ADVERTISEMENT

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ഇടുക്കിയിലെ കാഞ്ചിയാർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കർഷകർ ദുരിതത്തിൽ. മുമ്പ് രാത്രിയാണ് കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകലും എത്തുന്നു. പാലാക്കട കണ്ണക്കൽതടത്തിൽ തങ്കച്ചൻ സ്ഥലം പാട്ടത്തിന് എടുത്ത് ചെയ്തിരുന്ന കപ്പക്കൃഷി കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചു. 3 മാസം വളർച്ച എത്തിയ കൃഷിയാണ് നശിച്ചത്.

കാഞ്ചിയാർ പള്ളിക്കവല, വെങ്ങാലൂർക്കട, പാലാക്കട, ലബ്ബക്കട, കൽത്തൊട്ടി, മേപ്പാറ, സ്വരാജ്, മറ്റപ്പള്ളി, കക്കാട്ടുകട, തൊപ്പിപ്പാള, ഒറ്റമരം തുടങ്ങിയ മേഖലകളിലെല്ലാം കാട്ടുപന്നികൾ വൻ കൃഷിനാശമാണ് നടത്തുന്നത്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, വാഴ, ഏലം തുടങ്ങിയ കൃഷികളാണ് വൻതോതിൽ നശിപ്പിക്കുന്നത്. വനമേഖലയിൽ നിന്നാണ് കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നതെന്ന് കർഷകർ പറയുന്നു.

കൂട്ടമായി കാടിറങ്ങി എത്തുന്ന കാട്ടുപന്നികൾ കാടുപിടിച്ചു കിടക്കുന്ന വിവിധ മേഖലകളിൽ തമ്പടിക്കുന്ന സ്ഥിതിയുമുണ്ട്. പാലാക്കട മേഖലയിൽ സ്വകാര്യ വ്യക്തിയുടെ 20 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടപ്പുണ്ട്. കൂടാതെ സ്വകാര്യ കമ്പനിയുടെ 1 ഏക്കർ സ്ഥലവും കാടുകയറി മൂടിയ നിലയിലാണ്. ഇത്തരം സ്ഥലങ്ങളിലാണ് കാട്ടുപന്നികൾ തമ്പടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

ഇവിടെ മാലിന്യം തള്ളുന്നതും പന്നികൾ തമ്പടിക്കാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടും നിയന്ത്രിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com