ADVERTISEMENT

കന്നുകാലികളെ ബാധിക്കുന്ന സാക്രമിക ചർമ മുഴ രോഗം (എൽഎസ്‌ഡി)  സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നു ശേഖരിച്ച സാമ്പിളുകളിൽനിന്ന് മാത്രമേ രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും മറ്റു പ്രദേശങ്ങളിലെയും കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 

ചർമമുഴ രോഗത്തിന്റെ പകർച്ചാനിരക്കും രോഗബാധയേറ്റുള്ള മരണനിരക്കും താരതമ്യേനെ കുറവായതിനാൽ ക്ഷീരകർഷകർ ആശങ്കപെടേണ്ടതില്ലെന്നും ഇത് മനുഷ്യരിലേക്ക് പടരാനിടയുള്ള ജന്തുജന്യരോഗങ്ങളിൽ ഒന്നല്ലെന്നും ജാഗ്രതാനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. മതിയായ പരിചരണവും ചികിത്സയും ഉറപ്പുവരുത്തിയാൽ  മൂന്നാഴ്ചയ്ക്കുള്ളിൽ പശുക്കൾ രോഗവിമുക്തമാവുമെങ്കിലും പാലുൽപാദനത്തിലെ കുറവ് നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.

തൊഴുത്തിലും പരിസരത്തും രോഗവാഹകരായ കടിയീച്ച, കൊതുക്, പട്ടുണ്ണി  തുടങ്ങിയ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനും അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കുന്നതിനും പ്രാധാന്യം നൽകണം. രോഗസംക്രമണം നിയന്ത്രിക്കുന്നതിനായി പുതുതായി പശുക്കളെ വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കാനും രോഗലക്ഷണമുള്ളവയെ പ്രത്യേകം മാറ്റിപാർപ്പിച്ച് പരിചരിക്കാനും നിർദേശമുണ്ട്. 

സംശയനിവാരണത്തിന് ഹെൽപ്‌ലൈൻ നമ്പർ

തങ്ങളുടെ ഉരുക്കളിൽ ചർമമുഴ രോഗവുമായി സാമ്യമുള്ള ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ കർഷകർ തൊട്ടടുത്തുള്ള മൃഗാശുപത്രികളുമായി ബന്ധപ്പെടണം. സംസ്ഥാനത്തൊട്ടാകെയുള്ള ക്ലിനിക്കൽ, ലബോറട്ടറി, ഡിസീസ് ഇൻവെസ്റ്റിഗേഷൻ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ കേസുകളിൽ ജില്ലാ ലബോറട്ടറി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകൾ ശേഖരിച്ച് രോഗനിർണയം നടത്തുന്നതിനുള്ള സംവിധാനം സംസ്ഥാനത്തൊട്ടാകെ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. വകുപ്പിന്റെ സംസ്ഥാനതല റഫറൽ ലബോറട്ടറിയായ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ രോഗനിർണയത്തിനുള്ള സംവിധാനമുണ്ട്. രോഗം സംബന്ധിച്ച സംശയങ്ങൾക്ക് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ നമ്പറായ 0471 2732151 ൽ വിളിക്കാം.

English Summary: Lumpy Skin Disease

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com