ADVERTISEMENT

കേരളത്തിലെ ഏറ്റവും മികച്ച കർഷകനെ കണ്ടെത്തി മലയാള മനോരമ സമ്മാനിക്കുന്ന ‘കർഷകശ്രീ’ പുരസ്കാരത്തിന് പാലക്കാട് കമ്പാലത്തറ കന്നിമാരി താഴത്തുവീട്ടിൽ കെ. കൃഷ്ണനുണ്ണി (53) അർഹനായി. മൂന്നു ലക്ഷം രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. 

രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരത്തിന്റെ പതിനഞ്ചാമത് ജേതാവാണ് ‘കർഷകശ്രീ 2020’ ന് അർഹനായ കെ. കൃഷ്ണനുണ്ണി. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ 2020 ജനുവരി 22 മുതൽ 26 വരെ നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ അവാർഡ് സമ്മാനിക്കും.

വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ ഡോ.എം.എസ്. സ്വാമിനാഥൻ അധ്യക്ഷനും ഇന്റർനാഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഫോർ ബിലോ സീ ലെവൽ ഡയറക്ടർ ഡോ. കെ. ജി. പദ്മകുമാർ, കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥ്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് റിസർച്ച് ഡോ.പി. ഇന്ദിരാദേവി,  മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ അംഗങ്ങളുമായ  വിധി നിർണയ സമിതിയാണ് അന്തിമ പട്ടികയിലെത്തിയ അഞ്ചു കർഷകരിൽനിന്ന് ‘കർഷകശ്രീ 2020’ ജേതാവായി കെ. കൃഷ്ണനുണ്ണിയെ തിരഞ്ഞെടുത്തത്. 

കർഷകശ്രീ 2020 പുരസ്കാരത്തിന് പരിഗണിക്കപ്പെടാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 121 നാമനിര്‍ദേശങ്ങൾ ലഭിച്ചു. ആദ്യഘട്ട സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തിൽ അവയില്‍നിന്ന് 17 കർഷകരെ തിരഞ്ഞെടുത്ത് അവരുടെ കൃഷിയിടവും കൃഷിരീതികളും വിദഗ്ധ സംഘം നേരിട്ടു വിശദമായി പരിശോധിച്ചു. അവരിൽനിന്ന് അന്തിമ പട്ടികയിൽ ഇടം നേടിയത് അഞ്ചു കർഷകർ. 

വയനാട് ചീരാൽ പാലയൂർ ജോയി, കോട്ടയം ളാക്കാട്ടൂർ വാക്കയിൽ ജെ. ജോയിമോൻ, ഇടുക്കി രാജകുമാരി ഇടക്കുന്നേൽ ഷാജി അഗസ്റ്റിൻ, പാലക്കാട് അഗളി പുത്തൻപുരയിൽ പി. എം. മാത്യു എന്നിവരാണ് കൃഷ്ണനുണ്ണിക്കൊപ്പം അവസാനവട്ട പട്ടികയിൽ ഇടംപിടിച്ചത്.  അഞ്ചു കൃഷിയിടങ്ങളിലും വീണ്ടും വിദഗ്ധ സംഘം നേരിട്ടു പോയി തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടും, കൃഷിയിടയിടങ്ങളുടെയും  കൃഷിരീതികളുടെയും വിഡിയോ ദൃശ്യങ്ങളും വിലയിരുത്തിയാണ്  വിധിനിർണയസമിതി ജേതാവിനെ നിശ്ചയിച്ചത്. 

ഭക്ഷ്യവിളകൾക്ക് ഊന്നൽ നൽകിയുള്ള കൃഷിരീതി, ജലം ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ വിനിയോഗിക്കുന്നതിലുള്ള കരുതൽ, കൃഷിയിടത്തിലെ സമ്പന്നമായ ജൈവ വൈവിധ്യം, കൃഷിയിലൂടെ നേടുന്ന സുസ്ഥിര വരുമാനം എന്നിവ കൃഷ്ണനുണ്ണിയുടെ സവിശേഷ  മികവുകളായി വിധി നിർണയസമിതി ചൂണ്ടിക്കാട്ടി. 

മറ്റു കർഷകർക്കു മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങൾ കൃഷ്ണനുണ്ണിയുടെ കൃഷിയിടത്തിൽ കാണാം. ആറേക്കർ നെൽകൃഷി ഉൾപ്പെടെ പതിനെട്ടേക്കർ വരുന്ന സമ്മിശ്ര കൃഷിയിടമാണ് കൃഷ്ണനുണ്ണിക്കുള്ളത്. നെല്ലറയെന്നു വിശേഷിപ്പിക്കുന്ന പാലക്കാട് ജില്ലയിൽപോലും നെൽകൃഷി  കുറയുന്ന സാഹചര്യത്തിൽ, മുടങ്ങാതെ നെല്‍കൃഷിയിറക്കി ആണ്ടിൽ ആറു ലക്ഷത്തോളം രൂപ വരുമാനം നേടുന്നു ഈ കർഷകൻ. 

കൃഷ്ണനുണ്ണിക്കു കൈമാറിക്കിട്ടുമ്പോൾ ഏതാണ്ടു പൂർണമായും തരിശായിരുന്ന പുരയിടത്തിനാവട്ടെ കഠിനാധ്വാനത്തിലൂടെ സമ്മിശ്രക്കൃഷിയുടെ സമൃദ്ധി കൈവന്നിരിക്കുന്നു.  നെല്ലും തെങ്ങും ജാതിയും കുരുമുളകും കൊക്കോയും മാവും പച്ചക്കറികളും പക്ഷിമൃഗസമ്പത്തുമെല്ലാമായി വരുമാനത്തിന്റെ ഉറവകൾ ഒട്ടേറെ.

ജൈവകൃഷിയോടാണ് കൃഷ്ണനുണ്ണിക്കു താല്‍പര്യം.  ശാസ്ത്രീയ അടിത്തറയുള്ള ജൈവകൃഷിരീതികളാണ് വളപ്രയോഗത്തിലും കീട, രോഗനിയന്ത്രണത്തിലുമൊക്കെ ഇദ്ദേഹം സ്വീകരിച്ചുവരുന്നത്. 

ചൂടും വരൾച്ചയും ഏറിയ പാലക്കാടൻ സാഹചര്യത്തിൽ ജലവിനിയോഗം പ്രധാനമാണ്.  ജലദൗർലഭ്യം നേരിടാൻ കൃഷിയിടം മുഴുവൻ തുള്ളിനന സംവിധാനം ക്രമീകരിച്ചിരിക്കുന്നു. പുതിയ അറിവുകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്ന കൃഷ്ണനുണ്ണി പരീക്ഷണങ്ങള്‍ക്കും സദാ സന്നദ്ധന്‍. മാവ്, കൊക്കോ എന്നിവയുടെ  അതിസാന്ദ്രതാ (Ultra High Density Planting) കൃഷി വിജയത്തിന്റെ പാതയിലാണ്. 

ഫോണ്‍: 9400934582

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com