ADVERTISEMENT

സംസ്ഥാനത്തെ കർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ മടിക്കുന്നതിന്റെ കാരണം കണ്ടെത്താനും കേന്ദ്ര–സംസ്ഥാന പദ്ധതികളെ യോജിപ്പിച്ച് പുതിയ രീതിയിൽ അവതരിപ്പിക്കാൻ ആശയം നൽകാനും ഏജൻസിയെത്തേടി കൃഷി വകുപ്പ് രാജ്യാന്തര ടെൻഡർ വിളിച്ചു. 18 ലക്ഷം കർഷകരുള്ള കേരളത്തിൽനിന്ന് കേന്ദ്രത്തിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ വെറും 30,000 പേരാണു ചേർന്നത്. സംസ്ഥാനം 1995 മുതൽ നടപ്പാക്കിവരുന്ന വിള ഇൻഷുറൻസ് പദ്ധതിയിൽ 3 ലക്ഷം പേരും. 

ഒരു വർഷം മുൻപു വരെ സംസ്ഥാനപദ്ധതിയിൽ 80,000 പേരായിരുന്നു. ബോധവൽക്കരണപരിപാടികളെത്തുടർന്നും കൃഷി വായ്പയെടുക്കുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയതിനാലുമാണ് 3 ലക്ഷമെങ്കിലുമായത്. രാജ്യത്തെ എല്ലാ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ഇ–ടെൻഡർ കഴിഞ്ഞയാഴ്ച തുറന്നപ്പോൾ ഒരു ഏജൻസി മാത്രമായിരുന്നു കരാർ നൽകിയത്. അതുകൊണ്ട് കരാർ നൽകാൻ 8 വരെ സമയം നീട്ടി. 4 മാസം പഠനം നടത്തി മൂന്നോ നാലോ പുതിയ മാതൃകകൾ അവതരിപ്പിക്കണമെന്നാണ് ആവശ്യം. 

കേന്ദ്രത്തിന്റെ നിബന്ധനകൾ സങ്കീർണമാണെന്നാണു സംസ്ഥാനത്തിന്റെ വാദം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി കർഷകർക്കും കൃഷി ഓഫിസർമാർക്കും എളുപ്പമാണ്. 27 വിളകൾ ഇതിൽ ഉൾപ്പെടുന്നു. പക്ഷേ കർഷകന് കേന്ദ്ര പദ്ധതിയുടെ അത്രയും നഷ്ടപരിഹാരം ലഭിക്കില്ല. മാത്രമല്ല സംസ്ഥാന സർക്കാരിനു കാര്യമായ സാമ്പത്തിക ബാധ്യതയും വരുന്നുണ്ട്. 

കർഷകരിലേക്ക് കൂടുതൽ ആനുകൂല്യമെത്തിക്കണമെന്ന, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിലേക്ക് സംസ്ഥാനങ്ങളെ എത്തിക്കുന്നതിനാണു കേന്ദ്രത്തിന്റെ ശ്രമം. സംസ്ഥാനങ്ങളുടെ സാഹചര്യം അനുസരിച്ച് പദ്ധതിയിൽ വിട്ടുവീഴ്ചകളാകാം. പക്ഷേ, പണം സംസ്ഥാന സർക്കാരിനു നേരിട്ടു നൽകില്ലെന്നതാണ് കേന്ദ്രനിലപാട്.

കേന്ദ്ര ഇൻഷുറൻസ് 2 വിധം

നെല്ല്, മരച്ചീനി, വാഴ എന്നിങ്ങനെ 3 വിളകൾക്കാണ് പ്രധാനമന്ത്രി ഫസൽ ഭീമാ യോജന (പിഎംഎഫ്ബിവൈ) എന്ന പദ്ധതിപ്രകാരം ഇൻഷുറൻസ് പരിരക്ഷയുള്ളത്. എന്നാൽ കേന്ദ്രസർക്കാരിന്റെതന്നെ കാലാവസ്ഥാ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ ശീതകാല പച്ചക്കറികൾ ഉൾപ്പെടെ 12 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. അടയ്ക്ക,കുരുമുളക്, ഇഞ്ചി, കരിമ്പ്, മഞ്ഞൾ, ഏലം, പൈനാപ്പിൾ, വാഴ, ജാതി വിളകളും ഉൾപ്പെടുന്നു. എന്നിട്ടും കേന്ദ്രപദ്ധതിയിൽ ചേരുന്ന കർഷകരുടെ എണ്ണം കേരളത്തിൽ കുറവ്. 

നെല്ലിനു ഹെക്ടറിന് 80,000 രൂപ വരെയും വാഴയ്ക്ക് ഹെക്ടറിന് 3 ലക്ഷം രൂപ വരെയും ലഭിക്കും. മരച്ചീനിക്ക് 1.25 ലക്ഷം രൂപവരെ‌മാണ് ഇൻഷുറൻസ് തുക. നെല്ലിന് ഇൻഷുറൻസ് തുകയുടെ 2% തുക കർഷകനും 2% വീതം കേന്ദ്രവും സംസ്ഥാനവും പ്രീമീയം തുക അടയ്ക്കണം. മരച്ചീനിക്കും വാഴയ്ക്കും ഇത് 5% വീതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com