കന്നുകാലികളിലെ ചർമ മുഴ തൃശൂരിൽ സ്ഥിരീകരിച്ചു, കോട്ടയത്തും സമാന ലക്ഷണങ്ങൾ

HIGHLIGHTS
  • കോട്ടയത്തെ പശുക്കളിൽ കാണപ്പെട്ടത് ചർമമുഴ രോഗമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല
  • ഭയംമൂലം ആരും പുറത്തു പറയുന്നില്ല, പക്ഷേ പറയണം
കേരളത്തിലെ പശുക്കളിൽ ചർമ മുഴ രോഗം
SHARE

കേരളത്തിൽ കന്നുകാലികളിൽ ലംബി സ്കിൻ (ചർമ മുഴ) രോഗം കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മണ്ണുത്തി വെറ്ററിനറി കോളജ് രോഗ പ്രതിരോധ വിഭാഗം സാംപിളുകൾ ശേഖരിച്ചു ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി ആനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രൻ നാഥാണ് പരിശോധന നിർദേശിച്ചത്. സർവകലാശാലയിലെ അസി. പ്രഫ. എസ്. സുൽഫിക്കർ, രോഗപ്രതിരോധ വിഭാഗം മേധാവി കെ. വിജയകുമാർ എന്നിവരാണ് ലംബി സ്കിൻ രോഗം സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്.

lumpy-skin-disease-2
കോട്ടയത്ത് പേരൂരിൽ ചർമ മുഴ രോഗ ലക്ഷണങ്ങളുള്ള പശു.

പ്രധാനമായും കന്നുകാലികളിലാണ് രോഗം കാണുന്നത്. എരുമ, ജിറാഫ്, മാൻ വിഭാഗത്തിലുള്ള ജീവികളിലും അസുഖത്തിനു സാധ്യതയുണ്ട്. ഈച്ച, കൊതുക്, പട്ടുണ്ണി പോലെയുള്ളവയാണ് രോഗവാഹകരെന്നു കരുതപ്പെടുന്നു. നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കം മൂലം രോഗാണു പടരാം. പാലിലൂടെയും ബീജ ദാനത്തിലൂടെയും രോഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന പനി, ലസിക ഗ്രന്ഥികളുടെ വീക്കം, തൊലിപ്പുറത്തു കാണുന്ന ചെറുമുഴകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ന്യുമോണിയ, അകിടു വീക്കം എന്നിവയുമുണ്ടാകാം. ശരീരത്തിൽ നീർക്കെട്ടുണ്ടാകാം.

രോഗനിർണയത്തിനായി രക്തം, ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ മൃഗസംരക്ഷണ വകുപ്പ് മുഖേന എൻഐഎച്ച്എസ്എഡിയിലേക്ക് അയയ്ക്കാം. മുഴകളിലെ പഴുത്ത വ്രണങ്ങളിലും പൊറ്റകളിലും ഏകദേശം ഒരു മാസത്തോളവും ഉണങ്ങിയ ചർമത്തിൽ 18 ദിവസം വരെയും രോഗകാരണമായ വൈറസ് നിലനിൽക്കും. രോഗനിർണയം നടത്താൻ കർഷകർ ശ്രദ്ധിക്കണമെന്ന് വെറ്ററിനറി സർവകലാശാല അറിയിച്ചു.

lumpy-skin-disease-3
കോട്ടയത്ത് പേരൂരിൽ ചർമ മുഴ രോഗ ലക്ഷണങ്ങളുള്ള പശു.

സമാന ലക്ഷണങ്ങൾ കോട്ടയത്തും

ചർമ മുഴ രോഗം സ്ഥിരീകരിച്ചത് തൃശൂരാണ്. എങ്കിലും, ചർമമുഴ രോഗത്തിന്റെ സമാന ലക്ഷണങ്ങൾ കോട്ടയം ജില്ലയിലെ പേരൂരിലും കാണപ്പെട്ടു.  ശരീരത്തിൽ മുഴകൾ രൂപപ്പെടുന്നതിനൊപ്പം പനി, വിശപ്പില്ലായ്മ, ശ്വാസതടസം, വയർ വീർക്കൽ തുടങ്ങിയവ പശുക്കൾക്കുണ്ടായതായി കർഷകർ പറയുന്നു. ശരീരത്തിൽ എല്ലായിടത്തും മുഴകൾ രൂപപ്പെടുകയും പിന്നീട് മുഴ പൊട്ടി വ്രണമാകുകയും ചെയ്തിട്ടുണ്ട്. ശരീരത്തു മുഴകൾ രൂപപ്പെട്ട പശുക്കളുടെ പാലുൽപാദനം പകുതിയായി കുറഞ്ഞു. ചില പശുക്കളുടെ ഉൽപാദനം പൂർണമായും വറ്റിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. 

തീറ്റയോടു മടുപ്പുണ്ടായതിനാൽ പശുക്കൾ മെലിഞ്ഞുണങ്ങി. ഭക്ഷണം കഴിക്കാത്ത സാഹചര്യത്തിൽ ഗ്ലൂക്കോസ് നൽകിയാണ് ആരോഗ്യം സംരക്ഷിച്ചതെന്ന് കർഷകർ പറയുന്നു. അപൂർവ രോഗം മൂലം ചെറുകിട കർഷകർ പ്രതിസന്ധിയിലാണ്. പാലുൽപാദനം കുറഞ്ഞതോടെ പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന പല കുടുംബങ്ങളും പ്രതിസന്ധിയിലായി.

lumpy-skin-disease
കോട്ടയത്ത് പേരൂരിൽ ചർമ മുഴ രോഗ ലക്ഷണങ്ങളുള്ള പശു

എന്നാൽ, കോട്ടയത്തെ പശുക്കളിൽ കാണപ്പെട്ടത് ചർമമുഴ രോഗമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പ് ഇക്കാര്യത്തിൽ ഇടപെട്ടാൽ മാത്രമേ രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിയൂ. അല്ലാത്തപക്ഷം കൂടുതൽ പശുക്കളിലേക്ക് രോഗം വ്യാപിച്ചേക്കാം. അടുത്തടുത്ത വീടുകളിലെ പശുക്കളിലാണ് പ്രധാനമായും രോഗം കണപ്പെടുന്നത്. ഒരു ഫാമിലെ ആകെയുള്ള അഞ്ചു പശുക്കളുടെയും ശരീരത്ത് മുഴ കാണപ്പെട്ടിട്ടുണ്ട്. പേരൂർ പ്രദേശത്ത് പ്രധാനമായും പാലുൽപാദനമുള്ള പശുക്കളിലാണ് രോഗം കണ്ടിട്ടുള്ളത്. ഒപ്പമുള്ള കിടാരികളിൽ രോഗം കാണപ്പെട്ടിട്ടില്ല.

ഭയംമൂലം ആരും പുറത്തു പറയുന്നില്ല, പക്ഷേ പറയണം

പാൽ വിറ്റ് ഉപജീവനം നടത്തുന്ന സാധാരണക്കാരായതിനാൽ പലരും ഈ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും വെളിപ്പെടുത്താൻ മടിക്കുകയാണ്. രോഗം പൂർണമായി ഭേദമായാലും തങ്ങളുടെ പക്കൽനിന്നു പാൽ വാങ്ങുന്നവർക്ക്  ഭീതിയുണ്ടാവുമെന്നതാണ് കർഷകരെ രോഗം റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ അക്കാര്യം അറിയിക്കാൻ കർഷകർ ശ്രദ്ധിക്കണം.

തടയാൻ എന്തു ചെയ്യാം?

lumpy-skin-disease-4
കോട്ടയത്ത് പേരൂരിൽ ചർമ മുഴ രോഗ ലക്ഷണങ്ങളുള്ള പശു

കന്നുകാലികൾ കഴിയുന്ന പരിസരം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. ഫിനോൾ 2%, സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി 3%, സോഡിയം ഹൈഡ്രോക്സൈഡ് 2%, അലക്കുകാരം 4%, ഗ്ലൂട്ടാറൽ ഡിഹൈഡ് 2% എന്നിവ ഫലപ്രദമായ അണുനാശിനിയാണ്. ബാക്ടീരിയ മൂലമുണ്ടാകുന്ന സങ്കീർണതകൾ ആന്റി ബയോട്ടിക് ഉപയോഗത്തിലൂടെ നിയന്ത്രിക്കാം.

രോഗലക്ഷണങ്ങൾ കാണിക്കുന്ന പശുക്കളെ മറ്റുള്ളവയുടെ അടുത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്നത് രോഗവ്യാപനം കുറയ്ക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA