ADVERTISEMENT

അത് വലിയൊരു ആഘാതമായിരുന്നു ഈ കുടുംബത്തിന് – ഉപ്പയുടെ പെട്ടെന്നുള്ള മരണം. തുടർജീവിതമെന്ന വലിയ പ്രതിസന്ധിയെ നേരിടാൻ ബാപ്പ ബാക്കിവച്ചു പോയ തൊഴിൽ മാത്രമേ ഈ വിദ്യാർഥികൾക്ക്  പിടിവള്ളിയായി ഉണ്ടായിരുന്നുള്ളൂ.  കാലിവളർത്തലാണ് ഇവർക്ക് ജീവിത പാഠം. ഈ പശുക്കളും എരുമയും ഇല്ലെങ്കിൽ ഈ മക്കൾക്കും ഉമ്മയ്ക്കും പഠനവുമില്ല, ജീവിതവുമില്ല. കന്നുകാലി വളർത്തലും പാൽവിൽപനയുമായി അന്തസ്സോടെ ജീവിതം തിരിച്ചു പിടിക്കുകയാണ് തൃശൂർ പാടൂരിലെ ഈ കുടുംബം. 

7  പശുക്കളും ഒരു എരുമയുമാണ് ഇവർക്കിപ്പോൾ ജീവിതമാർഗം. കറവയൊഴിച്ച് കന്നുകാലികളെ പരിപാലിക്കുന്നതും പാൽ വിൽപന നടത്തുന്നതുമെല്ലാം കുടുംബാംഗങ്ങൾ തന്നെ. പാടൂർ തൊയക്കാവ് റോഡിൽ ഏറച്ചം വീട്ടിൽ നിസാമുദീനിന്റെ മക്കളായ അസ്​ലുദീനും ഹാഷിമും അൻസിയയും ഇങ്ങനെ സ്വയം ഉപജീവനമാർഗം കണ്ടെത്തിയിട്ട് 2 വർഷമായി. അകാലത്തിൽ നിസാമുദീൻ മരിക്കുമ്പോൾ 28 പശുക്കളുണ്ടായിരുന്നു.

ഏക വരുമാനമാർഗവും അതു തന്നെയായിരുന്നു. പഠനവും പശുവളർത്തലും ഒന്നിച്ചുകൊണ്ടുപോകാൻ കന്നുകാലികളുടെ എണ്ണം കുറയ്ക്കേണ്ടി വന്നു മക്കൾക്ക്. ചാവക്കാട്ടെ  സ്വകാര്യ കോളജിലെ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ് അസ്​ലുദീൻ. ഹാഷിം പാടൂർ അലീമുൽ ഇസ്​ലാം ഹയർ സെക്കൻഡറിയിലെ പത്താം ക്ലാസ് വിദ്യാർഥി. പാടൂർ വാണിവിലാസം സ്കൂളിലെ ഏഴാം ക്ലാസുകാരിയാണ് അൻസിയ. മക്കളുടെയും ഉമ്മ ഷംസിയയുടെയും ദിവസം ആരംഭിക്കുന്നത് പുലർച്ചെ മൂന്നോടെയാണ്. 

അര മണിക്കൂറിനകം കറവക്കാരൻ എത്തുമ്പോഴേക്കും ഇവരെല്ലാവരും  ചേർന്ന് തൊഴുത്ത് വൃത്തിയാക്കിയിരിക്കും, പാൽക്കുപ്പികൾ കഴുകിവയ്ക്കും. അടുത്ത ജോലി അസ്​ലുവിനും ഹാഷിമിനുമുള്ളതാണ്. ബൈക്കിലും സൈക്കിളിലുമായി പാൽവിൽപന. 4 കിലോമീറ്റർ ചുറ്റളവിലെ നൂറോളം വീടുകളിൽ പാലെത്തിച്ച് തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞുപെങ്ങൾ കാലികൾക്ക് കൊടുക്കാൻ തീറ്റയിട്ട വെള്ളം ഒരുക്കിയിരിക്കും.

എല്ലാവരും ചേർന്ന് പശുക്കളെ കുളിപ്പിച്ച് തൊഴുത്ത് വൃത്തിയാക്കുമ്പോഴേക്കും സ്കൂളിൽ പോകാൻ സമയമാകും. സ്കൂൾ വിട്ടുവന്നാലും ഏറെനേരം കാലികൾക്കായി ചെലവിടേണ്ടി വരും. രാത്രി പത്തര വരെ പഠനം.  പഠനത്തിൽ മോശക്കാരല്ല ആരും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ അറബനമുട്ട് സംഘത്തിലെ പാട്ടുകാരനായിരുന്നു ഹാഷിം. കാലിത്തൊഴുത്തെന്നും ചാണകമെന്നും കേൾക്കുമ്പോൾ അറച്ചുനിൽക്കുന്നവർക്കു മുന്നിൽ ജീവിതം തിരിച്ചുപിടിക്കുന്ന കഠിനാധ്വാനത്തിന്റെ പാഠമൊരുക്കുകയാണ് ഈ മക്കളും ഉമ്മയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com