sections
MORE

വീണ്ടുമൊരു ഹരിതവിപ്ലവത്തിന് തുടക്കമിട്ട് ജീവനി; ഒരുക്കാം വീട്ടിലൊരു പച്ചക്കറിത്തോട്ടം

HIGHLIGHTS
  • 2020 ജനുവരി 1 മുതൽ 2021 ഏപ്രിൽ വരെയാണ് ജീവനിയുടെ കാലം
  • പരമ്പരാഗത കൃഷി രീതികൾക്കൊപ്പം ശാസ്ത്രീയമായ പദ്ധതികളും ആവിഷ്ക്കരിക്കുക
kollam-vegetable
SHARE

രാസവളമിടാത്ത പച്ചക്കറി എവിടെ ലഭിക്കുമെന്നായിരുന്നു അടുത്തകാലം വരെ മലയാളികൾ ചോദിച്ചിരുന്നത്. എന്നാൽ, സ്വന്തം വീട്ടുമുറ്റത്തു തന്നെ നൂറുശതമാനം ജൈവം എന്നുറപ്പിച്ചു പറയാവുന്ന കൃഷി ചെയ്യാമെന്ന് നമ്മളിൽ ചിലർ തെളിയിച്ചതോടെ ആ ചോദ്യം അവസാനിച്ചു. ഇപ്പോൾ എനിക്കും ജൈവകൃഷി ചെയ്യണമെന്നുണ്ട്. അതിനാരു സഹായിക്കും എന്നാണു മിക്കവരും ചോദിക്കുന്നത്. അങ്ങനെയുള്ളൊരു ചോദ്യം പലയിടത്തുനിന്നും ഉയർന്നതുകൊണ്ടു തന്നെ സംസ്ഥാന കൃഷിവകുപ്പു തന്നെ അത്തരക്കാരെ സഹായിക്കാൻ നേരിട്ടിറങ്ങിയിരിക്കുകയാണ്. ‘ജീവനി’ എന്ന പേരിൽ. 2020ൽ കേരളത്തിലെ 50 ശതമാനം വീട്ടുമുറ്റത്തെങ്കിലും വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് കൃഷിവകുപ്പ്.

ആർക്കൊക്കെ കൃഷി ചെയ്യാം

കൃഷിക്കാരൻ എന്നു പറയുമ്പോൾ മലയാളിക്കൊരു അകൽച്ചയുണ്ടായിരുന്നു. പാടത്തും പറമ്പിലും വെയിലും മഴയും കൊണ്ട് അധ്വാനിക്കുന്ന ആൾ എന്നൊരു ചിത്രമായിരുന്നു മിക്കവരുടെയും മനസ്സിൽ. ഒറ്റമുണ്ടു മാത്രമുടുത്ത്, കുപ്പായമിടാതെ, വിയർപ്പൊഴുകുന്ന ശരീരവുമായി, ചിലപ്പോൾ തോളിലൊരു കലപ്പയോ മൺവെട്ടിയോ ഉള്ള ആൾ. അങ്ങനെയൊരു ചിത്രം മനസ്സിൽ പതിഞ്ഞതുകൊണ്ട് കൃഷിക്കാരനാകുക എന്നത് ഒരു രണ്ടാംതരം ജോലിയായി ആദ്യമേ തന്നെ കണക്കാക്കിത്തുടങ്ങി. വെള്ളക്കോളർ ജോലി മാത്രമേ മാന്യതയുള്ളൂ എന്നൊരു തോന്നൽകൊണ്ട് ഇവിയുള്ള യുവാക്കൾ കൃഷിയിൽ നിന്നു സ്വബോധത്തോടെ അകന്നു. 

കേരളത്തിലെ കൃഷിയിടങ്ങൾ ചുരുങ്ങുകയും ജോലി ചെയ്യാൻ ആളെകിട്ടാതെ വരികയും  ചെയ്തതോടെ നാം ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാൻ തുടങ്ങി. ആന്ധ്രയിൽനിന്ന് അരിയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് പച്ചക്കറിയും എത്തിയാലേ നമ്മുടെ അടുപ്പു പുകയൂ എന്ന അവസ്ഥയായി. ഇങ്ങനെ അതിർത്തി കടന്നുവരുന്ന പച്ചക്കറികളിൽ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന മാരകമായ കീടനാശിനികൾ ഉണ്ടെന്ന തിരിച്ചറിവു വന്നതോടെയാണ് കൃഷിയെക്കുറിച്ച് വീണ്ടുമൊരു ബോധം നമുക്കുണ്ടായത്. 

നാം കഴിക്കുന്നതൊന്നും യഥാർഥ പച്ചക്കറിയല്ല എന്നൊരു ബോധം മലയാളിക്കുണ്ടാകാൻ കുറച്ചുകാലം വേണ്ടിവന്നു. ഈ സമയത്തിനു നാം വലിയ വില നൽകേണ്ടിയും വന്നു. ഭക്ഷണത്തിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മലയാളിയുടെ സമാധാനം കെടുത്താൻ തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന കീടനാശിനികൾ തെളിച്ച ഭക്ഷ്യവസ്തുക്കളാണ് വില്ലൻ എന്ന തിരിച്ചറിവു ലഭിക്കാൻ കുറച്ചുസമയമെടുത്തു. ഇവിടുത്തെ മാധ്യമങ്ങളിലെ ബോധവൽക്കരണം കൊണ്ടാണ് അങ്ങനെയൊരു കാര്യം സാധിച്ചെടുത്തത്.

ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന പച്ചക്കറികൾ ആരോഗ്യത്തെ നശിപ്പിക്കുന്നെന്ന ബോധമുണ്ടായിട്ട് രണ്ടോ മൂന്നോ വർഷമേ ആയുള്ളൂ. ആ ബോധം എല്ലാവരിലും എത്തിയതോടെയാണ് സ്വന്തം മുറ്റത്തൊരു പച്ചക്കറിത്തോട്ടം എന്ന ആശയത്തിനു വലിയ പ്രചാരം ലഭിച്ചത്. ജൈവകൃഷിയിലേക്കുള്ള രണ്ടാംഘട്ടം തുടങ്ങുന്നത് അവിടെയാണ്. ഒരു വീട്ടിലേക്കുള്ള വേണ്ട പച്ചക്കറി ആർക്കും സ്വന്തം മുറ്റത്ത് ഉണ്ടാക്കിയെടുക്കാമെന്ന ബോധവൽകരണത്തിനു വിജയം ലഭിച്ചതോടെയാണ് കേരളത്തിലെ വീട്ടമ്മമാരും കുട്ടികളുമെല്ലാം കൃഷിയിലേക്കു തിരിഞ്ഞത്. പ്രാരംഭദശയിലായിരുന്ന കൃഷി അടുത്തിടെയായി വലിയ വിജയായി കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ‘ജീവനി–നമ്മുടെ കൃഷി– നമ്മുടെ ആരോഗ്യം’ എന്ന പദ്ധതിയുമായി കൃഷിവകുപ്പ് തുടക്കമിടുന്നത്. 2020 ജനുവരി 1 മുതൽ 2021 ഏപ്രിൽ വരെയാണ് ജീവനിയുടെ കാലം. 

എല്ലാ വീട്ടിലും കറിവേപ്പില, പപ്പായ, ചീര, വാഴ, മുരിങ്ങ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. കേരളത്തിൽ 6 ലക്ഷം ജൈവപോഷകത്തോട്ടങ്ങളാണ് ഈ സമയം കൊണ്ട് ഉണ്ടാകാൻ പോകുന്നത്. 

പരമ്പരാഗത കൃഷി രീതികൾക്കൊപ്പം ശാസ്ത്രീയമായ പദ്ധതികളും ആവിഷ്ക്കരിക്കുക. കുടുംബശ്രീ, അയൽശ്രീ, റസി‍ഡൻസ് അസോസിയേഷൻ എന്നിവയെയെല്ലാം കൂട്ടുപിടിച്ചുകൊണ്ടാണ് പദ്ധതി വിജയിപ്പിക്കുക. പൂർണമായും ജൈവകൃഷിയിലൂടെ കേരളത്തിന്റെ പച്ചപ്പും മലയാളിയുടെ ആരോഗ്യവും വീണ്ടെടുക്കാൻ ഈ വലിയ പദ്ധതിക്കു സാധിക്കും. കൃഷി ചെയ്യാൻ മനസ്സുള്ള മലയാളിയാണിപ്പോഴുള്ളത്. അതുകൊണ്ടു തന്നെ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ആർക്കും ആശങ്കയില്ല. ഇനിയത് നൂറുശതമാനം ആത്മാർഥതയോടെ ചെയ്യാൻ ഇറങ്ങിയാൽ മതി. ഒരുപദ്ധതി മലയാളികൾ ഏറ്റെടുത്താൽ അത് നൂറുശതമാനം കൃത്യതയോടെ ചെയ്യുമെന്നുറപ്പുള്ളതുകൊണ്ട് ധൈര്യമായി പറയാം ‘ജീവനി’ ഇവിടെയൊരു വിപ്ലവം സൃഷ്ടിക്കുമെന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA