ADVERTISEMENT

പരീക്ഷണാടിസ്ഥാനത്തിൽ കൊത്തമല്ലി കൃഷിയുമായി യുവകർഷകൻ. ചിറ്റൂർ വടകരപ്പതി മേനോൻപാറ വളയക്കാരൻചള്ള ആർ.നന്ദകുമാർ (35) ആണ് തന്റെ ഒരേക്കർ കൃഷിയിടത്തിൽ കൊത്തമല്ലി പരീക്ഷിച്ചത്. വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ച് കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് അച്ഛൻ രാമചന്ദ്രൻ മരിച്ചത്. തുടർന്ന് വീട്ടിൽ അമ്മ തനിച്ചായതോടെയാണ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയത്. 

കൃഷിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്യുന്നതിനിടെയാണ് എരുത്തേമ്പതി കൃഷി അസിസ്റ്റന്റ് എൻ. അബ്ദുൽ ഖാദർ, കർഷകനായ തിരുവെങ്കിടം എന്നിവരിൽനിന്നു കൊത്തമല്ലി കൃഷിയെക്കുറിച്ച് മനസിലാക്കിയത്. തുടർന്നാണ് കൊത്തമല്ലി കൃഷി പരീക്ഷിക്കാൻ തീരുമാനിച്ചത്. കൃഷിയിടം ഉഴുതുമറിച്ച് കൊത്തമല്ലി വിത്ത് വിതച്ചു. ഒരേക്കറിന് 7 മുതൽ 8 കിലോഗ്രാം വരെയാണ് വിത്ത് ആവശ്യമായി വന്നത്. ഒരേക്കറിൽനിന്ന് 2500 കിലോഗ്രാം വരെ വിളവ് ലഭിക്കുമെന്ന് കർഷകനായ തിരുവെങ്കിടം പറയുന്നു.

വിതച്ച് 28–ാം ദിവസം വിളവെടുക്കാനാകും. മറ്റു വിളകളെപോലെ കൂടുതൽ വെള്ളവും ഇതിനാവശ്യമില്ല. നിലവിൽ കൊത്തമല്ലി കിലോഗ്രാമിന് 60 രൂപ വിലയുണ്ട്. ഒരു തവണ കൃഷി ചെയ്ത് പിന്നീടും അതേ സ്ഥലത്ത് കൊത്തമല്ലി കൃഷി ചെയ്താൽ വിളവ് കുറയാനിടയുണ്ട്. അതുകൊണ്ടുതന്നെ ഒരുതവണ കൃഷി ചെയ്ത ശേഷം ചോളം പോലുള്ള ഇടവിള ചെയ്ത ശേഷമേ വീണ്ടും അതേ സ്ഥലത്ത് കൊത്തമല്ലി കൃഷി ചെയ്യാനാകൂ. കൃഷി വിജയിച്ചാൽ തന്റെ ആറേക്കർ കൃഷിയിടത്തിലേക്കു കൂടി കൊത്തമല്ലി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് നന്ദകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com