ADVERTISEMENT

വില ഉയർന്നതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽനിന്ന് ഏലക്കാ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം സേനാപതി മുക്കുടിലിലെ വിവിധ തോട്ടങ്ങളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഏലക്കാ മോഷ്ടാക്കൾ അപഹരിച്ചു. ചെടികളിൽനിന്നു ശരം മുറിച്ചെടുതാണു കടത്തുന്നത്. ഇതുമൂലം വരും നാളുകളിലെ വിളവെടുപ്പും ഇല്ലാതാകുന്നു. തൊട്ടിമലയിൽ ശിവൻ കുഞ്ഞ്, കിഴക്കോട്ടായിൽ തോമസ്, സ്റ്റാലിൻ തുടങ്ങിയവരുടെ കൃഷിയിടത്തിൽ നിന്നാണ് ശരം മുറിച്ച് കടത്തിയത്.

ശിവൻകുഞ്ഞിന് രണ്ടര ലക്ഷം രൂപയുടെയും, തോമസ്, സ്റ്റാലിൻ എന്നിവർക്ക് രണ്ടു ലക്ഷത്തോളം രൂപയുടെയും നഷ്ടം സംഭവിച്ചു. മോഷ്ടിക്കപ്പെട്ട വിവരം എളുപ്പത്തിൽ മനസ്സിലാകാതിരിക്കുന്നതിനായി ശരങ്ങൾ പാതിവച്ച് മുറിച്ചെടുത്തിരിക്കുകയാണ്. ഒന്നര വർഷത്തോളം വിളവ് നൽകേണ്ട ശരങ്ങളാണ് മുറിച്ചു കൊണ്ട് പോയിരിക്കുന്നത്. ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വർഷങ്ങളിലെ പ്രളയം ഇടുക്കിയിലെ കർഷകർക്ക് നൽകിയ ദുരിതം ചില്ലറയല്ല. കനത്ത മഴയെത്തുടർന്ന് ഏലച്ചെടികളിൽ നല്ലൊരു ശതമാനവും ചീഞ്ഞുപോയി. പ്രളയത്തെ അതിജീവിച്ച ചെടികൾ വേനലിൽ കരിഞ്ഞുണങ്ങി. ഇവയൊക്കെ അതിജീവിച്ച ചെടികളിൽ വിളവെടുപ്പുകാലമായപ്പോൾ മോഷണവും. ഇതാണ് ഇടുക്കിയിലെ ഏലക്കർഷകരുടെ അവസ്ഥ. പ്രളയവും വേനലും മൂലം ഉൽപാദനം കുറഞ്ഞപ്പോൾ ഉൽപന്നത്തിന് വില ഉയർന്നു. ഇതോടെയാണ് മോഷണം വ്യാപകമായത്.

കഴിഞ്ഞ വർഷം ഏലക്കായ്ക്ക് 5000 രൂപയിലേക്ക് വില കയറിയപ്പോഴാണ് തോട്ടങ്ങളിൽ മോഷണം വ്യാപകമായത്. ശരം മുറിച്ചായിരുന്നു മോഷണം. അതുകൊണ്ടുതന്നെ കർഷർക്ക് രാത്രി തോട്ടങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥവന്നു. ശരം മാത്രമല്ല ഏലച്ചെടി ചുവടോടെ കടത്തുന്ന മോഷ്‌ടാക്കളും കഴിഞ്ഞ വർഷം ഇടുക്കിയിലെ വിവിധ തോട്ടങ്ങളിൽ കയറി. ഏലക്കാവില ഉയർന്നുനിന്ന സാഹചര്യത്തിൽ തൈ വിൽപന ലക്ഷ്യമിട്ടായിരിക്കാം ഇത്തരത്തിൽ ഏലച്ചെടി പൂർണമായും കടത്തിയതെന്ന് കർഷകർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com