കർഷകശ്രീ 2020: മൂന്നു പതിറ്റാണ്ടിന്റെ അനുഭവപരിചയം കൃഷ്ണനുണ്ണിയുടെ വിജയം

HIGHLIGHTS
  • കേരള കാർഷിക സർവകലാശാലയുടെ റജിസ്ടേർഡ് നെൽവിത്തുൽപാദകനാണ് കൃഷ്ണനുണ്ണി
  • തേങ്ങയിൽ ഒരു പങ്ക് വിത്തുതേങ്ങയായാണ് വിൽപന
krishnanunni-award
കെ. കൃഷ്ണനുണ്ണി
SHARE

മലയാള മനോരമ കർഷകശ്രീ അവാർഡ് നേടിയ പാലക്കാട് ജില്ലയിലെ കന്നിക്കരി കമ്പാലത്തറ താഴത്തുവീട്ടിൽ കൃഷ്ണനുണ്ണിയുടെ കൃഷിരീതികൾ മറ്റുള്ളവർക്ക് പ്രചോദനമാക്കാവുന്നതാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് കോളജ് പഠനകാലത്തുതന്നെ കൃഷിയിലേക്കിറങ്ങിയ വ്യക്തിയാണ് കൃഷ്ണനുണ്ണി. പ്രമുഖ നെൽക്കർഷകനായിരുന്ന കാർവർണന്റെ മൂത്ത മകൻ കൃഷിയിലേക്കിറങ്ങിയത് കൃഷിയിയോടുള്ള അടങ്ങാത്ത താൽപര്യമൊന്നുകൊണ്ടു മാത്രം. സ്വന്തമായും കുടുംബസ്വത്തായുള്ളതുമായ 18 ഏക്കർ കൃഷിയിടം ഏറ്റെടുത്തായിരുന്നു ‌കൃഷ്ണനുണ്ണിയുടെ കാർഷിക ജീവിതത്തിന്റെ പ്രയാണം ആരംഭിച്ചത്.

പരമ്പരാഗത കൃഷിശൈലി കൈവിടാതെ അതിനൊപ്പം ആധുനിക അറിവുകളും സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചാണ് കൃഷ്ണനുണ്ണിയുടെ കൃഷി.

പ്രാധാന്യം നെല്ലിന്

നെല്ലിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന കൃഷ്ണനുണ്ണിയുടെ കൃഷിയിടത്തിലെ പ്രധാന വിളയും നെല്ലു തന്നെ. ആറേക്കർ പാടത്ത് നെൽകൃഷി. ഈ സ്ഥലം കൈമാറിക്കിട്ടുമ്പോൾ ഇവിടെ കൃഷിയൊന്നുമുണ്ടായിരുന്നില്ല. ആദ്യം തെങ്ങു നട്ടു. ഇന്ന് നന്നായി കായ്ക്കുന്ന 400 എണ്ണമടക്കം 700ൽപ്പരം തെങ്ങുങ്ങൾ കൃഷ്ണനുണ്ണിക്കുണ്ട്. ഒപ്പം ഇരുന്നൂറോളം കമുകുകളും. തെങ്ങിന് ഇടവിളയായി കൊക്കോ, ജാതി, മാവ്, വാഴയിനങ്ങൾ, കുരുമുളക്, കാപ്പി എന്നിവയും നട്ടു പരിപാലിക്കുന്നു. പലതരം പഴവർഗച്ചെടികളും ഈ തോട്ടത്തിലുണ്ട്. നേന്ത്രൻ, പച്ചക്കറികൾ, മരച്ചീനി എന്ന ഒരേക്കർ വീതം സ്ഥലത്തു തനിവിളയായി കൃഷി ചെയ്യുന്നുമുണ്ട്.

krishnanunni-1
ഒരേക്കർ സ്ഥലത്ത് മരച്ചീനി തനിവിള

പയർ, വെണ്ട, മുളക്, മത്തൻ, കുമ്പളം തുടങ്ങി മിക്ക ഇനം പച്ചക്കറികളും ഇവിടെയുണ്ട്. കൂടാതെ ഞാലിപ്പൂവൻ, കദളി, ചാരപ്പൂവൻ, ചെങ്കദളി തുടങ്ങിയ ചെറു വാഴയിനങ്ങളും അൽഫോൻസോ, ഹിമ പസന്ത്, സിന്ദൂരി, നീലം, ബംഗനപ്പള്ളി ഇനം മാവുകളും കൃഷ്ണനുണ്ണിയുടെ തോട്ടത്തിൽ നല്ല രീതിയിൽ വളർന്നുവരുന്നു. പ്ലാവ്, കശുമാവ്, പപ്പായ, പേര, റംബുട്ടാൻ, മാംഗോസ്റ്റിൻ, പൊമോഗ്രനേറ്റ്, വെണ്ണപ്പഴം, നെല്ലി തുടങ്ങിയവയും ഇവിടെ കാണാം.

താങ്ങും തണലുമായി ജീവജാലങ്ങൾ

അസീൽ ഇനം പോരുകോഴികൾക്കൊപ്പം താറാവ്, ടർക്കി, കോഴി എന്നിവയും കാളകളടക്കം എട്ടു കന്നുകാലികളും 20 ആടുകളും കൃഷ്ണനുണ്ണിയുടെ ഫാമിലുണ്ട്. ജലസേചനത്തിനൊപ്പം മീൻകൃഷിയും നടത്തുന്നു. മൂന്നു കുളങ്ങളിലാണ് മത്സ്യകൃഷി. ഒപ്പം തോട്ടത്തിലെ വിളകൾക്കുള്ള വെള്ളവും ഈ കുളങ്ങളിൽനിന്ന്. പത്തു പെട്ടികളിലായി തേനിച്ച വളർത്തലുമുണ്ട്. പരാഗണത്തിലൂടെ വിളകളുടെ വിളവ് വർധിപ്പിക്കുകയാണ് തേനീച്ചക്കൂട് സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്. 

പ്രധാന വളം പച്ചിലവളം

ജൈവവളപ്രയോഗവും ജൈവ കീടനിയന്ത്രണമാർഗങ്ങളുമാണ് കൃഷ്ണനുണ്ണി സ്വീകരിച്ചിട്ടുള്ളത്. കന്നുകാലികളുടെ ചാണകം, പക്ഷിക്കാഷ്ഠം എന്നിവ പ്രയോജനപ്പെടുത്തി വർഷം ഒരു ടണ്ണോളം കംപോസ്റ്റ് തയാറാക്കുന്നു. അത്രയുംതന്നെ പച്ചിലവളവും തയാറാക്കുന്നുണ്ട്. തെങ്ങിൻതോപ്പിൽ പയർ കൃഷി ചെയ്ത് വിളവെടുപ്പിനുശേഷം മണ്ണിൽ ഉഴുതു ചേർക്കും. നെല്ലിനും പച്ചക്കറികൾക്കും ജീവാണുവളങ്ങളും നൽകുന്നുണ്ട്.

നെല്ലിനും പച്ചക്കറികൾക്കുമുള്ള കീടനിയന്ത്രണത്തിന് ജൈവകീടനാശിനികൾ, ട്രൈക്കോ കാർഡ്, വിളക്കുകെണി എന്നിവയാണ് അവലംബിക്കുക. ഒപ്പം കീടങ്ങളെ നിയന്ത്രിക്കാൻ ഇക്കോളജിക്കൽ എൻജിനിയറിങ്ങും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മിത്രകീടങ്ങളെ ആകർഷിക്കാൻ ചെണ്ടുമല്ലി, സൂര്യകാന്തി എന്നിവ ഇതിനായി പാടവരമ്പിലും കൃഷിയിടത്തിന്റെ അതിരിലും വളർത്തുന്നു.

ഈർപ്പം നിലനിർത്താൻ പുതയിടൽ

ജലദൗർലഭ്യമുള്ള പ്രദേശമായതിനാൽ വെള്ളം പാഴാക്കാൻ കഴിയില്ല. ജലസംഭരണത്തിനായി കുളങ്ങളുണ്ടെങ്കിലും മണ്ണിൽ ഈർപ്പം പിടിച്ചുനിർത്താനായി ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ചുള്ള പുതയിടലും പിന്തുടരുന്നു. ഒപ്പം ജലോപയോഗം കുറയ്ക്കാൻ തുള്ളിനനയും സ്വീകരിച്ചിട്ടുണ്ട്.

krishnanunni-2
ജലസേചനത്തിനൊപ്പം മീൻവളർത്തൽ

പരീക്ഷണം മാവിൽ

മാവ്, കൊക്കോ എന്നിവയുടെ തീവ്ര കൃഷിരീതിയാണ് കൃഷിയിടത്തെ നൂതന പരീക്ഷണങ്ങൾക്ക് ഉദാഹരണം. ഏക്കറിന് 60 മാവാണ് കണക്കെങ്കിൽ 600 മാവ് എന്ന രീതിയിൽ അര ഏക്കറിൽ 300 മാവുകൾ നട്ടിട്ടുണ്ട്. ഇവ വിളവിലേക്ക് എത്തുന്നതേയുള്ളൂ. ഈ രീതിയിൽ കൊക്കോയും കൃഷി ചെയ്യുന്നു.

നെല്ല് കാർഷിക സർവകലാശാലയിലേക്ക്

കേരള കാർഷിക സർവകലാശാലയുടെ റജിസ്ടേർഡ് നെൽവിത്തുൽപാദകനാണ് കൃഷ്ണനുണ്ണി. മൊത്തം വിളവിന്റെ ഒരു പങ്ക് സർവകലാശാലയ്ക്കു നൽകും. കിലോഗ്രാമിന് 31 രൂപ വച്ചാണ് ഈ കൈമാറ്റം. സർക്കാരിന്റെ സംഭരണപദ്ധതിയിലേക്കു പോകുന്ന നെല്ലിന് 26 രൂപയാണ് ലഭിക്കുക. ഏക്കറിന് 60,000 രൂപയാണ് നെല്ലിൽനിന്നുള്ള വരുമാനം. ചെലവ് 35,000 രൂപ വരും. ബാക്കി ലാഭമാണ്. ഒപ്പം ഒരു സീസണിൽ 50,000 രൂപയുടെ വൈക്കോലും വിൽക്കുന്നുണ്ട്.

krishnanunni-3
കൃഷ്ണനുണ്ണിയുടെ മുളക് കൃഷി

തേങ്ങയും പച്ചക്കറികളും വിത്തിന്

തേങ്ങയിൽ ഒരു പങ്ക് വിത്തുതേങ്ങയായാണ് വിൽപന. പച്ചക്കറികളും അതുപോലെ ഒരു ഭാഗം വിത്തിനായി മാറ്റിവയ്ക്കുന്നു. പച്ചക്കറി വികസന അതോറിറ്റിയാണ്  പച്ചക്കറി വിത്തിനായി ഏറ്റെടുക്കുന്നത്.

ഒരു തെങ്ങിൽനിന്ന് ശരാശരി 100 തേങ്ങയാണ് വാർഷികോൽപാദനം. നന്നായി വിളവ് തരുന്നത് 400 തെങ്ങുകളാണ്. തേങ്ങയൊന്നിന് 15 രൂപ വില ലഭിക്കുന്നുണ്ട്. 

പിന്തുണ കുടുംബം

ഭാര്യ പ്രസീദയും മക്കളായ ഉണ്ണിയും വന്ദനയുമാണ് കൃഷിയിൽ കൃഷ്ണനുണ്ണിയുടെ ബലം. ഇപ്പോൾ വിദേശത്താണ് ജോലിയെങ്കിലും ഉണ്ണിക്ക് ക‍ൃഷിയുടെ ഭാവിയെക്കുറിച്ചും ഈ കൃഷിയിടത്തിന്റെ ഭാവി നടത്തിപ്പിനെക്കുറിച്ചും വ്യക്തമായ ധാരണയും കാഴ്ചപ്പാടുമുണ്ട്. നെൽകൃഷിയിൽനിന്ന് സമ്മിശ്രകൃഷിയിലേക്ക് വളർന്ന ഈ കൃഷിയിടത്തിനു കാലാസനുസൃതമായ ഒരു മുന്നേറ്റം ഉറപ്പാണെന്നാണ് ഉണ്ണിയുടെ ഉറപ്പ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA