sections
MORE

കേന്ദ്ര ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ 16 ഇന കർമ്മപരിപാടി

farmers
SHARE

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു ആവർത്തിച്ചു ധനമന്ത്രി നിർമ്മല സീതാരാമൻ കൃഷി അനുബന്ധ മേഖലകളുടെ വികസനത്തിനായി 16 ഇന കർമ്മ പരിപാടി പ്രഖ്യാപിച്ചു. കൃഷി അനുബന്ധ മേഖലകൾ ,ജലസേചനം, ഗ്രാമ വികസനം എന്നിവക്കായി 2.83 ലക്ഷം കോടി രൂപയാണ് 2020-21 ലെ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്.ഇതിൽ 1.60 ലക്ഷം കോടി രൂപ കൃഷി അനുബന്ധ മേഖലകൾക്കും ജലസേചനത്തിനുമായി ചിലവഴിക്കും.1.23 ലക്ഷം കോടി രൂപ ഗ്രാമവികസനത്തിനും പഞ്ചായത്തി രാജിനുമാണ്. കൃഷി കൂടുതൽ മത്സരക്ഷമമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. സുസ്ഥിര കൃഷിരീതികളും പുതിയ സാങ്കേതിക വിദ്യകളും സംയോജിപ്പിക്കും.സാമ്പത്തിക സഹായം, സംഭരണം, സംസ്ക്കരണം, വിപണനം എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.

കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ്  ഈ 16 ഇന പരിപാടി നടപ്പാക്കുന്നത്. കാർഷിക വിപണി കുടുതൽ ഉദാരവൽക്കരിക്കുന്നതിന്റെ ഭാഗമായി 20l6 ലെ സ്ഥലം പാട്ടത്തിനെടുക്കൽ മാതൃകാ നിയമം, 2017 ലെ മാതൃകാ എപിഎൽഎംസി നിയമം, 2018ലെ മാതൃകാ കരാർ കൃഷി നിയമം എന്നിവ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും.. ജല പ്രതിസന്ധി നേരിടുന്ന 100 ജില്ലകൾക്കു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കും

പ്രതിവർഷം 311 ദശലക്ഷം ടൺ ഉല്പാദനം നടക്കുന്ന ഹോർട്ടികൾച്ചർ മേഖലയിലാണ് ഇപ്പോൾ ഭക്ഷ്യധാന്യമേഖലയിലേതിനേക്കാൾ ഉല്പാദനം. പഴം പച്ചക്കറി, സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയ ഹോർട്ടികൾച്ചർ വിളകളുടെ വിപണനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ താല്പര്യമുള്ള സംസ്ഥാനങ്ങൾക്കു വേണ്ടി "ഒരു ജില്ല ഒരു ഉല്പന്നം " എന്ന പദ്ധതി നടപ്പാക്കും.

രാസവളങ്ങളുടെ അമിതമായ ഉപഭോഗത്തിന് മുൻതൂക്കം നൽകുന്ന ഇപ്പോഴത്തെ രാസവള നയത്തിൽ മാറ്റം വരുത്തും. പരമ്പരാഗത ജൈവവളങ്ങളും പുതുമയുള്ള രാസവളങ്ങളും ഉൾപ്പെടെയുള്ള എല്ലാത്തരം വളങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കും.എന്നാൽ രാസവളങ്ങൾക്കു നൽകുന്ന സബ്സിഡി ജൈവവളങ്ങൾക്കും നൽകുമോയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

വെയർഹൗസ് ഡെവലപ്മെൻറ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങളനുസരിച്ച് താലൂക്ക് അല്ലെങ്കിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ പുതിയ വെയർഹൗസുകൾ സ്ഥാപിക്കും. സ്ഥലം കൊടുക്കുന്ന സംസ്ഥാനങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വെയർഹൗസുകൾ സ്ഥാപിക്കുന്നതിന് വയബിളിറ്റി ഗ്യാപ് ഫണ്ടിംഗ് മുഖേന സാമ്പത്തിക സഹായം നൽകും.എഫ് സി ഐ, സി ഡബ്ല്യു സി എന്നീ സ്ഥാപനങ്ങളുടെ സ്ഥലങ്ങളിലും പുതിയ വെയർഹൗസുകൾ നിർമിക്കും. സ്വയം സഹായ സംഘങ്ങളുടെ സഹായത്തോടെ ഗ്രാമീണ സംഭരണ പദ്ധതി നടപ്പാക്കം. ഇതിലൂടെ സംഭരണത്തിനുള്ള ചിലവു കുറയ്ക്കുന്നതിനു പുറമെ ഗ്രാമീണ വനിതകൾക്ക് സ്വയം സഹായ സംഘങ്ങളിലൂടെ പണ്ട് ഉണ്ടായിരുന്ന ധാന്യലക്ഷ്മി എന്ന പദവി വീണ്ടെടുക്കുകയുമാവാം.

പാൽ, മാംസം, മത്സ്യം തുടങ്ങിയവയ്ക്കു വേണ്ടി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കിസാൻ റെയിൽ പദ്ധതി ആരംഭിക്കും. പെട്ടെന്ന് നശിക്കുന്ന കാർഷികോല്പന്നങ്ങളുടെ ചരക്കുനീക്കത്തിനു വേണ്ടി എക്സ്പ്രസ്സ്, ചരക്ക് വണ്ടികളിൽ റെഫ്രിജെറേറ്റഡ് കോച്ചുകൾ ഏർപ്പെടുത്തും. വിമാനങ്ങളിൽ കൃഷി ഉഡാൻ പദ്ധതി തുടങ്ങും. ആദിവാസി ജില്ലകൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേകമായി  ഇതിന്റെ പ്രയോജനം ലഭിക്കും.

മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ ബഹുനില കൃഷി, തേനീച്ച വളർത്തൽ .സോളാർ പമ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത കൃഷി വ്യാപിപ്പിക്കും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സീറോ ബജറ്റ് പ്രകൃതി കൃഷിയും ഇതിൽ ഉൾപ്പെടുത്തും. ജൈവ കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിനു സ്ഥാപിച്ച ഓൺലൈൻ പോർട്ടൽ ജീവൻ ഖേത്തി കുടുതൽ ശക്തിപ്പെടുത്തും

അന്നദാതാക്കളായ കർഷകരെ ഊർജ്ജ ദാതാക്കളായി മാറ്റുമെന്ന് കഴിഞ്ഞ ജൂലൈയിലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു. കർഷകർക്ക് അവരുടെ തരിശുനിലങ്ങളിൽ സോളാർ പ്ലാൻറുകൾ സ്ഥാപിച്ച് വൈദ്യുതി ഗ്രിഡിന് വിൽക്കാനുള്ള പദ്ധതി നടപ്പാക്കും.പി എം കുസും പദ്ധതിയുടെ ഭാഗമായി 20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ നൽകും. ഗ്രിഡ് കണക്ഷനുള്ള 15 ലക്ഷം കർഷകരുടെ പമ്പുകൾ സോളാറാക്കുന്നതിനും സഹായിക്കും.

വെയർഹൗസ് രശീതികളുടെ ഉറപ്പിൽ കർഷകർക്കു നൽകുന്ന വായ്പ ദേശീയ കാർഷിക വിപണിയുമായി (ഇ-നാം) ബന്ധിപ്പിക്കും.ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും സഹകരണ ബാങ്കുകളെയും ഉൾപ്പെടുത്തി നബാർഡിന്റെ പുനർവായ പാ പദ്ധതി കൂടുതൽ വിപുലീകരിക്കും. പി എം കിസാൻ പദ്ധതിയിൽ നിന്ന് ധനസഹായം സ്വീകരിക്കുന്ന എല്ലാ കർഷകരെയും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ കൊണ്ടുവരും. അടുത്ത സാമ്പത്തിക വർഷം കാർഷിക വായ്പ നൽകുന്നതിനുള്ള ലക്ഷ്യം നിലവിലുള്ള 13.5 ലക്ഷം കോടി രൂപയിൽ നിന്നും 15 ലക്ഷം കോടി രൂപയായി ഉയർത്തി.

പാൽ സംസ്ക്കരണ ശേഷി നിലവിലെ 53.5 ലക്ഷം ടണ്ണിൽ നിന്നും ഇരട്ടിയാക്കി 2025 ഓടെ 108 ലക്ഷം ടണ്ണാക്കി ഉയർത്തും.കന്നുകാലികളിലെ കുളമ്പു രോഗം, ബ്രൂസല്ലോസിസ്, ആടുകളിലെ പി പി ആർ എന്നീ രോഗങ്ങൾ 2025 ഓടെ നിർമ്മാർജ്ജനം ചെയ്യും. കൃത്രിമ ബീജസങ്കലനം നിലവിലെ 30-ൽ നിന്നും 70 ശതമാനമായി ഉയർത്തും. തീറ്റപ്പുൽ ഫാമുകൾ തുടങ്ങാൻ തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തും.

സമുദ്ര മത്സ്യ വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്ലൂ ഇക്കണോമി പ്രോത്സാഹിപ്പിക്കും മത്സ്യസംസ്ക്കരണം, വിപണനം എന്നിവയിലൂടെ തീരദേശങ്ങളിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും..2022-23 ഓടെ മത്സ്യോല്പാദനം 300 ലക്ഷം ടണ്ണായി ഉയർത്തും.ആൾഗെ, സീ വീഡ് വളർത്തൽ,കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങിയവയും പ്രോത്സാഹിപ്പിക്കും. 3477 സാഗർ മിത്രകളിലൂടെ ഫിഷറീസ് വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കും. 500 മത്സ്യകർഷക ഉല്പാദന കമ്പനികൾ സ്ഥാപിക്കും. മത്സ്യ കയറ്റുമതി 2024-25 ഓടെ ഒരു ലക്ഷം കോടി രൂപയായി ഉയർത്തും. ദാരിദ്യ നിർമാർജ്ജനത്തിനായുള്ള ദീൻ ദയാൽ അന്ത്യോദയ യോജനയുടെ ഭാഗമായി 58 ലക്ഷം സ്വയം സഹായ സംഘങ്ങൾ സ്ഥാപിച്ചു.ഇത് കൂടുതൽ വ്യാപിപ്പിക്കും.

ഈ 16 ഇന പദ്ധതികൾക്കു പുറമെ ജൽ ജീവൻ മിഷനു വേണ്ടി 2020-21 ലെ ബജറ്റിൽ 11500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രാദേശിക ജലസ്രോതസ്സുകളുടെ സംരക്ഷണം, പുനരുജ്ജീവനം, മഴവെള്ളക്കൊയ്ത്ത് തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടപ്പാക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി അടുത്ത 5 വർഷം കൊണ്ട് 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ജലസേചന പദ്ധതികൾ, വെയർഹൗസ് നിർമ്മാണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്കു വേണ്ടിയും ഈ നിക്ഷേപം വിനിയോഗിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA