്താൻ അറയ്ക്കുന്ന ആ കെട്ടിടത്തിനുള്ളിൽ നിന്നു നഗരത്തിലെത്തുന്നത് പ്രതിദിനം 12,000 പലഹാരങ്ങൾ. 

എന്ത് ലൈസൻസ്..?

നഗരത്തിലെ പല വൻകിട പലഹാര നിർമാണ കേന്ദ്രങ്ങൾക്കും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും കോർപറേഷന്റെയും ലൈസൻസില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പക്ഷേ ഒരു തടസ്സവുമില്ലാതെ ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നു. 

പ്രതിദിനം 3000 രൂപയിൽ കൂടുതൽ വരുമാനമുള്ള ഭക്ഷ്യനിർമാണ യൂണിറ്റുകളാണു ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കേണ്ടത്. നഗരത്തിൽ ഇത്തരം പത്തോളം യൂണിറ്റുകളുണ്ട്.  പക്ഷേ കോർപറേഷൻ നൽകുന്ന വ്യാപാര ലൈസൻസ് ഇല്ലാത്ത  സ്ഥാപനങ്ങൾക്കു ഭക്ഷ്യസുരക്ഷാ ലൈസൻസ് നൽകാനാവില്ലെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് പറയുന്നു. വാണിജ്യാവശ്യങ്ങൾക്കു വേണ്ടി നിർമിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കു മാത്രമേ വ്യാപാര ലൈസൻസ് നൽകാനാവൂ എന്നാണു കോർപറേഷന്റെ വാദം. 

പലഹാര നിർമാണ യൂണിറ്റുകൾ പലതും പ്രവർത്തിക്കുന്നതു രൂപമാറ്റം വരുത്തിയ വീടുകളിലാണ്. ഖരമാലിന്യസംസ്കരണ സംവിധാനമില്ലാത്ത യൂണിറ്റുകൾക്കും കോർപറേഷൻ ലൈസൻസ് നൽകില്ല. ചുരുക്കത്തിൽ പല സ്ഥാപനങ്ങൾക്കും കോർപറേഷന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ലൈസൻസ് ഇല്ല. ലൈസൻസ് ഇല്ലെന്ന വിവരം അധികൃതർക്ക് അറിയുകയും ചെയ്യാം. എന്നിട്ടും അധികൃതർ കണ്ണടയ്ക്കുന്നു.  

3000 രൂപയിൽ താഴെ വരുമാനമുള്ള യൂണിറ്റുകൾക്ക് ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷനാണു വേണ്ടത്. വീടുകളോടു ചേർന്നു പ്രവർത്തിക്കുന്ന ചെറുകിട യൂണിറ്റുകൾ ഇത്തരം റജിസ്ട്രേഷനോടു കൂടിയാണു പ്രവർത്തിക്കുന്നത്. കോർപറേഷന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ലൈസൻസോടെ വൃത്തിയുള്ള അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വൻകിട യൂണിറ്റുകളും നഗരത്തിലുണ്ട്. 

മികച്ചതും രുചിയുള്ളതും

ചായക്കടകളിലേക്ക് ആവശ്യമായ പലഹാരങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന പത്തോളം  വലിയ യൂണിറ്റുകളുണ്ട് നഗരത്തിൽ. വീടുകളിലും കുടുംബശ്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലും പ്രവർത്തിക്കുന്ന പലഹാരനിർമാണകേന്ദ്രങ്ങൾ അൻപതോളവും. പഴംപൊരി, പൊരിച്ച പത്തിരി, ഉഴുന്നുവട, പരിപ്പുവട, സമൂസ തുടങ്ങിയവയാണ് ഇവിടെ ഉണ്ടാക്കുന്നത്. പ്രതിദിനം ഏകദേശം അൻപതിനായിരം പലഹാരങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്നു നഗരത്തിലെ ചായക്കടകളിലെത്തുന്നത്. 3  മുതൽ 4.50 രൂപ വരെയാണ് ഇവിടെ വില. 

കച്ചവടക്കാർ നേരിട്ടുവന്നു വാങ്ങുന്നതിനു പുറമെ വിവിധ കടകളിൽ പലഹാരങ്ങൾ എത്തിക്കുന്ന ഏജന്റുമാരുമുണ്ട്. രാത്രി 12 മുതലാണു പലഹാര നിർമാണ കേന്ദ്രങ്ങൾ സജീവമാവുക. പുലർച്ചെ മൂന്നോടെ പലഹാരങ്ങൾ വിതരണത്തിനു തയാറാകും. രാവിലെ പത്തോടെ മിക്കയിടത്തും കച്ചവടം പൂർത്തിയാകും. വൈകുന്നേരം തുറക്കുന്ന ചായക്കടകളിലേക്കായി പലഹാരം തയാറാക്കുന്ന ചില യൂണിറ്റുകൾ ഉച്ചവരെ പ്രവർത്തിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com