sections
MORE

ലോകത്താദ്യമായി സ്വർണ്ണ അരി ബംഗ്ലാദേശികൾ കഴിക്കും

HIGHLIGHTS
  • ജനിതകമാറ്റം വരുത്തി വികസിപ്പിച്ചെടുത്തതാണ് സുവർണ്ണ നെല്ല്
  • 2021-ൽ കർഷകർക്ക് വിത്തുകൾ കാർഷികാവശ്യങ്ങൾക്ക് നൽകിത്തുടങ്ങും
Golden Rice grain in screenhouse of Golden Rice plants.
SHARE

സുവർണ്ണ അരി ( Golden Rice) കൃഷി ചെയ്യുന്ന ആദ്യത്തെ രാജ്യമാകാൻ ബംഗ്ലാദേശ് ഒരുങ്ങുന്നതായി സയൻസ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. സുവർണ്ണ അരിയേക്കുറിച്ചുള്ള വിവരങ്ങൾ വാർത്തകളിൽ സ്ഥാനം പിടിച്ചു തുടങ്ങിയിട്ട് ഏതാണ്ട് ഇരുപതു വർഷത്തിലധികമായിട്ടുണ്ട്. എന്നാൽ എന്ന്, എവിടെ ഈ നെല്ലിന്റെ വാണിജ്യരീതിയിലുള്ള കൃഷിയുണ്ടാകും എന്ന ചോദ്യത്തിന് ഉടനെ എന്ന മറുപടി കേട്ടു തുടങ്ങിയിട്ട് വർഷമേറെ കഴിഞ്ഞു. ഇപ്പോഴിതാ കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നേറിയാൽ 2021ൽ സുവർണ്ണ അരിയുടെ ആദ്യ വിളവെടുപ്പ് ബംഗ്ലാദേശിൽ നടക്കും.

എന്താണ് സുവർണ്ണ നെല്ല്?

1990കളിൽ ജർമൻ സസ്യശാസ്ത്രഞ്ജരായ ഇൻഗോ പോട്രിക്കസും പീറ്റർ ബെയറും ചേർന്ന് ജനിതകമാറ്റം (Genetically Modified - GM) വരുത്തി വികസിപ്പിച്ചെടുത്തതാണ് സുവർണ്ണ നെല്ല്. വിറ്റാമിൻ എ യുടെ മുൻ രൂപമായ ബീറ്റ കരോട്ടിൻ ഉൽപാദിപ്പിക്കുന്ന ജീനുകളെ ചോളത്തിൽനിന്നെടുത്ത് നെല്ലിലേക്ക് സന്നിവേശിപ്പിച്ചാണ് വിറ്റമിൻ എ കൂടുതലടങ്ങിയ ഗോൾഡൻ നെല്ല് പിറന്നത്. സിൻ ജെന്റ (Syngenta) എന്ന ആഗോള കാർഷിക വ്യവസായ ഭീമൻ കമ്പനിയുടെ സഹായവും ഇവർക്കുണ്ടായിരുന്നു. ഇങ്ങനെ കൃത്രിമധാരണം ചെയ്തുണ്ടാക്കിയ നെൽച്ചെടികളെ പൊതുമേഖലാ കാർഷിക ഗവേഷണ സ്ഥാപനങ്ങൾക്ക് നൽകുകയാണ് അവർ ചെയ്തത്. അവിടെയുള്ള ശാസ്ത്രജ്ഞരാകട്ടെ ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങൾക്കും രുചിഭേദങ്ങൾക്കും യോജിച്ച സുവർണ്ണ നെല്ലിനങ്ങൾ പ്രജനനത്തിലൂടെ വികസിപ്പിക്കുകയും ചെയ്തു.‌

വിറ്റാമിൻ എയുടെ കലവറ

വികസ്വര രാജ്യങ്ങളിലെ കുട്ടികളിൽ വിറ്റാമിൻ എയുടെ കുറവു മൂലം വ്യാപകമായ അന്ധതയ്ക്കും മീസൽസ് പോലെയുള്ള സാംക്രമിക രോഗബാധ മൂലമുള്ള മരണങ്ങൾക്കും പ്രതിവിധിയെന്ന നിലയിലാണ് സുവർണ്ണ റൈസ് പ്രാധാന്യം നേടുന്നത്. ഒരു നേരം കഴിച്ചാൽ കുട്ടികൾക്ക് പ്രതിദിനം ആവശ്യമായ വിറ്റമിൻ എ യുടെ പകുതിയോളം നൽകാൻ സുവർണ്ണ അരിക്ക് കഴിയും. ചീര, മധുരക്കിഴങ്ങ്, മറ്റു പച്ചക്കറികൾ എന്നിവ വിറ്റമിൻ എ നൽകുമെങ്കിലും അരി മുഖ്യഹാരമായ രാജ്യങ്ങളിൽ വിറ്റമിൻ എയുടെ കുറവ് വ്യാപകമാണ്. ബംഗ്ലാദേശിൽ ഇത് 21 ശതമാനത്തോളം വരും.

ഫിലിപ്പൈൻസിൽനിന്ന് ബംഗ്ലദേശിലേക്ക്

ബംഗ്ലദേശിൽ പരിശോധനയ്ക്ക് വിധേയമാക്കാനിരിക്കുന്ന സുവർണ്ണ നെല്ല് ഫിലിപ്പൈൻസിലെ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതാണ്. ധാൻ 29 (dhan 29) എന്ന നെല്ലിനത്തിൽ ബീറ്റ കരോട്ടിൻ ജീനുകളെ ചേർത്ത് പ്രജനന പ്രക്രിയയിലൂടെയാണ് രൂപകൽപന ചെയ്തത്. വരണ്ട കാലാവസ്ഥയിൽ വളരുന്ന ധാൻ ഇനം ബംഗ്ലാദേശിന്റെ നെല്ലുൽപാദനത്തിന്റെ 14 ശതമാനം സംഭാവന ചെയ്യുന്നു. 

ബംഗ്ലാദേശ് നെല്ലു ഗവേഗണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പല സ്ഥലങ്ങളിൽ  പരീക്ഷണാർഥം കൃഷി ചെയ്തതിൽനിന്ന് വിറ്റമിൻ എയുടെ അളവിലല്ലാതെ മറു ഗുണങ്ങളിലൊ, കൃഷിരീതിയിലോ വ്യത്യാസമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനേത്തുടർന്ന് 2017ൽ  പരിസ്ഥിതി ഗവേഷണ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. ഭക്ഷ്യ സുരക്ഷ, കള ശല്യമാകാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്ന പരിസ്ഥിതി വിദഗ്‍ധ സമിതി ഈ മാസം തീരുമാനമെടുക്കുമെന്ന് കരുതുന്നു. പരിസ്ഥിതി അനുമതി ലഭിച്ചാൽ പിന്നെ കൃഷി വകുപ്പിന്റെ വിത്ത് സർട്ടിഫിക്കേഷനുള്ള നടപടികൾ തുടങ്ങും.വിവിധ സ്ഥലങ്ങളിൽ നടത്തുന്ന കൃഷിഭൂമി പരീക്ഷണങ്ങളിലൂടെ വിത്തിന്റെ ഗുണമേന്മ ഉറപ്പാക്കും. ഈ കടമ്പ കൂടി കടന്നാൽ 2021-ൽ കർഷകർക്ക്  വിത്തുകൾ കാർഷികാവശ്യങ്ങൾക്ക്  നൽകിത്തുടങ്ങും.

golden-rice-1

അനുകൂലിച്ചും പ്രതികൂലിച്ചും

ഏതൊരു ജനിതകമാറ്റ വിളയേയും പോല അനുകൂലിച്ചും എതിർത്തും വാദമുഖങ്ങൾ ഇന്നും നിലനിൽക്കുന്നു. ജനിതക എഞ്ചിനീയറിങ് എന്ന സാങ്കേതികവിദ്യ മാനവരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുന്നതിനുള്ള ഉത്തമ ഉദാഹരണമായി ഒരു വിഭാഗം ഇതിനെ പുകഴ്ത്തുന്നു. മറു വിഭാഗമാകട്ടെ വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അനാവശ്യവും അപകടം പിടിച്ചതുമായ വഴിയായി സുവർണ്ണ നെല്ലിനെ  കാണുന്നു. പച്ചക്കറിയുടെ കുടുതലായുള്ള ഉപയോഗം പോലെയുള്ള വഴികളാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് നിലനിൽക്കുമ്പോഴും കാർഷിക ജൈവസാങ്കേതിക വിദ്യയെ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിൽ പൊതുതാൽപര്യത്തിനായി വിജയകരമായി എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ  മികച്ച മാതൃകയായി സുവർണ്ണ  നെല്ല് പ്രശോഭിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ സുവർണ്ണ അരി ഭക്ഷ്യയോഗ്യമെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഈ രാജ്യങ്ങൾ സുവർണ്ണ നെൽകൃഷിയിൽ താൽപര്യപ്പെടുന്നുമില്ല.

എല്ലാ അനുമതിയും ലഭിച്ചാലും കർഷകരും ഉപഭോക്താക്കും പുതിയ നെല്ലും അരിയും എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. വെള്ള നിറമുള്ള അരി ഇഷ്ടപ്പെടുന്ന ബംഗ്ലാദേശികൾ നിറവ്യത്യാസമുള്ള സുവർണ്ണ ചോറിനെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം. എന്തായാലും യൂറോപ്യൻ യൂണിയന്റെയും മറ്റും എതിർപ്പുകളും, ഭയപ്പെടുത്തുന്ന പ്രചരണങ്ങളും അവഗണിച്ച് ബംഗ്ലാദേശ് ചുവടു വെയ്ക്കുന്നു സുവർണ്ണ അരി അവരുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളുമെന്ന വിശ്വാസത്തിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA